നടന്‍ സുരാജ് വെഞ്ഞാറുമൂടും ഡി.കെ മുരളി എം.എല്‍.എയും ക്വാറന്റൈനില്‍; ഇരുവര്‍ക്കും വിനയായത് പോലീസ് സ്‌റ്റേ ഷനിലെ പൊതുപരിപാടിയില്‍ പങ്കെടുത്തത്

തിരുവനന്തപുരം: കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി എം.എല്‍.എ ഡി.കെ. മുരളിയും നടന്‍ സുരാജ് വെഞ്ഞാറമൂടും ക്വാറന്റൈനില്‍. വെഞ്ഞാറമൂട് സി.ഐ കസ്റ്റഡിയിലെടുത്ത അബ്കാരി കേസിലെ റിമാന്‍ഡ് പ്രതിക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സി.ഐക്കൊപ്പം എം.എല്‍.എയും സുരാജും വേദി പങ്കിടുകയും ചെയ്തിരുന്നു. ഇതേതുടര്‍ന്നാണ് ഇരുവര്‍ക്കും ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കിയത്.

റിമാന്‍ഡ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഇയാളുമായി അടുത്തിടപഴകിയ വെഞ്ഞാറമൂട് സ്റ്റേഷനിലെ സി.ഐ ഉള്‍പ്പെടെയുള്ള പോലീസുകാരെയും ജയില്‍ ജീവനക്കാരെയും കഴിഞ്ഞദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. അഞ്ചുമണിക്കൂറോളം ഇയാള്‍ സ്‌റ്റേഷനില്‍ ചെലവഴിച്ചതായാണ് വിവരം.

റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് രോഗബാധയുണ്ടായതെങ്ങനെ എന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News