സിജെപി പ്രതിഷേധം; ഉച്ചയ്ക്ക് മുമ്പ് മെട്രോ തുറക്കണം, ഇല്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്

സിജെപി പ്രതിഷേധം; ഉച്ചയ്ക്ക് മുമ്പ് മെട്രോ തുറക്കണം, ഇല്ലെങ്കിൽ ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: ജന്തർ മന്തറിൽ നടക്കുന്ന വിദ്യാർത്ഥി പ്രതിഷേധത്തെ തുടർന്ന് മെട്രോ സ്‌റ്റേഷനുകൾ അടച്ചതിനെതിരെ രൂക്ഷമായി പ്രതികരിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ഉച്ചഭക്ഷണ സമയത്തിനുള്ളിൽ മെട്രോ സ്റ്റേഷനുകൾ തുറക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. വിഷയം പരിഹരിക്കപ്പെട്ടില്ലെങ്കിൽ വ്യക്തിപരമായി തന്നെ ഇതിൽ ഇടപെടലുണ്ടാകുമെന്ന് അദ്ദേഹം ബാർ അസോസിയേഷന് ഉറപ്പുനൽകി. സുപ്രീം കോടതി മെട്രോ സ്റ്റേഷൻ ഉൾപ്പെടെയുള്ള പ്രധാന സ്റ്റേഷനുകൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിലാണ് ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെടുന്നത്.

മെട്രോ സ്റ്റേഷനുകൾ അടച്ചതോടെ അഭിഭാഷകർക്കും കോടതി ജീവനക്കാർക്കും കൃത്യസമയത്ത് കോടതിയിലെത്താൻ കഴിയുന്നില്ലെന്ന് സുപ്രീം കോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. വാലിഡ് എൻട്രി പാസുകളുള്ളവരെയും കോടതി ജീവനക്കാരെയും ആവശ്യമായ സുരക്ഷാ പരിശോധനകൾക്ക് ശേഷം സുപ്രീം കോടതി മെട്രോ സ്റ്റേഷനിൽ ഇറങ്ങാൻ അനുവദിക്കണമെന്ന് വികാസ് സിംഗ് നിർദ്ദേശിച്ചു. ഇത്തരത്തിൽ പരിശോധനകൾക്കായി മെട്രോ എക്‌സിറ്റ് പോയിന്റുകൾ ഉപയോഗിക്കാമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ഇതിനോട് പ്രതികരിക്കവേയാണ് ചീഫ് ജസ്റ്റിസ് വിഷയത്തിൽ ഇടപെടാമെന്ന് അറിയിച്ചത്.

ഉച്ചഭക്ഷണ സമയത്തിനുള്ളിൽ മെട്രോ സ്റ്റേഷനുകൾ തുറക്കാൻ നടപടിയുണ്ടായില്ലെങ്കിൽ താൻ നേരിട്ട് ഇടപെടുമെന്ന് അദ്ദേഹം വ്യക്തമാക്കി. മെട്രോ അധികൃതരുമായി ഈ വിഷയം ചർച്ച ചെയ്യാൻ സുപ്രീം കോടതി ഭരണവിഭാഗത്തോട് ഇതിനോടകം തന്നെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. മെട്രോ തടസ്സം കാരണം അഭിഭാഷകർക്ക് ഹാജരാകാൻ കഴിയാത്ത സാഹചര്യത്തിൽ ഇന്ന് കേസുകളിൽ കർശനമായ ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സെൻട്രൽ ഡൽഹിയിൽ പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് രാജ്യതലസ്ഥാനത്തെ 16 മെട്രോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയത്. മെട്രോ സ്റ്റേഷനുകൾ അടച്ച നടപടി തുടരുമെന്ന് ഡൽഹി മെട്രോ അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, ചീഫ് ജസ്റ്റിസിന്റെ ഇടപെടലോടെ ഇതിൽ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News