കൊച്ചി:നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളായി മാറിയ താരമാണ് സുരഭി ലക്ഷ്മി. മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും പ്രേകകരുടെ ഇഷ്ടനടിമാരുടെ പട്ടികയിലേയ്ക്ക് ചേക്കേറാന്‍ സുരഭിയ്ക്ക് അധികം കാലതാമസമൊന്നും വേണ്ടി വന്നില്ല. സുരഭിയുടെ എം8 മൂസ എന്ന ടെലിവിഷന്‍ പരമ്പരയിലെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഇപ്പോള്‍ താരത്തിന്റെ കൈ നിറയെ സിനിമകളാണ്. നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്യാന്‍ ഇതിനോടകം സുരഭി ലക്ഷ്മിക്കായി. ബൈ ദ് പീപ്പിള്‍ എന്ന ചിത്രത്തിലൂടെയാണ് സുരഭി മലയാള സിനിമയിലേക്കെത്തുന്നത്. ഇതിനോടകം മുപ്പതിലധികം ചിത്രങ്ങളില്‍ അഭിനയിച്ചു. മിന്നാമിനുങ്ങിലെ അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയിരുന്നു. 2016 ലെ മലയാളം ഫിലിം ക്രിട്ടിക്സ് അവാഡും നേടി. മിന്നാമിനുങ്ങിലൂടെ തന്നെയാണ് സുരഭിയെത്തേടി ദേശീയ പുരസ്‌ക്കാരവും എത്തിയത്.
ഇപ്പോള്‍ സ്ഥിരമായി എല്ലാ താരങ്ങളും നേരിടേണ്ടി വന്ന ഒരു ചോദ്യം സുരഭി ലക്ഷ്മിക്കും നേരിടേണ്ടി വന്നിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍ ആണോ? മോഹന്‍ലാല്‍ ഫാന്‍ ആണോ? എന്നാണ് ഒരു സ്വകാര്യ എഫ് എം ചാനലിന്റെ പരിപാടിക്കിടെ സുരഭി ലക്ഷ്മിയോട് അവതാരകന്‍ ചോദിച്ചത്. എന്നാല്‍ ഈ ചോദ്യത്തിന് വളരെ വ്യത്യസ്തമായ ഒരു മറുപടിയാണ് സുരഭി നല്‍കിയത്. ഒപ്പം തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മോഹന്‍ലാല്‍ ചിത്രത്തെ കുറിച്ചും മമ്മൂട്ടി ചിത്രത്തെ കുറിച്ചും സുരഭി പറഞ്ഞു.
സുരഭി ലക്ഷ്മിയുടെ വാക്കുകള്‍; ‘എനിക്ക് മമ്മുക്ക കരയുന്നത് കാണാനും ലാലേട്ടന്‍ ചിരിക്കുന്നത് കാണാനുമാണ് ഇഷ്ടം. ഞാന്‍ സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് അവിടെ ‘സൂര്യമാനസം’ എന്ന സിനിമ പ്രദര്‍ശിച്ചപ്പോള്‍ മമ്മുക്കയുടെ പ്രകടനം കണ്ടു പൊട്ടിക്കരഞ്ഞു പോയി. ഇമോഷന്‍സ് കൊണ്ടു ആ മനുഷ്യന്‍ അത്രയ്ക്കാണ് ഉള്ളിലേക്ക് ഇറങ്ങുന്നത്.
വാത്സല്യമൊക്കെ മമ്മുക്കയ്ക്ക് മാത്രം ചെയ്യാന്‍ പറ്റുന്ന സിനിമയാണ്. അതൊക്കെ എന്റെ പ്രിയപ്പെട്ട മമ്മൂട്ടി സിനിമകളില്‍ ഒന്നാണ്. അത് പോലെ ലാലേട്ടന്‍ ചിരിപ്പിക്കുന്നത് കാണാനാണ് എനിക്ക് കൂടുതല്‍ ഇഷ്ടം. ‘കിലുക്കം’ പോലെയുള്ള അദ്ദേഹത്തിന്റെ സിനിമകളാണ് എനിക്ക് ഏറ്റവും പ്രിയപ്പെട്ടത്’ എന്നും സുരഭി പറഞ്ഞു.
കുറച്ച് നാളുകള്‍ക്ക് മുമ്പ് തന്റെ പ്രിയപ്പെട്ട കൂട്ടുകാരന്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീ ആയി മാറിയതിന്റെ സന്തോഷം പങ്കുവച്ച് നടി സുരഭി ലക്ഷ്മി എത്തിയിരുന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സുരഭി ലക്ഷ്മിയുടെ കൂട്ടുകാരന്‍ ആയിരുന്ന ശ്രീയേഷ് ആണ് ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ ശ്രീദേവി ആയി മാറിയത്. എറണാകുളം അമൃത ആശുപത്രിയില്‍ വെച്ച് ആയിരുന്നു ശസ്ത്രക്രിയ. ശ്രീദേവിയുടെ സ്വപ്നത്തിനൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും സുരഭി അറിയിച്ചു.