ബലാത്സംഗ കേസ്: ഫാ. എഡ്വിൻ ഫിഗറസിന്റെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു, ജാമ്യത്തിൽ വിട്ടു

ന്യൂഡൽഹി: ഇടവകാംഗമായ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പള്ളി വികാരിയുടെ ശിക്ഷ സുപ്രീം കോടതി മരവിപ്പിച്ചു. ഹൈക്കോടതി വിധിച്ച 20 വർഷം കഠിനതടവിൽ പകുതിയോളം പ്രതിയായ ഫാ. എഡ്വിൻ ഫിഗറസ് അനുഭവിച്ച സാഹചര്യത്തിലാണ് ശിക്ഷ മരവിപ്പിച്ചത്. ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവർ അടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്. ശിക്ഷയ്ക്കെതിരായ അപ്പീലിൽ അന്തിമ തീർപ്പ് ആകുന്നതുവരെ വൈദികനെ കോടതി ജാമ്യത്തിൽ വിട്ടു.

തൃശ്ശൂ‍ർ ജില്ലയിലെ പള്ളിയിൽ സേവനമനുഷ്ഠിച്ചിരുന്ന സമയത്ത് ഫാ. എഡ്വിൻ ഫിഗറസ് എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടിയെ തുടർച്ചയായി പീഡിപ്പിച്ചു എന്നാണ് കേസ്. 2014–2015 കാലയളവിൽ നടന്ന ഈ സംഭവത്തിൽ എറണാകുളം പോക്സോ കോടതി ഫാ. എഡ്വിൻ ഫിഗറസിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. എന്നാൽ കേരള ഹൈക്കോടതി ഈ ശിക്ഷ 20 വർഷം കഠിന തടവായി കുറച്ചിരുന്നു.

ഇതിനോടകം എഡ്വിൻ ഫിഗറസ് പത്ത് വർഷത്തോളം ജയിലിൽ കഴിഞ്ഞതായി ഹർജിക്കാരന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ആർ. ബസന്തും അഭിഭാഷക സ്വീന മാധവൻ നായരും കോടതിയിൽ ചൂണ്ടിക്കാട്ടി. തുടർന്ന് ശിക്ഷ സസ്പെൻഡ് ചെയ്യണമെന്ന ഇവരുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ശിക്ഷയിൽ ഇളവ് അനുവദിക്കുന്നതിനെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ പി.വി. സുരേന്ദ്ര നാഥും സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദും ശക്തമായി എതിർത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News