ന്യൂഡൽഹി: പാർലമെന്റ് മാർച്ചിനിടെ നീറ്റ് (NEET) പ്രതിഷേധക്കാർക്ക് നേരെ പോലീസ് നടത്തിയ ലാത്തിച്ചാർജ്ജിനെതിരെയുള്ള ഹർജിയിൽ അടിയന്തര വാദം കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. “ഞങ്ങളുടെ സമയം പാഴാക്കരുത്, നിങ്ങളുടെ സമയവും പാഴാക്കരുത്” എന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹർജി ഉന്നയിച്ച അഭിഭാഷകനോട് കടുത്ത ഭാഷയിൽ പറഞ്ഞു. ചീഫ് ജസ്റ്റിസിന്റെ കടുത്ത നിലപാട് സുപ്രീം കോടതി മുൻപാകെ എത്തിയ സമരക്കാർക്ക് വലിയ തിരിച്ചടിയായി.
നീറ്റ് പരീക്ഷയുടെ സുതാര്യമായ നടത്തിപ്പ്, നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ (NTA) അടിയന്തര പരിഷ്‌കാരങ്ങൾ തുടങ്ങിയ രാജ്യത്തെ ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളാണ് ഹർജിക്കാർ ഉന്നയിക്കുന്നതെന്ന് അഭിഭാഷകൻ കോടതിയിൽ വാദിക്കാൻ ശ്രമിച്ചു. എന്നാൽ അഭിഭാഷകൻ തന്റെ വാദങ്ങൾ പൂർത്തിയാക്കുന്നതിന് മുൻപ് തന്നെ ചീഫ് ജസ്റ്റിസ് ‘വളരെ നന്ദി’ എന്ന് പറഞ്ഞ് സംസാരം തടസ്സപ്പെടുത്തുകയും ഹർജി അടിയന്തരമായി പരിഗണിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയുമായിരുന്നു.
ഡൽഹി പോലീസ് പെൺകുട്ടികളടക്കമുള്ള വിദ്യാർഥികൾക്ക് നേരെ കാണിച്ച ക്രൂരമായ അതിക്രമങ്ങൾ വ്യക്തമാക്കുന്ന ഡിജിറ്റൽ വീഡിയോകൾ തങ്ങളുടെ പക്കലുണ്ടെന്ന് അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. എന്നാൽ, “ഞങ്ങൾക്ക് വീഡിയോകളിൽ യാതൊരു താൽപ്പര്യവുമില്ല; അത് കാണാൻ ഞങ്ങൾക്ക് സമയവുമില്ല” എന്നായിരുന്നു ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ മറുപടി. ഓൺലൈൻ ആക്ടിവിസത്തിന്റെ മറവിൽ വ്യവസ്ഥിതിയെ ആക്രമിക്കുന്ന ഉദ്യോഗാർത്ഥികളെ മുൻപ് ‘പാറ്റകളോട്’ ഉപമിച്ച ചീഫ് ജസ്റ്റിസിന്റെ പരാമർശത്തിൽ നിന്ന് രൂപംകൊണ്ട ‘കോക്രോച്ച് പാർട്ടി’യുടെ നേതൃത്വത്തിലായിരുന്നു തിങ്കളാഴ്ച പാർലമെന്റ് മാർച്ച് നടന്നത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയടക്കം ആവശ്യപ്പെട്ട് തിങ്കളാഴ്ച നടത്തിയ ‘സംസദ് ചലോ’ (പാർലമെന്റ് മാർച്ച്) വൻ സംഘർഷത്തിലാണ് കലാശിച്ചിരുന്നത്. ഈ മാർച്ചിൽ പങ്കെടുത്ത വിദ്യാർഥികളെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ആരോപിച്ചാണ് സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി സമർപ്പിക്കപ്പെട്ടത്. കോടതിയുടെ സമയം ഇത്തരം ഹർജികൾ വഴി കളയാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസ് നയിക്കുന്ന ബെഞ്ച് ഒടുവിൽ എത്തിച്ചേർന്നത്.
സുപ്രീം കോടതി അടിയന്തര വാദം കേൾക്കാൻ വിസമ്മതിച്ചെങ്കിലും, പാർലമെന്റ് മാർച്ചിനിടെ ഉണ്ടായ അക്രമ സംഭവങ്ങളെ കുറിച്ച് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി അടിയന്തിരമായി പരിഗണിക്കാൻ ഡൽഹി ഹൈക്കോടതി തീരുമാനിച്ചു. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് ഈ ഹർജി അടിയന്തിരമായി കേൾക്കാൻ നിശ്ചയിച്ചത്. ഇത് വിദ്യാർത്ഥി സംഘടനകൾക്ക് നിയമപോരാട്ടത്തിൽ നേരിയ ആശ്വാസം നൽകുന്നുണ്ട്.
English Summary
The Supreme Court refused to urgently hear a public interest litigation (PIL) against the Delhi Police’s crackdown on students protesting over NEET irregularities. Chief Justice Suryakant dismissed the advocate’s request, stating, “Don’t waste our time, and don’t waste yours.” When the lawyer offered to present video evidence of police brutality during the ‘Sansad Chalo’ march organized by the ‘Cockroach Party’—a group formed following the CJI’s earlier controversial remark comparing online student activists to roaches—the CJI replied that the court has no interest or time to watch videos. Meanwhile, the Delhi High Court, led by Chief Justice D.K. Upadhyaya, has agreed to urgently hear a petition seeking an independent probe into the violence during the Parliament march.


