തൃശ്ശൂർ: കമ്മ്യൂണിസം കൊണ്ട് തുലഞ്ഞു പോയ ജില്ലയാണ് ആലപ്പുഴയെന്നും ഇല്ലായ്മയിൽ കിടക്കുന്ന ഈ ജില്ലയെ ഉയർത്തിക്കൊണ്ടുവരാനാണ് ശ്രമിച്ചതെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയില്‍ എയിംസ് അനുവദിക്കണമെന്ന നിലപാട് ആവര്‍ത്തിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ പ്രതികരണം. തൃശ്ശൂരിൽ ലോക്സഭാ ജനപ്രതിനിധിയായി നടത്തുന്ന എസ്.ജി കോഫി ടൈംസിന്റെ തൃശ്ശൂർ നഗരത്തിലെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.
ആലപ്പുഴയിൽ ഒരു ആശുപത്രിയിലും ജനങ്ങൾക്ക് സൗകര്യമില്ല. ആലപ്പുഴയ്ക്ക് എയിംസ് ലഭിക്കാൻ തൃശ്ശൂരുകാർ വടക്കുന്നാഥനും ലൂർദ് മാതാവിനും മുന്നിൽ പ്രാർത്ഥിക്കണം. 2016-ൽ പറഞ്ഞ കാര്യമാണ് എയിംസ് ആലപ്പുഴക്ക് വേണമെന്ന്. ഇപ്പോഴും അതിൽ ഉറച്ചു നിൽക്കുന്നു. തൃശ്ശൂരിൽ എയിംസ് വരുമെന്ന് പറഞ്ഞിട്ടില്ല. രാഷ്ട്രീയവും പ്രാദേശികതയുമല്ല ഇതിൽ കാണുന്നത്. നിലപാടുകളിൽ ഒറ്റത്തന്തയ്ക്ക് പിറന്നവൻ ആണെന്ന പ്രസ്താവന സുരേഷ് ഗോപി തൃശ്ശൂരിലെ കോഫി ടൈംസിലും ആവർത്തിച്ചു.
വാക്കും നിലപാടുകളും മാറ്റാറില്ല. തൃശ്ശൂരിൽ എംപിയാകുന്നതിന് മുന്നേ പറഞ്ഞതാണ് ആലപ്പുഴയിൽ എയിംസ് വേണമെന്ന്. കൊച്ചി മെട്രേോ അങ്കമാലി കഴിഞ്ഞ് ഉപപാതയായി പാലിയേക്കര വഴി കോയമ്പത്തൂർക്ക് പോകണം. മറ്റൊരു ഉപപാതയായി നാട്ടിക,തൃപ്രയാർ,ഗുരുവായൂർ വഴി താനൂരിലും എത്തണം. യൂണിഫോം സിവിൽകോഡ് നടപ്പാക്കണം. എങ്കിൽ മാത്രമേ എല്ലാവർക്കും തുല്യ നിയമം ഉറപ്പാക്കാൻ സാധിക്കൂ. ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഈ പ്രതികരണം. കോഫി ടൈംസിൻ്റെ 56 എഡിഷനുകൾ പൂർത്തിയാക്കി. മേൽത്തട്ട് വിഭാഗത്തിൻ്റെ പ്രശ്നങ്ങളാണ് ഇതിൽ ചർച്ച ചെയ്യുന്നത്. കലുങ്ക് സംവാദത്തില് ചർച്ച ചെയ്തത് അടിത്തട്ട് വിഭാഗത്തിൻ്റെ പ്രശ്നങ്ങളായിരുന്നു-സുരേഷ് ഗോപി പറഞ്ഞു.


