ശോഭ ജയിച്ചിരുന്നെങ്കിൽ 'വയ്ക്കടോ സ്വർണം' എന്ന് നിയമസഭയിൽ പറയാൻ ഒരാളുണ്ടാകുമായിരുന്നു- സുരേഷ് ഗോപി

'വൈകാതെ അതൊരു മന്ത്രി ഓഫീസായി മാറണേ'; സദാനന്ദന്റെ രാജ്യസഭാംഗത്വം ജയരാജന്മാരില്‍ അങ്കലാപ്പുണ്ടാക്കിയെന്ന് സുരേഷ് ഗോപി

കോഴിക്കോട്: പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ ശോഭാ സുരേന്ദ്രനെ സ്ഥാനാർഥിയാക്കിയിരുന്നെങ്കിൽ ബി.ജെ.പി. ജയിക്കുമായിരുന്നെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. എൻ.ഡി.എ. സ്ഥാനാർഥികളായ വി.കെ. സജീവൻ, നവ്യാ ഹരിദാസ്, അഡ്വ. കെ.പി. പ്രകാശ്ബാബു എന്നിവരുടെ തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ശോഭ അന്ന് ജയിച്ചിരുന്നെങ്കിൽ ശബരിമല സ്വർണക്കൊള്ള നടത്തിയവരോട് നിയമസഭയിൽ, വെക്കടോ സ്വർണം എന്നുപറയാൻ ഒരു പ്രതിപക്ഷം അവിടെയുണ്ടാവുമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കിൽ ഇത്തവണ ബി.ജെ.പി.ക്ക് സംസ്ഥാനഭരണം പിടിക്കാമായിരുന്നു’ -സുരേഷ് ഗോപി അഭിപ്രായപ്പെട്ടു. ഈ തിരഞ്ഞെടുപ്പിൽ ഇടതിനെയും വലതിനെയും ചവിട്ടിപ്പുറത്താക്കണം. ബി.ജെ.പി.ക്കെതിരായ ഡീൽ ആരോപണത്തെയും സുരേഷ് ഗോപി പരിഹസിച്ചു. ‘ഡീൽ’ അല്ല ‘പീൽ’ എന്നാണ് അദ്ദേഹം പറഞ്ഞത്.

വിവാദമായ ‘മറ്റേ മോൻ’ പരാമർശത്തിൽ വിശദീകരണം നൽകുകയും താൻ അങ്ങനെയല്ല ഉദ്ദേശിച്ചതെന്നുപറയുകയും ചെയ്തതിന്റെ തൊട്ടുപിന്നാലെ വീണ്ടും ‘മറ്റേ’ പ്രയോഗം നടത്തി സുരേഷ് ഗോപി. ബേപ്പൂരിൽ എൻ.ഡി.എ. സ്ഥാനാർഥി കെ.പി. പ്രകാശ്ബാബുവിന്റെ തിരഞ്ഞെടുപ്പ് പ്രചാരണപരിപാടിയിൽ സംസാരിക്കുന്നതിനിടെയാണ് സംഭവം.

എയിംസ് വിഷയത്തിൽ സംസാരിക്കുന്നതിനിടയിൽ നടത്തിയ ‘മറ്റേ മോൻ’ പരാമർശമാണ് രണ്ടുമാസം മുൻപ്‌ വിവാദമായത്.

‘മറ്റർഥത്തിൽ അല്ല ആ പദം ഉപയോഗിച്ചത്. എയിംസ് വരുമെന്നാണ് പറഞ്ഞത്’ -സുരേഷ് ഗോപി കൂട്ടിച്ചേർത്തു.

കഴിഞ്ഞദിവസം രാജീവ് ചന്ദ്രശേഖറിന് ഷാളിട്ടകാര്യം വിവാദമാക്കിയത് ‘മറ്റേ ഗുണം’ ഉള്ളവരാണെന്നും സുരേഷ് ഗോപി പറഞ്ഞു.

‘രാജീവ്‌ ചന്ദ്രശേഖർ സംസാരിക്കുകയായിരുന്നതുകൊണ്ടാണ് ഷാൾ സ്വയം ഇട്ടത്. പ്രചരിപ്പിക്കുന്നവർ മറ്റേ ഗുണത്തിൽപ്പെട്ടവരാണ്. താൻ ‘പ്രജ’ എന്നുപറഞ്ഞാൽ തിരിച്ച് ‘രാജാവ്’ എന്നുപറയുന്നു. പ്രജ എന്നതിൽത്തന്നെ രാജയുണ്ട്. ചൊറിയുന്നവർക്കുവേണ്ടിയാണ് അതേപദം വീണ്ടും വീണ്ടും പറയുന്നത്‌’ -സുരേഷ് ഗോപി വിശദീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News