ന്യൂഡല്‍ഹി: ഭരണഘടന ഉറപ്പു നല്‍കുന്ന വിദ്യാഭ്യാസത്തിനുള്ള അവകാശം യാഥാര്‍ഥ്യമാകണമെങ്കില്‍ സമൂഹത്തിന്റെ താഴേക്കിടയിലുള്ള കുട്ടികള്‍ക്ക് കൂടി ഓണ്‍ലൈന്‍ വിദ്യാഭ്യാസം ലഭ്യമാകണമെന്നു സുപ്രീം കോടതി. സാമൂഹികമായും സാന്പത്തികമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഉറപ്പു വരുത്താനുള്ള ഫലപ്രദമായ മാര്‍ഗങ്ങള്‍ അടിയന്തരമായി രൂപീകരിക്കണം എന്നാവശ്യപ്പെട്ട് കോടതി കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു.
സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിനുള്ള സൗകര്യങ്ങള്‍ സ്വകാര്യ സ്‌കൂളുകള്‍ സൗജന്യമായി ഏര്‍പ്പെടുത്തണം എന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരേ ആക്ഷന്‍ കമ്മിറ്റി അണ്‍എയ്ഡഡ് റെക്കഗ്‌നൈസ്ഡ് പ്രൈവറ്റ് സ്‌കൂള്‍സ് നല്‍കിയ ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.
വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ സ്വകാര്യ സ്‌കൂളുകള്‍ക്ക് ചെലവാകുന്ന തുക ഡല്‍ഹി സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരേ ഡല്‍ഹി ഹൈക്കോടതി നല്‍കിയ പരാതിക്കൊപ്പം സംഘടനയുടെ പരാതി കൂടി ചേര്‍ത്തു പരിഗണിച്ച സുപ്രീംകോടതി പ്രശ്‌നപരിഹാരത്തിന് ഡല്‍ഹി സര്‍ക്കാര്‍ ഒരു മാര്‍ഗം രൂപീകരിച്ച് കോടതിക്കു മുന്നില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചു.