കൊച്ചി:കഴിഞ്ഞ കുറച്ച് ദിവസങ്ങളായി തരംഗമായി മാറിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമാണ് ക്ലബ്ബ് ഹൗസ്. നിരവധി പേരാണ് ഇതിനോടകം ഇതില്‍ അംഗമായത്. എന്നാല്‍ ഇതിനിടയില്‍ സിനിമാ താരങ്ങളുടെ പേരില്‍ ക്ലബ്ബ് ഹൗസില്‍ വ്യാജന്മാരും എത്തിയ വിവരം താരങ്ങള്‍ തന്നെ തുറന്ന് കാട്ടിയിരുന്നു. തങ്ങളുെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടെന്നും ക്ലബ് ഹൗസില്‍ അക്കൗണ്ട് എടുക്കുമ്പോള്‍ എല്ലാവരെയും അറിയിക്കുമെന്നുമാണ് താരങ്ങള്‍ അറിയിച്ചത്. ഇപ്പോഴിതാ തനിക്കെതിരെയും ഇത്തരം അക്കൗണ്ടുകള്‍ ക്ലബ്ബ്ഹൗസില്‍ ഇടം പിടിച്ചിട്ടുണ്ടെന്ന് അറിയിക്കുകയാണ് നടന് സുരേഷ് ഗോപി.
ഒരു വ്യക്തിയുടെ പേരില്‍ ആള്‍മാറാട്ടവും ശബ്ദാനുകരണവും നടത്തുന്നത് അങ്ങേയറ്റം അലോസരപ്പെടുത്തുന്നുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. താന്‍ ക്ലബ്ബ് ഹൗസില്‍ ഒരു അക്കൗണ്ടും ആരംഭിച്ചിട്ടില്ലെന്നും താരം വ്യക്തമാക്കി. തന്റെ പേരിലുള്ള അക്കൗണ്ടുകളുടെ സ്ക്രീന്‍ ഷോട്ടുകളും സുരേഷ് ഗോപി പങ്കുവച്ചിട്ടുണ്ട്. നേരത്തെ ദുല്‍ഖര്‍, പൃഥ്വിരാജ്, ടൊവിനോ, നിവിന്‍ പോളി, ആസിഫ് അലി എന്നിവരും ക്ലബ്ബ് ഹൗസിലെ വ്യാജ അക്കൗണ്ടുകള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
ഹലോ സുഹൃത്തുക്കളേ, ഞാന്‍ ക്ലബ്ബ് ഹൗസില്‍ ഇല്ലെന്നും എന്റെ പേരിലുള്ള ഈ അക്കൗണ്ടുകള്‍ വ്യാജമാണെന്നും ദയവായി ശ്രദ്ധിക്കുക. മറ്റേതെങ്കിലും പുതിയ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ചേരുകയാണെങ്കില്‍ എല്ലാവരേയും അറിയിക്കുന്നതായിരിക്കും’, എന്നാണ് നിവിന്‍ കുറിച്ചത്. വീഡിയോയോ ടെക്സ്റ്റിംഗോ കൂടാതെ ശബ്ദം വഴി മാത്രം സംവേദനം നടത്താനുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോം ആണ് ക്ലബ്ബ് ഹൗസ്. കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ഐഒഎസില്‍ ലഭ്യമായിരുന്ന ആപ്പ് ആന്‍ഡ്രോയ്ഡില്‍ ലഭ്യമായിത്തുടങ്ങിയതിനു ശേഷമാണ് വന്‍ പ്രചാരം നേടിയത്.