News

നബി വിരുദ്ധ പരാമർശം:നുപുർ ശർമയ്ക്ക് ആശ്വാസം,അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: നബി വിരുദ്ധ പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ ബിജെപി മുൻ വക്താവ് നുപുർ ശർമയ്ക്ക് ആശ്വാസം. നുപുറിനെ അടുത്ത മാസം 10 വരെ അറസ്റ്റ് ചെയ്യരുതെന്ന് സുപ്രീംകോടതി നിർദേശിച്ചു. നുപുർ ശർമയ്ക്കെതിരെ കേസെടുത്ത എല്ലാ സംസ്ഥാനങ്ങൾക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ഡൽഹിയിലെ ഒഴികെയുള്ള കേസുകൾ റദ്ദാക്കണമെന്ന നുപുറിന്റെ ആവശ്യത്തിലാണ് നോട്ടീസ് അയച്ചത്. ഇക്കാര്യത്തിൽ നിലപാട് അറിയിക്കാൻ കേസെടുത്ത സംസ്ഥാനങ്ങളോട് ഹൈക്കോടതി നിർദേശിച്ചു. വാദത്തിനിടെ, നുപുർ ശർമയ്ക്ക് വിവിധ ഹൈക്കോടതികളെ സമീപിക്കാനുള്ള സാഹചര്യമില്ലെന്ന് അവരുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു.

നുപുർ ശർമയെ വധിക്കാൻ പാകിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറിയതായി റിപ്പോർട്ടുകളുണ്ടെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, അറസ്റ്റിൽ നിന്ന് നൽകിയ താൽക്കാലിത സംരക്ഷണം, ഭാവിയിൽ രജിസ്റ്റർ ചെയ്യുന്ന കേസുകൾക്കും ബാധകമാണെന്ന് വ്യക്തമാക്കി.

അറസ്റ്റിൽ നിന്ന് സംരക്ഷണം തേടിയും തനിക്കെതിരെ അവധിക്കാല ബെഞ്ച് നടത്തിയ പരാമർശങ്ങൾ നീക്കണമെന്നാവശ്യപ്പെട്ടുമാണ് നുപൂർ ശർമ സുപ്രീംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് പരാമർശം നടത്തിയത് തന്റെ ഭാഗം കേൾക്കാതെയാണെന്നാണ് ഹർജിയിലെ വാദം.

നേരത്തെ ഹർജി പരിഗണിക്കവേ, രാജ്യത്തെ ഇപ്പോഴത്തെ സാഹചര്യത്തിന് കാരണം നുപുർ ശർമയാണെന്ന് കോടതി പരാമർശിച്ചിരുന്നു. രാജ്യത്തോട് നുപുർ മാപ്പ് പറയണമെന്ന നിരീക്ഷണവും കോടതി നടത്തി. എന്നാൽ വാക്കാലുള്ള ഈ നിരീക്ഷണം ഉത്തരവിൽ ഇല്ലായിരുന്നു. പല ഭാഗങ്ങളിലായുള്ള എഫ്ഐആറുകൾ ഒന്നിച്ച് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നുപുർ ശർമ നൽകിയ ഹർജി പരിഗണിക്കവേയാണ് കോടതി രൂക്ഷ വിമർശനം ഉന്നയിച്ചത്. 

വിവാദ പരാമർശങ്ങളുടെ പേരിൽ 9 കേസുകളാണ് നുപൂർ ശർമയ്ക്കെതിരെയുള്ളത്. സുപ്രീംകോടതി അവധിക്കാല ബെഞ്ചിന്റെ പരമാർശങ്ങൾക്ക് പിന്നാലെ നിരവധി ഭീഷണി കോളുകൾ ലഭിക്കുന്നതായും നുപുർ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗം ചെയ്യുമെന്നും കൊല്ലുമെന്നുമാണ് ഭീഷണികളെന്നും നുപുർ കോടതിയെ അറിയിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker