KeralaNews

വിഷുക്കൈനീട്ട വിവാദം: വിമർശകർ ദ്രോഹികൾ,കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ലെന്നും സുരേഷ് ഗോപി

തിരുവനന്തപുരം: വിഷുക്കൈനീട്ട (vishu)വിവാദത്തിൽ വിമർശകർക്കെതിരെ കടുത്ത വിമർശനവുമായി സുരേഷ് ​ഗോപി(suresh gopi). തന്നെ വിമർശിക്കുന്നവർ ദ്രോഹികളാണ്. വിമർശകരെ ആര് നോക്കുന്നു. അവരോട് പോകാൻ പറ. സുരേഷ് ​ഗോപി പറഞ്ഞു.

കൈനീട്ടം കൊടുക്കുമ്പോൾ ആരോടും തന്റെ കാലിൽ തൊട്ട് വന്ദിക്കാൻ ആവശ്യപ്പെട്ടിട്ടില്ല. നിർബന്ധപൂർവ്വം ചെയ്യാനും പറഞ്ഞിട്ടില്ല. അങ്ങനെ ഉണ്ടെങ്കിൽ തെളിയിക്കാൻ വിമർശകർക്ക് വെല്ലുവിളിയും ഉണ്ട്. സുരേഷ് ​ഗോപിയിൽ നിന്ന് വിഷുക്കൈ നീട്ടം വാങ്ങിയവർ കാൽ തൊട്ട് വന്ദിക്കുന്നത് കഴിഞ്ഞ ദിവസം വലിയ വിവാദമായിരുന്നു. ഭക്തർക്ക് കൊടുക്കാനായി സുരേഷ് ​ഗോപി വടക്കുംനാഥ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തിക്ക് പണം നൽകിയതും വിവാദമായിരുന്നു

തൃശ്ശൂരിൽ കർഷകരെ ഇളക്കി വിട്ടതിനു പിന്നിൽ രാഷ്ട്രീയക്കാർ ആണെന്ന് സുരേഷ് ​ഗോപി പറഞ്ഞു. കാർഷിക നിയമം ശക്തമായി തിരിച്ചു വരും കർഷകർ തന്നെ അത് ആവശ്യപ്പെടുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സുരേഷ് ​ഗോപിയുടെ കൈനീട്ട വിവാദത്തിൽ എംപിക്ക് പിന്തുണയുമായി ബിജെപി രം​ഗത്തെത്തിയിരുന്നു.തൃശൂർ വടക്കുംനാഥ ക്ഷേത്ര മേൽശാന്തി സുരേഷ് ​ഗോപി നൽകിയ പണം ഉപയോ​ഗിച്ച് കൈനീട്ടം നൽകുന്ന നടപടിക്കെതിരെയാണ് ദേവസ്വം ബോർഡ് രംഗത്തെത്തിയിരുന്നു. പൊതുജനങ്ങളിൽ നിന്നുള്ള പണം കൊണ്ട് മേൽശാന്തിമാർ കൈനീട്ടം നൽകരുതെന്നും കൊച്ചിൻ ദേവസ്വം ബോർഡ് പറഞ്ഞതിൽ പ്രതിഷേധിച്ചാണ് ബിജെപിയുടെ കൈനീട്ട സമരം.

ഒരു രൂപയുടെ ആയിരം നോട്ടുകളുമായാണ് ബിജെപി വ്യാഴാഴ്ച വടക്കുംനാഥ ക്ഷേത്രത്തിലെത്തിയത്. തൊഴാനെത്തിയ എല്ലാ ഭക്തർക്കും വിഷുക്കൈനീട്ടം നൽകി. ഇത് വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള പ്രശ്നമാണെന്നും ബിജെപി ആരോപിച്ചു. ഹൈന്ദവ വിശ്വാസമനുസരിച്ച് ഭക്തർക്ക് ക്ഷേത്രത്തിൽ വരാനും പൂജാരിമാർക്ക് ദക്ഷിണ നൽകാനും അവകാശമുണ്ട്. ദക്ഷിണയായി കിട്ടുന്ന പണം ഉപോ​ഗിച്ചാണ് ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് കൈനീട്ടം നൽകുന്നത്. ഇത് എത്രയോ കാലമായി തുടരുന്ന ആചാരമാണെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേഷ് ​ഗോപി ദക്ഷിണ നൽകിയതെന്നും ബിജെപി പ്രവർത്തകർ പറഞ്ഞു.

എന്നാൽ സുരേഷ് ​ഗോപി നൽകിയ പണം ഉപയോ​ഗിച്ച് കൈനീട്ടം നൽകരുതെന്ന ഫത്വയാണ് കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പുറത്തിറക്കിയത്. സിപിഎമ്മിന്റെ തീരുമാനമാണ് ദേവസ്വം ബോർഡ് നടപ്പാക്കുന്നത്. എംഎം വർ​ഗീസ് അല്ല ക്ഷേത്രത്തിൽ എന്തുചെയ്യണമെന്ന് തീരുമാനിക്കുന്നത്. സിപിഎം ജില്ലാ സെക്രട്ടറിയുടെ ആഹ്വാന പ്രകാരം ദേവസ്വം പ്രസിഡന്റ് വിഷുക്കൈനീട്ടം തടഞ്ഞ സാഹചര്യത്തിൽ അതിൽ പ്രതിഷേധിച്ചാണ് ബിജെപി സമരം നടത്തുന്നതെന്നും അറിയിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button