ന്യൂഡൽഹി: അരിക്കൊമ്പനെക്കുറിച്ചുളള ഹർജികൾ വർധിക്കുന്നതിൽ അമർഷം പൂണ്ട് സുപ്രീംകോടതി. ആനയെ മയക്കുവെടി വെക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് സമർപ്പിച്ചിട്ടുളള ഹർജികളിൽ സുപ്രീംകോടതി 25000 രൂപ പിഴയിട്ടു. കൊമ്പൻ കാട്ടിൽ എവിടെയുണ്ടെന്ന് നിങ്ങൾ എന്തിന് അറിയണം. അരിക്കൊമ്പനെക്കുറിച്ച് ഒന്നും പറയേണ്ടെന്നും സുപ്രീംകോടതി പറഞ്ഞു.
അരിക്കൊമ്പനുമായി ബന്ധപ്പെട്ടുളള ഹർജികളിൽ പൊറുതിമുട്ടുകയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. എല്ലാ ആഴ്ചയും ഓരോ ഹർജികൾ ഫയൽ ചെയ്യപ്പെടുന്നു. അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഹർജികൾ കൈകാര്യം ചെയ്യാൻ ഹൈക്കോടതികളുണ്ട്. വാക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി എന്ന സംഘടന നൽകിയ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് അതൃപ്തി അറിയിച്ചത്.
ഈ വിഷയം കേരള ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇന്നലെയും അരിക്കൊമ്പനുമായി ബന്ധപ്പെട്ട ഒരു ഹർജി ഞങ്ങളുടെ മുമ്പിൽ വന്നിരുന്നു. എന്തുകൊണ്ട് ഹർജിക്കാർക്ക് ഹൈക്കോടതിയെ സമീപിച്ചുകൂടായെന്നും സുപ്രീംകോടതി ചോദിച്ചു.
കൊമ്പൻ ഇപ്പോൾ എവിടെയുണ്ടെന്ന് അറിയില്ലെന്നും ജീവനോടെ ഉണ്ടോ എന്ന് വ്യക്തമല്ലെന്നും ഹർജി സമർപ്പിച്ച സംഘടനയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതുകൊണ്ട് തമിഴ്നാട് സർക്കാരിനോട് ഇക്കാര്യം വ്യയക്തമാക്കാൻ നിർദേശിക്കണം. ആന എപ്പോഴും സഞ്ചരിച്ച് കൊണ്ടിരിക്കുകയാണ്.
അതിനാൽ ഹർജി മദ്രാസ് ഹൈകോടതിയിലാണോ, കേരള ഹൈകോടതിയിലാണോ ഫയൽ ചെയ്യേണ്ടതെന്ന കാര്യം വ്യക്തമല്ലെന്ന് അഭിഭാഷകൻ വാദിച്ചു.
എന്നാൽ ആന എവിടെയുണ്ടെന്ന് മനസിലാക്കി ഹർജി എവിടെ ഫയൽ ചെയ്യണമെന്ന് പറയേണ്ടത് തങ്ങളല്ലെന്ന് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു. തുടർന്ന് സംഘടന തങ്ങളുടെ ഹർജി പിൻവലിച്ചു. 25000 രൂപ പിഴയിട്ടത് പിൻവലിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടെങ്കിലും ബെഞ്ച് അതിന് തയ്യാറായില്ല.
ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരം സമർപ്പിക്കുന്ന ഹർജികളോട് സുപ്രീംകോടതി സ്വീകരിക്കുന്ന സമീപനത്തെ അഭിഭാഷകൻ ചോദ്യം ചെയ്തതാണ് പിഴ ഈടാക്കാൻ കാരണമായത്.