KeralaNews

ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്ക് സുരേഷ് ഗോപി ഡല്‍ഹിയിലേക്ക്

തിരുവനന്തപുരം: ബി.ജെ.പി നേതൃത്വവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സുരേഷ് ഗോപി എം.പി നാളെ ഡല്‍ഹിക്ക് തിരിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും അമിത് ഷായുമായും സുരേഷ് ഗോപി കൂടിക്കാഴ്ച നടത്തും.ബി.ജെ.പിയുടെ സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് സുരേഷ് ഗോപിയുടെ പേര് നേതൃത്വം നിര്‍ദേശിച്ച സാഹചര്യത്തിലാണ് കൂടിക്കാഴ്ച.

സുരേഷ് ഗോപിയുടെ ജനകീയ മുഖം കേരളത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുമെന്നാണ് നേതൃത്വം കണക്കാക്കുന്നത്. പാര്‍ട്ടിയിലേക്ക് കൂടുതല്‍ പേരെ അടുപ്പിക്കാനും സുരേഷ് ഗോപിയെ സംസ്ഥാന നേതൃത്വത്തിലെത്തുക്കുന്നത് സഹായിക്കുമെന്നും കേന്ദ്രം കരുതുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിയും കുഴല്‍പ്പണ കേസിലെ ആരോപണങ്ങളും പ്രതിസന്ധി രൂക്ഷമാക്കിയതോടെ ബി.ജെ.പി കേരള ഘടകത്തില്‍ കേന്ദ്രം അഴിച്ചുപണിക്ക് ഒരുങ്ങുന്നത്.

സംസ്ഥാന അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും കെ. സുരേന്ദ്രനെ മാറ്റി ജനകീയ മുഖത്തെ കൊണ്ടുവരാനാണ് പാര്‍ട്ടി നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയാണ് നേതൃത്വം ആദ്യ പരിഗണന സുരേഷ് ഗോപിക്ക് നല്‍കിയത്. എന്നാല്‍, തനിക്ക് തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്നാണ് സുരേഷ് ഗോപിയുടെ പ്രതികരണം. ബി.ജെ.പി തനിക്ക് ചില ഉത്തരവാദിത്വങ്ങള്‍ നല്‍കിയിട്ടുണ്ട്. അത് ഭംഗിയായി നിറവേറ്റനാണ് താന്‍ ശ്രമിക്കുന്നതെന്നും സുരേഷ് ഗോപി അറിയിച്ചു.

ചര്‍ച്ചകള്‍ പുരോഗമിക്കവെ ഈ വര്‍ഷം അവസാനത്തോടെ സംസ്ഥാന അദ്ധ്യക്ഷന്റെ കാര്യത്തില്‍ തീരുമാനം എടുക്കുമെന്നാണ് സൂചന. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് പാര്‍ട്ടിയെ സജീവമായി നിര്‍ത്തുകയെന്ന വലിയ ഉത്തരവാദിത്വമാണ് അടുത്ത പ്രസിഡന്റിന് മുന്നിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button