ജീവനക്കാരുടെ പരിചയക്കുറവ് അപകടത്തിലേക്ക് നയിക്കുന്നു, കെ- സ്വിഫ്റ്റ് അപകടങ്ങളിൽ അന്വേഷണം വേണമെന്ന് സി.ഐ.ടി.യു
തിരുവനന്തപുരം: വലിയ പ്രതീക്ഷയോടെയാണ് ദീര്‍ഘദൂര ബസുകള്‍ക്കായുള്ള കെഎസ്ആര്‍ടിസിയുടെ (KSRTC) പുതിയ സംരഭമായ കെ- സ്വിഫ്റ്റ് (K Swift) സർവ്വീസ് ആരംഭിച്ചത്. എന്നാൽ അപകടങ്ങൾ ആവർത്തിച്ചതോടെ കെഎസ്ആർടിസി സിഫ്റ്റ് തുടക്കത്തിൽ തന്നെ കല്ലുകടിച്ചു. ജീവനക്കാരുടെ പരിചയക്കുറവാണെന്ന് ബസുകൾ നിരന്തരം അപകടത്തിൽപ്പെടുന്നതിന് കാരണമെന്നാണ് ഇടത് അനുകൂല എംപ്ലോയീസ് യൂണിയൻ അഭിപ്രായപ്പെടുന്നത്. ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിച്ചതാണ് സിഫ്റ്റ് സർവ്വീസ് നടത്തുന്നത്. പരിചയമില്ലാത്ത കരാർ ജീവനക്കാർക്ക് പകരം കെഎസ്ആർടിസി ജീവനക്കാരെ എന്തുകൊണ്ട് ഡപ്യൂട്ടേഷനിൽ നിയമിച്ചില്ലെന്ന ചോദ്യമാണ് എംപ്ലോയീസ് യൂണിയൻ ആവർത്തിച്ചുയർത്തുന്നത്.
സിഫ്റ്റിലെ പ്രതിസന്ധിക്ക് മാനേജ്മെന്റും ഉത്തരവാദിയാണെന്നും അപകടങ്ങളിൽ അന്വേഷണം വേണമെന്നും സിഐടിയു ആഭിമുഖ്യത്തിലുള്ള എംപ്ളോയീസ് യൂണിയൻ ആവർത്തിക്കുന്നു. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളം വൈകുന്നതിൽ എംഡിയെ മാറ്റിയത് കൊണ്ട് മാറ്റമുണ്ടാകണമെന്നില്ല. മാനേജ്മെന്റിന്റെ നയമാണ് മാറേണ്ടതെന്നും സർക്കാർ പ്രഖ്യാപിച്ച റീ സ്ട്രക്ചർ നടപ്പാക്കുന്നതിൽ മാനേജ്മെന്റിന് വീഴ്ചയുണ്ടായെന്നും യൂണിയൻ വിശദീകരിച്ചു.