ന്യൂഡൽഹി:ജല്ലിക്കട്ട് തമിഴ് സംസ്കാരത്തിന്‍റെ അവിഭാജ്യ ഘടകമാണെന്ന് സുപ്രിം കോടതി. സംസ്ഥാനത്തിന്‍റെ സാംസ്കാരിക പൈതൃകത്തിന്‍റെ ഭാഗമാണെന്ന് നിയമസഭ പ്രഖ്യാപിച്ചപ്പോൾ ജുഡീഷ്യറിക്ക് വ്യത്യസ്തമായ കാഴ്ചപ്പാട് സ്വീകരിക്കാനാവില്ല.നിയമ ഭേദഗതിക്ക് രാഷ്ട്രപതി അംഗീകാരം നൽകിയിട്ടുണ്ട്.അതിൽ തെറ്റുണ്ടെന് കണ്ടെത്താനായില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്‍സ് (പെറ്റ) ഉള്‍പ്പെടെയുള്ള സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ നിയമം 2017, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ ചട്ടങ്ങള്‍ 2017 എന്നീ നിയമങ്ങള്‍ക്കെതിരെയായിരുന്നു ഹര്‍ജികള്‍.
സുപ്രീംകോടതി 2014ല്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും, സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും പേരില്‍ ജല്ലിക്കെട്ട് നടത്താന്‍ ഈ രണ്ട് നിയമങ്ങളും അനുമതി നല്‍കിയിരുന്നു. സംഘടനകളുടെയും തമിഴ്നാട് സര്‍ക്കാരിന്റെയും വാദം കേട്ട ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഡിസംബറില്‍ കേസ് വിധി പറയാന്‍ മാറ്റുകയായിരുന്നു.