ജോസ് കെ. മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനാകും,എന്‍.ജയരാജ് ചീഫ് വിപ്പ്
കോട്ടയം:കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ. മാണി കാബിനറ്റ് റാങ്കോടെ ഭരണ പരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായേക്കും. ഈ പദവി ലഭിച്ചില്ലെങ്കില്‍ കാര്‍ഷിക കമ്മിഷന്‍ രൂപീകരിച്ച് ചെയര്‍മാന്‍ സ്ഥാനം നല്‍കാനും ആലോചനയുണ്ട്. കാബിനറ്റ് റാങ്കുള്ള പദവി നല്‍കിയാല്‍ ജോസ് കെ. മാണി രാജിവച്ച രാജ്യസഭാ സീറ്റ് സിപിഎം ഏറ്റെടുത്തേക്കും. കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച് സിപിഎം നേതാക്കളുമായി ജോസ് ചര്‍ച്ച നടത്തി. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലായില്‍ പരാജയപ്പെട്ട ജോസിന് കാബിനറ്റ് റാങ്കുള്ള പദവി നല്‍കാമെന്നു സിപിഎം ഉറപ്പു നല്‍കിയിരുന്നു.
മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനായിരുന്നു ഇതിനു മുന്‍പ് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷന്‍. വിഎസിനു വേണ്ടിയാണ് ഈ പദവി കാബിനറ്റ് റാങ്കിലേക്ക് ഉയര്‍ത്തിയത്. കാബിനറ്റ് റാങ്കുള്ള രണ്ടാമത്തെ പദവി മുന്നാക്ക സമുദായ ക്ഷേമ കോര്‍പറേഷനാണ്.
ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷസ്ഥാനം ഫലത്തില്‍ മന്ത്രിസ്ഥാനത്തിനു തുല്യമാണ്. മുഖ്യമന്ത്രിക്കു നേരിട്ടു റിപ്പോര്‍ട്ട് ചെയ്താല്‍ മതി. ഒരു വകുപ്പിന്റെയും കീഴിലല്ല. 31 ജീവനക്കാരും തിരുവനന്തപുരത്ത് ഓഫിസും വസതിയുമുണ്ട്. സംസ്ഥാന രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടാം.
സിപിഎം കേന്ദ്ര കമ്മിറ്റി അംഗം വൈക്കം വിശ്വന് ഈ സ്ഥാനം നല്‍കാനായിരുന്നു സിപിഎം തീരുമാനം. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കു നല്‍കാവുന്ന പദവി കയ്യൊഴിയാന്‍ സിപിഎമ്മിനു മടിയുണ്ട്. പുതിയ കാര്‍ഷിക കമ്മിഷന്‍ രൂപീകരിക്കുന്നതു വിവാദത്തിന് ഇടയാക്കുമോയെന്നു സിപിഎമ്മിന് ആശങ്കയുമുണ്ട്. കാര്‍ഷിക കടാശ്വാസ കമ്മിഷനുണ്ടെങ്കിലും അധ്യക്ഷന് കാബിനറ്റ് റാങ്കില്ല. മാത്രമല്ല സിപിഐയുടെ പക്കലുള്ള കൃഷിവകുപ്പിനു കീഴിലുമാണ്.
ഗവണ്‍മെന്റ് ചീഫ് വിപ്പായി കേരള കോണ്‍ഗ്രസി(എം)ലെ ഡോ.എന്‍.ജയരാജിനെ കാബിനറ്റ് റാങ്കോടെ നിയമിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചിരുന്നു. ഇതു സംബന്ധിച്ച സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങുന്നതോടെ നിയമനം നിലവില്‍ വരും. കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള നിയമസഭാംഗമാണ്.