ന്യൂഡൽഹി: തീരദേശനിയമം ലംഘിച്ച് നിർമ്മിച്ച ആലപ്പുഴയിലെ കാപികോ റിസോർട്ട് മാർച്ച് 28നകം പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി. നടപടി പൂർത്തീകരിച്ചില്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന് സുപ്രീം കോടതി മുന്നറിയിപ്പ് നൽകി. ജസ്റ്റിസുമാരായ സുധാൻഷു ദുലിയ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് മുന്നറിയിപ്പ് നൽകിയത്.
നിയമം ലംഘിച്ച് നിർമ്മിച്ച റിസോർട്ട് പൊളിച്ച് മാറ്റണമെന്ന് 2020 ജനുവരിയിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനായുള്ള നടപടികൾ രണ്ട് വർഷത്തിന് ശേഷമാണ് സംസ്ഥാന സർക്കാർ സ്വീകരിച്ചത്. നടപടികൾ ആരംഭിച്ച വിവരം സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സ്റ്റാന്റിങ് കോൺസൽ സി കെ ശശി സുപ്രീം കോടതിയെ അറിയിച്ചു.
തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതിക്ക് വേണ്ടി താത്ക്കാലികമായി പൊളിക്കൽ നടപടി നിർത്തിവെച്ചിരിക്കുകയാണെന്ന് ചീഫ് സെക്രട്ടറിയുടെ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി.
കോവിഡ് സാഹചര്യത്തിൽ വൈകിയ പൊളിക്കല്‍ പിന്നീട് 2022 സെപ്റ്റംബർ 15ന് ആരംഭിച്ചിരുന്നു. ആലപ്പുഴ പൂച്ചാക്കൽ പാണാവള്ളി നെടിയതുരുത്തിലാണ് കാപികോ റിസോർട്ട്. 5900 ചതുരശ്ര അടി വിസ്തീർണത്തിലുള്ള കെട്ടിട സമുച്ചയമാണ് പൊളിക്കുന്നത്.