ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയില്‍ മൃതദേഹം; യുവതി ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍

കൊച്ചി: യുവതിയെ ഭര്‍തൃഗൃഹത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ജനല്‍ കമ്പിയില്‍ നിന്നുള്ള ഷാള്‍ കഴുത്തില്‍ കെട്ടി നിലത്തിരിക്കുന്ന നിലയിലായിരുന്നു മൃതദേഹം. ചെറായി സ്വദേശി ശരത്തിന്റെ ഭാര്യ ഗോപികയാണു (24) മരിച്ചത്. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. ഉച്ചഭക്ഷണം കഴിക്കാനെത്തിയ ഭര്‍തൃസഹോദരനാണ് മൃതദേഹം കണ്ടത്.

കൈതാരം കൊല്ലംമുറി വിജയന്റെ മകളാണ് ഗോപിക. ഒരു വര്‍ഷം മുന്‍പായിരുന്നു ഗോപികയുടെയും ശരത്തിന്റെയും വിവാഹം. ഗോപികയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയം പ്രകടിപ്പിച്ചതിനാല്‍ ഫോര്‍ട്ട് കൊച്ചി ആര്‍ഡിഒ വീട്ടിലെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനായി മൃതദേഹം കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തില്‍ കണ്ണൂരില്‍ സംരംഭം തുടങ്ങാന്‍ വായ്പ ലഭിക്കില്ലെന്നറിഞ്ഞ് യുവാവ് ജീവനൊടുക്കി. കേളകം സ്വദേശി അഭിനന്ദ് നാഥ് (24) ആണ് സംരംഭത്തിനായി വീടിനോട് ചേര്‍ന്ന് നിര്‍മിച്ച ഷെഡില്‍ തൂങ്ങിമരിച്ചത്. സംരംഭം തുടങ്ങാനുള്ള വായ്പ ലഭിക്കാന്‍ സാധ്യതയില്ലാതായതോടെയാണ് ആത്മഹത്യ.

ഇന്നലെ രാവിലെ അഞ്ച് മണിയോടെയാണ് അഭിനന്ദിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കമ്പിവേലി നിര്‍മാണ യൂണിറ്റ് തുടങ്ങാനായിരുന്നു പദ്ധതി. കേളകത്തെ ദേശസാത്കൃത ബാങ്കിനെ വായ്പയ്ക്കായി സമീപിച്ചപ്പോള്‍ നല്‍കാമെന്നറിയിച്ചിരുന്നതിനാല്‍ അഭിനന്ദ് പ്രതീക്ഷയിലായിരുന്നു.

എന്നാല്‍ പ്രതീക്ഷകള്‍ നശിച്ചതായി വീട്ടുകാരോടും സുഹൃത്തുക്കളോടും അഭിനന്ദ് കഴിഞ്ഞ ദിവസങ്ങളില്‍ സൂചിപ്പിച്ചിരുന്നു.പൂതവേലില്‍ ജഗന്നാഥന്റെയും നളിനിയുടെയും മകനാണ്. ഭാര്യ: വൃന്ദ. ഫെബ്രുവരിയിലായിരുന്നു അഭിനന്ദിന്റെ വിവാഹം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News