തൃശ്ശൂര്‍: ഭവനനിര്‍മാണത്തിന് സഹായം തേടിയെത്തിയ കൊച്ചുവേലായുധന്റെ നിവേദനം നിരസിച്ചത് കൈപ്പിഴയെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അതുയര്‍ത്തിക്കാട്ടി ചെറുക്കാനാണ് ചിലര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കലുങ്ക് സംവാദം തടയാനാകില്ലെന്നും പതിന്നാല് ജില്ലകളിലും പോകുമെന്നും മന്ത്രി പറഞ്ഞു ബുധനാഴ്ച രാവിലെ കൊടുങ്ങല്ലൂരില്‍ നടന്ന കലുങ്ക് സംവാദമെന്ന സൗഹൃദസദസ്സിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം.
കൊച്ചുവേലായുധന്റെ നിവേദനം കൈപ്പറ്റാന്‍ സുരേഷ് ഗോപി വിസമ്മതിച്ചത് വിവാദമായിരുന്നു. തന്റെ അധികാരപരിധിയില്‍ പെടുന്ന വിഷയമല്ലെന്ന് മന്ത്രി പിന്നീട് വിശദീകരണം നല്‍കുകയും ചെയ്തിരുന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി നിവേദനം വാങ്ങാത്ത സംഭവം വലിയ വേദന ഉണ്ടാക്കിയെന്ന് പുള്ള് സ്വദേശി കൊച്ചു വേലായുധൻ പറഞ്ഞിരുന്നു.. വീടുവയ്ക്കാൻ സഹായത്തിനാണ് കേന്ദ്ര മന്ത്രിയെ കാണാൻ പോയത്.വായിക്കാതെ, വാങ്ങാതെ മടക്കി വിടുമെന്ന് താൻ കരുതിയില്ല. മന്ത്രിയുടെ പെരുമാറ്റത്തെക്കുറിച്ച് അവിടെത്തന്നെ മൈക്കിൽ പ്രസംഗിക്കണം എന്ന് കരുതിയതാണ്. അത് ചെയ്തില്ലെന്നും കൊച്ചു വേലായുധൻ പറഞ്ഞു.
വേറൊരാളും അപേക്ഷ കൊടുക്കാനുണ്ടായിരുന്നു. ഞാനൊന്നും മിണ്ടാൻ പോയില്ല. എന്നെ മടക്കി അയച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന ആളും അപേക്ഷ കൊടുത്തില്ല. എനിക്ക് മൈക്ക് വാങ്ങി പറയണമെന്നുണ്ടായിരുന്നു.പറയാനൊക്കെ എനിക്കുമറിയാം. വീട് വേണം, കിടക്കാൻ സ്ഥലമില്ല.ഓപ്പറേഷൻ കഴിഞ്ഞിട്ട് രണ്ടുകൊല്ലമായി. അത് മാത്രമായിരുന്നു നിവേദനത്തിലുണ്ടായിരുന്നത്’. കൊച്ച് വേലായുധന്‍ പറഞ്ഞു.വേലായുധന വീട് നിർമ്മിച്ചു നൽകുമെന്ന് സിപിഎം അറിയിച്ചിരുന്നു.


