ന്യൂഡല്‍ഹി:ജാതി അടിസ്ഥാനമാക്കിയുള്ള അക്രമങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ മിശ്രവിവാഹം കാരണമാകുന്നതായി സുപ്രീം കോടതി. ജാതി പരിഗണിക്കാതെ വിവാഹിതരാവുന്ന യുവതലമുറയെ പിന്തുണച്ചു കൊണ്ടാണ് കോടതിയുടെ പരാമര്‍ശം. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ ജാതി സ്പര്‍ദ്ധ കുറയ്ക്കാനുള്ള മാര്‍ഗമാണ് മിശ്രവിവാഹങ്ങളിലൂടെ കാണിക്കുന്നതെന്ന് സുപ്രീം കോടതി പറഞ്ഞു. വിദ്യാഭ്യാസമുള്ള യുവജനങ്ങള്‍ തങ്ങളുടെ പങ്കാളികളെ സ്വയം തെരഞ്ഞെടുക്കുകയാണ്.
മുമ്പത്തെ സാമൂഹ്യ ചുറ്റുപാടുകളെ അവഗണിച്ചുകൊണ്ടാണ് ഇവയില്‍ പല വിവാഹങ്ങളും. നേരത്തെ വിവാഹങ്ങളില്‍ ജാതി ഒരു സുപ്രധാന മാനദണ്ഡമായിരുന്നു. മിശ്രവിവാഹങ്ങള്‍ ജാതിയുടെ പേരിലുളള അക്രമങ്ങള്‍ കുറച്ചേക്കുമെന്നാണ് ജസ്റ്റിസ് സഞ്ജയ് കൃഷ്ണ കൗള്‍ അധ്യക്ഷനായ ബെഞ്ച് ഒരു കേസിന്റെ വിധിയില്‍ പരാമര്‍ശിച്ചത്.
രക്തം പരസ്പരം കലരുന്നതോടെ സമൂഹത്തില്‍ ഒരു സാഹോദര്യ ബന്ധത്തിന് വഴിതുറന്നേക്കുമെന്നും കോടതി വിലയിരുത്തി. ഈ സാഹോദര്യ ബന്ധം പരസ്പരം തോന്നാത്തതു മൂലമാണ് അന്യഗ്രഹ ജീവികളെപ്പോലെ ചുറ്റുമുള്ളവരെ കാണേണ്ടി വരുന്നതെന്നും കോടതി വിശദീകരിച്ചു.