മന്ത്രിമാര്‍ക്കും ഇ.എസ്.ബിജിമോള്‍ക്കും സീറ്റില്ല,നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐ പുതുനിരയെ കൊണ്ടുവരുമെന്ന് കാനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും മൂന്ന് തവണ മത്സരിച്ചവരെ ഒഴിവാക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഒരു പുതിയ നിരയെ കൊണ്ടുവരാനാണ് പാര്‍ട്ടിയുടെ തീരുമാനം. ഇക്കാര്യത്തില്‍ ആര്‍ക്കും ഇളവുണ്ടാകില്ല. എന്നാല്‍ രണ്ട് തവണ മത്സരിച്ച് വിജയിച്ചവര്‍ക്ക് ഇത് ബാധകമായിരിക്കില്ലെന്നും കാനം വ്യക്തമാക്കി. ആരെയും ഒഴിവാക്കാനല്ല ഈ തീരുമാനമെന്നും കാനം കൂട്ടിച്ചേര്‍ത്തു.
വിജയസാധ്യതയെന്നത് ആപേക്ഷികമാണ്. സംഘടനാ ചുമതലയുള്ളവര്‍ മത്സരിക്കുന്നുണ്ടെങ്കില്‍ പാര്‍ട്ടിസ്ഥാനം രാജിവെക്കണമെന്നാണ് തീരുമാനം. ഇടത് മുന്നണിയില്‍ പുതിയ പാര്‍ട്ടികള്‍ വന്ന സാഹചര്യത്തില്‍ കഴിഞ്ഞ തവണ മത്സരിച്ച അത്രയും സീറ്റുകളില്‍ ഇത്തവണ മത്സരിക്കാന്‍ കഴിയുമോ എന്ന് പറയാനാകില്ലെന്നും കാനം വ്യക്തമാക്കി.
കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗമടക്കം ഇടതു മുന്നണി പ്രവേശനം നേടിയ സാഹചര്യത്തില്‍ ഇത്തവണ സീറ്റുകളുടെ എണ്ണം കുറയാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സീറ്റുകള്‍ കുറയുമെന്ന സൂചന കാനം നല്‍കിയത്. സംസ്ഥാനത്തെ ഉദ്യോഗാര്‍ത്ഥികളുടെ സമരത്തിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്നും കാനം ആരോപിച്ചു. സമരം സര്‍ക്കാരിനെ ബാധിക്കില്ല. കര്‍ഷക സമരവും കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ ബാധിച്ചിട്ടില്ല. സര്‍ക്കാരുകള്‍ പ്രവര്‍ത്തിക്കുമെന്നും കാനം കൂട്ടിച്ചേര്‍ത്തു.