KeralaNews

വിവാദത്തിൽ കക്ഷിചേരാനില്ല’; രാമകൃഷ്ണനെ ക്ഷേത്രോത്സവത്തിൽ മോഹിനിയാട്ടത്തിന് ക്ഷണിച്ച് സുരേഷ് ഗോപി

തൃശൂർ: കലാമണ്ഡലം സത്യഭാമ നടത്തിയ ജാതി അധിക്ഷേപത്തിനുപിന്നാലെ മോഹിനിയാട്ടം നർത്തകൻ ആർഎൽ‌വി രാമകൃഷ്ണനെ കുടുംബക്ഷേത്രത്തിലെ ഉത്സവത്തിനു ക്ഷണിച്ച് സുരേഷ് ​ഗോപി. കൊല്ലം ഭരണിക്കാവ് കുടുംബക്ഷേത്രത്തിൽ 28-ന് നടക്കുന്ന ക്ഷേത്രോത്സവത്തിൽ തന്റെ ദേവിയ്ക്കുമുന്നിൽ ഒറ്റയ്ക്കെത്തി മോഹിനിയാട്ടം അവതരിപ്പിക്കാമോ എന്നായിരുന്നു സുരേഷ്​ഗോപിയുടെ ചോദ്യം. രാമകൃഷ്ണൻ ഇതിനു സമ്മതം അറിയിച്ചു. രാമകൃഷ്ണനെ ഫോണിൽവിളിച്ചായിരുന്നു സുരേഷ്​ഗോപിയുടെ ക്ഷണം.

‘എന്റെ നവോത്ഥാന പ്രവർത്തനം ഇങ്ങനെയാണ്. അല്ലാതെ സാമൂഹിക വിമർശനത്തിനുവേണ്ടി ജീവിക്കുന്ന ആളുകളുടെകൂടെ അണിനിരക്കാൻ പറ്റില്ല. അവരൊക്കെ എപ്പൊ തിരിഞ്ഞുകുത്തുമെന്ന് പറയാൻപറ്റില്ല’, സുരേഷ് ​ഗോപി രാമകൃഷ്ണനോട് പറഞ്ഞു. പ്രതിഫലം നൽകിയാണ് രാമകൃഷ്ണന് വേദി നൽകുകയെന്നും എന്നാൽ വിവാദത്തിൽ കക്ഷി ചേരാനില്ലെന്നും സുരേഷ് ​ഗോപി അറിയിച്ചു.

നർത്തകനും നടനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെ സൂചിപ്പിച്ചുകൊണ്ടായിരുന്നു കലാമണ്ഡലം സത്യഭാമ അധിക്ഷേപ പരാമർശം നടത്തിയത്. നർത്തകന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിൽ സത്യഭാമ പറഞ്ഞത്. ആർഎൽവി രാമകൃഷ്ണന്റെ പേര് പരാമർശിച്ചില്ലെങ്കിലും ഇയാൾ ചാലക്കുടിക്കാരൻ നർത്തകനാണെന്നും സം​ഗീത നാടക അക്കാദമിയുമായി ഇയാൾക്ക് പ്രശ്നമുണ്ടായിരുന്നുവെന്നും പറഞ്ഞിരുന്നു.

ഇതിന് പ്രതികരണവുമായി ആർ.എൽ.വി രാമകൃഷ്ണൻ രം​ഗത്തുവന്നതോടെയാണ് വിഷയം വലിയ ചർച്ചയായത്. അന്തരിച്ച നടൻ കലാഭവൻ മണിയുടെ സഹോദരൻ കൂടിയാണ് ആർ.എൽ.വി രാമകൃഷ്ണൻ. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളതെന്നും ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരികതന്നെ ചെയ്യുമെന്നും ആർ.എൽ.വി രാമകൃഷ്ണൻ കുറിച്ചിരുന്നു.

രാമകൃഷ്ണനുനേരെ നടത്തിയ അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമ ഉറച്ചുനിൽക്കുകയാണ്. ഞാൻ എന്റെ സ്വന്തം അഭിപ്രായമാണ് പറഞ്ഞത്. മോഹിനിയാട്ടം പുരുഷൻമാർ അവതരിപ്പിക്കുന്നുണ്ടെങ്കിൽ അവർക്ക് സൗന്ദര്യം വേണം. സൗന്ദര്യമില്ലാത്ത, കറുത്തവർ നൃത്തം പഠിക്കുന്നുണ്ടെങ്കിൽ ക്ഷേത്രത്തിലോ മറ്റോ അവതരിപ്പിക്കണം. കറുത്തവർ മത്സരത്തിന് വരരുത്. മത്സരങ്ങളിൽ സൗന്ദര്യത്തിന് പ്രത്യേക കോളമുണ്ട്. മേക്കപ്പ് ഇട്ടാണ് ഇപ്പോൾ പലരും മത്സരങ്ങൾക്ക് വരുന്നതെന്നും സത്യഭാമ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button