നീറ്റ് വിവാദം: പ്രതിഷേധം മകളിലേക്ക്; ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടി വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ മകൾ നൈമിഷ

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും മുൻനിർത്തി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധം പുതിയ തലത്തിലേക്ക്. ഡൽഹിയിൽ വിദ്യാർഥി പ്രക്ഷോഭം തെരുവിൽ ശക്തമാകുന്നതിനിടെ, വിദ്യാഭ്യാസ മന്ത്രിയുടെ മകൾ നൈമിഷ പ്രധാന്റെ ഇൻസ്റ്റഗ്രാം (Instagram) അക്കൗണ്ടിന് നേരെ വൻതോതിൽ സൈബറാക്രമണവും വിമർശനവും ഉയർന്നു. ഇതോടെ സോഷ്യൽ മീഡിയാ അക്കൗണ്ട് താൽക്കാലികമായി ഡിസേബിൾ ചെയ്ത് നൈമിഷ പ്രധാൻ രംഗമൊഴിയുകയായിരുന്നു.

അമേരിക്കയിലെ (US) മസാച്യുസെറ്റ്സിലുള്ള പ്രശസ്തമായ ടഫ്റ്റ്സ് സർവകലാശാലയിലെ ഫ്ലെച്ചർ സ്കൂൾ ഓഫ് ലോ ആൻഡ് ഡിപ്ലോമസിയിൽനിന്നാണ് നൈമിഷ പ്രധാൻ എൽ.എൽ.എം. (LLM) ബിരുദം പൂർത്തിയാക്കിയത്. 2023-ൽ വിദേശത്തെ ഉയർന്ന ബിരുദപഠനം പൂർത്തിയാക്കിയ നൈമിഷ നിലവിൽ യു.എസ്.-ഇന്ത്യ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് ഫോറത്തിൽ (USISPF) സീനിയർ അസോസിയേറ്റ് ആയി ജോലിചെയ്തുവരികയാണ്. ഇന്ത്യയിലെ സാധാരണക്കാരായ വിദ്യാർഥികൾ പരീക്ഷാ തട്ടിപ്പിൽ നടുങ്ങുമ്പോൾ മന്ത്രിയുടെ മകൾ വിദേശത്ത് സുരക്ഷിതമായി പഠിച്ചതാണ് പ്രതിഷേധക്കാരെ ചൊടിപ്പിച്ചത്.

രാജ്യതലസ്ഥാനത്ത് വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ വൻതോതിൽ പ്രതിഷേധം നടക്കുന്നതിനിടെയാണ് നൈമിഷയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പ്രതിഷേധക്കാർ കണ്ടെത്തിയത്. ധർമേന്ദ്ര പ്രധാൻ അടിയന്തരമായി രാജിവെക്കുക എന്നാവശ്യപ്പെട്ടുള്ള കമന്റുകളാണ് ഈ അക്കൗണ്ടിൽ നിറഞ്ഞത്. തൊട്ടുപിന്നാലെ, നൈമിഷ പഠിച്ച വിദേശ സർവകലാശാലയായ ടഫ്റ്റ്സ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾക്ക് താഴെയും ഇന്ത്യൻ പ്രതിഷേധക്കാരുടെ കമന്റുകൾ പ്രവഹിക്കാൻ തുടങ്ങി.

“രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായം പാളിയതാണെന്ന് കൃത്യമായ ബോധ്യമുള്ളതുകൊണ്ടാണ് മന്ത്രി സ്വന്തം മകളെ വിദേശ സർവകലാശാലയിൽ അയച്ച് പഠിപ്പിക്കുന്നത്”, “ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം പൂർണ്ണമായി പരാജയപ്പെട്ടു”, “പ്രിവിലേജും കോടികളുടെ പണവും ഉണ്ടെങ്കിൽ ഭരണാധികാരികളുടെ മക്കൾക്ക് എന്തുമാവാം” തുടങ്ങിയ കടുത്ത വിമർശനങ്ങളാണ് നൈമിഷയുടെ പോസ്റ്റുകൾക്ക് താഴെ ഉയർന്നത്. കൂടാതെ നൈമിഷയെ സർവകലാശാലയിൽനിന്ന് പുറത്താക്കണമെന്ന ആവശ്യവും ചിലർ ഉന്നയിച്ചു.

അതേസമയം, രാഷ്ട്രീയ തർക്കങ്ങളുടെ പേരിൽ ഒരു ജനപ്രതിനിധിയുടെ മകൾക്കെതിരെ നടക്കുന്ന സൈബർ ആക്രണത്തെ ചെറുത്തുകൊണ്ട് മറ്റൊരു വിഭാഗവും രംഗത്തെത്തിയിട്ടുണ്ട്. പരീക്ഷാ ക്രമക്കേടും ചോദ്യപേപ്പർ ചോർച്ചയും പൂർണ്ണമായും വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനുമായി ബന്ധപ്പെട്ട വിഷയമാണെന്നും, നയപരമായ പരാജയങ്ങളിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും മക്കളെയും വലിച്ചിഴച്ച് വ്യക്തിഹത്യ നടത്തുന്നത് ജനാധിപത്യപരമായ പ്രതിഷേധങ്ങൾക്ക് ചേർന്നതല്ലെന്നും ഇവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

English Summary

Amid intensifying protests demanding the resignation of Union Education Minister Dharmendra Pradhan over the NEET exam irregularities and paper leak, his daughter, Naimisha Pradhan, has disabled her Instagram account following severe cyberattacks and trolling. Naimisha, an LLM graduate from the Fletcher School of Law and Diplomacy at Tufts University, US, and currently a senior associate at the USISPF, became the target of protestors who flooded her profile and her university’s pages with comments criticising her privilege of studying abroad while India’s education system faces a crisis. While many comments demanded her ouster and Pradhan’s resignation, another section of netizens defended her, stating that family members should not be dragged into political controversies.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News