വിസ്മയക്ക് ഒന്നും അറിയില്ല, വൈകാരികമാണ് മായയുടെ പ്രതികരണം, സമരത്തിന് വിദേശ ഫണ്ടിങ്, ചീത്തവിളിച്ചാലും പറയാനുള്ളത് ഞാൻ പറയും: മേജർ രവി

അതൊന്നും അറിയാതെയാണ് മായയുടെ പ്രതികരണം, സമരത്തിന് വിദേശ ഫണ്ടിങ്, ചീത്തവിളിച്ചാലും പറയാനുള്ളത് ഞാൻ പറയും: മേജർ രവി

കൊച്ചിഡൽഹിയിൽ നടക്കുന്ന നീറ്റ് പരീക്ഷാ പ്രക്ഷോഭത്തിന് പിന്നിൽ വിദേശ ഫണ്ടിങും രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള രാഷ്ട്രീയ ഗൂഢാലോചനയുമാണെന്ന് സംവിധായകൻ മേജർ രവി. പരീക്ഷാ ചോർച്ചയെ മുൻനിർത്തി നടക്കുന്ന സമരത്തിൽ യഥാർഥ വിദ്യാർഥികളേക്കാൾ കൂടുതൽ മറ്റു രാഷ്ട്രീയ ലക്ഷ്യങ്ങളോടെ എത്തിയവരാണുള്ളതെന്ന് അദ്ദേഹം ആരോപിച്ചു. വിഷയത്തിൽ വിശദമായ പഠനങ്ങൾ നടത്തി വസ്തുതകൾ ശേഖരിച്ച ശേഷമാണ് താൻ പ്രതികരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.  തുടക്കത്തിൽ വിദ്യാർഥികൾക്ക് നേരെ പൊലീസ് നടത്തുന്ന അതിക്രമങ്ങളുടെ ദൃശ്യങ്ങൾ കണ്ടപ്പോൾ വിഷമം തോന്നിയെങ്കിലും കാര്യങ്ങൾ പഠിച്ചപ്പോഴാണ് സമരത്തിന്റെ യഥാർഥ വശം വ്യക്തമായതെന്ന് മേജർ രവി പറഞ്ഞു.

ജന്തർ മന്തർ പോലുള്ള നിശ്ചിത സ്ഥലങ്ങളിൽ സമാധാനപരമായി പ്രതിഷേധിക്കുന്നതിന് പകരം, അതീവ സുരക്ഷാ മേഖലയായ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തുകയും പൊലീസിന് നേരെ അക്രമവും പെപ്പർ സ്പ്രേ പ്രയോഗവും നടത്തുകയുമാണ് ഒരു കൂട്ടം ആളുകൾ ചെയ്തത്. ഇത്തരത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ സ്വാഭാവികമായും പൊലീസ് തിരിച്ചടിക്കുമെന്നും അതിനെ ‘കുട്ടികളെ അടിക്കുന്നു’ എന്നു ചിത്രീകരിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.  

നീറ്റ് സമരത്തിന്റെ മറവിൽ ‘മോദിയെ പുറത്താക്കുക’, ‘ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക’, ‘ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക’, ‘ഗ്രേറ്റ് നിക്കോബാർ പ്രൊജക്റ്റും ലഡാക്കിലെ വികസനവും നിരോധിക്കുക’ തുടങ്ങിയ മുദ്രാവാക്യങ്ങളാണ് ഉയരുന്നത്. സത്യമറിയാതെ സമരത്തിന് പോയി അക്രമങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളുടെ ഭാവി കേസുകളിൽ പെട്ട് നഷ്ടപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു.  വിദേശ രാജ്യങ്ങളിൽ പ്രതിസന്ധികൾ വരുമ്പോൾ ഭരണ-പ്രതിപക്ഷ ഭേദമന്യേ എല്ലാവരും രാജ്യത്തിനൊപ്പം നിലകൊള്ളുമ്പോൾ, ഇന്ത്യയിൽ പ്രതിപക്ഷം രാജ്യത്തിന്റെ സൈന്യത്തെയും വികസനത്തെയും സംശയത്തിന്റെ നിഴലിൽ നിർത്താനാണ് ശ്രമിക്കുന്നത്. ഇത്തരം അനാവശ്യ പ്രക്ഷോഭങ്ങളെയും ഗൂഢാലോചനകളെയും ജനങ്ങൾ തിരിച്ചറിയണമെന്നും മേജർ രവി കൂട്ടിച്ചേർത്തു. ഫെയ്സ്ബുക്കിൽ ലൈവ് വിഡിയോയിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.

“ഡൽഹിയിൽ നടക്കുന്ന നീറ്റ് പ്രക്ഷോഭത്തെക്കുറിച്ച് പലരും എന്നോട് പ്രതികരണങ്ങൾ ചോദിച്ചിരുന്നു. സത്യം പറഞ്ഞാൽ, തുടക്കത്തിൽ ആ വാർത്തകളും ദൃശ്യങ്ങളും കണ്ടപ്പോൾ ഏതു സാധാരണക്കാരനെയും പോലെ എനിക്കും വലിയ വിഷമം തോന്നിയിരുന്നു. കുട്ടികളെ ക്രൂരമായി അടിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന ദൃശ്യങ്ങൾ കണ്ടപ്പോൾ പാവം കുട്ടികളെ വെറുതെ തല്ലുകയാണോ എന്നാണ് ചിന്തിച്ചത്. എന്നാൽ ആരാണ് ആ കുട്ടികൾ എന്ന് പിന്നീട് തിരഞ്ഞുപിടിച്ച് പഠിച്ചപ്പോഴാണ് കാര്യങ്ങളുടെ യഥാർഥ വശം മനസ്സിലാകുന്നത്. അവിടെ വിദ്യാർഥികൾ കുറവും, മറ്റ് ചില താല്പര്യക്കാരായിരുന്നു കൂടുതലും ഉണ്ടായിരുന്നത്. രണ്ടു മൂന്നു ദിവസം മാറിനിന്ന്, ഇതിനകത്തുള്ള എല്ലാ വസ്തുതകളും കണക്കുകളും കൃത്യമായി ശേഖരിച്ച് പഠനങ്ങൾ നടത്തിയ ശേഷമാണ് ഞാൻ സംസാരിക്കുന്നത്. ഞാൻ പറയുന്നത് കേട്ടതിനു ശേഷം നിങ്ങൾക്ക് എന്നെ തെറി വിളിക്കാൻ തോന്നിയാൽ അത് സ്വാഭാവികമാണ്, പക്ഷേ എനിക്ക് പറയാനുള്ളത് ഞാൻ പറയും.

മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പറഞ്ഞ് തുടക്കത്തിൽ പരിസ്ഥിതി വിഷയങ്ങളിൽ വളരെ ന്യൂട്രലായി ഇടപെട്ടു തുടങ്ങിയ വ്യക്തിയായിരുന്നു സോനം വാങ്ചുക്ക്. എന്നാൽ പിന്നീട് അദ്ദേഹത്തിലേക്ക് വിദേശങ്ങളിൽ നിന്നും വലിയ തോതിൽ ഫണ്ടുകൾ വരാൻ തുടങ്ങുകയും മാറ്റങ്ങൾ സംഭവിക്കുകയും ചെയ്തു. മുൻപ് കോൺഗ്രസ് ഭരിച്ചിരുന്ന സമയത്ത് ഇത്തരം വിദേശ ഫണ്ടുകളുടെ മേൽ വലിയ നിയന്ത്രണങ്ങളോ ചോദ്യം ചെയ്യലുകളോ ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെയാണല്ലോ കള്ളപ്പണമടക്കം രാജ്യത്തേക്ക് ഒഴുകിയെത്തിയത്. ഡൽഹിയിൽ നീറ്റ് ചോദ്യപേപ്പർ ചോർന്നു, അതിനാൽ വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം എന്ന് പറഞ്ഞ് സമരം തുടങ്ങിയതിന്റെ പശ്ചാത്തലം അമേരിക്കയിൽ നിന്നാണ്. അവിടെ ഏതോ ഒരുത്തൻ സോഷ്യൽ മീഡിയയിൽ ഒരു ക്യാംപയിൻ തുടങ്ങുകയും, അത് ഏറ്റെടുത്ത് ഡൽഹിയിലേക്ക് വരികയുമായിരുന്നു. സ്വന്തം കപ്പാസിറ്റി എന്താണെന്ന് പോലുമറിയാത്ത കുറച്ച് യുവാക്കളെ സോഷ്യൽ മീഡിയ വഴി ഇളക്കിവിട്ടാണ് ഈ സമരം ഉണ്ടാക്കിയത്. നാട്ടിൽ വലിയ പണിയൊന്നുമില്ലാത്ത ചില കലാകാരന്മാരൊക്കെ ടിവിയിൽ മുഖം കാണിക്കാനും ഷോ-ഓഫ് ചെയ്യാനും വേണ്ടി ഇതിന്റെ ഭാഗമാകുന്നുണ്ട്.

ഡൽഹിയിൽ ജന്തർ മന്തർ പോലെയുള്ള കൃത്യമായ ചില സ്ഥലങ്ങളിൽ സമാധാനപരമായി പ്രക്ഷോഭമോ പ്രതിഷേധമോ ചെയ്യാം. എന്നാൽ അതിനു പകരം, രാജ്യത്തെ ഏറ്റവും ഉയർന്ന സെക്യൂരിറ്റിയുള്ള പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലേക്ക് മാർച്ച് നടത്തുകയും പൊലീസിനു നേരെ ആക്രമണവും പേപ്പർ സ്പ്രേ പ്രയോഗവും നടത്തുകയും ചെയ്യുമ്പോൾ സ്വാഭാവികമായും അതിനെതിരെ നടപടിയുണ്ടാകും. പൊലീസിനെ ആക്രമിച്ച ശേഷം “കുട്ടികളെ അടിക്കുന്നു” എന്ന് നിലവിളിക്കുന്നതിൽ അർഥമില്ല. ഇതേ പരീക്ഷകൾക്കും തൊഴിലിനും വേണ്ടി കേരളത്തിൽ എത്രയോ പേർ സമരം ചെയ്തിട്ടുണ്ട്? അവർ ആരെങ്കിലും പൊലീസിനെ ആക്രമിക്കുകയോ വണ്ടി തകർക്കുകയോ ചെയ്തിട്ടുണ്ടോ? എന്തുകൊണ്ട് ഇതൊക്കെ ഡൽഹിയിൽ മാത്രം നടക്കുന്നു എന്ന് ചിന്തിക്കണം.

പരീക്ഷാ പേപ്പർ ചോർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയ ഒന്നല്ല. 2004-ൽ AIPMT പേപ്പർ ചോർച്ച, 2011-ൽ AIEEE പേപ്പർ ലീക്, 2012-ൽ എൻജിനീയറിങ് എൻട്രൻസ് തട്ടിപ്പ്, 2013-ൽ CAT സ്കോർ മാനിപ്പുലേഷൻ, SBI എക്സാം, UPSC CPMT തുടങ്ങി മുൻപും നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. പരീക്ഷാ പേപ്പർ ചോർന്നാൽ അതിനു പിന്നിൽ അന്വേഷണവും അറസ്റ്റും നടക്കും; മോദി സർക്കാർ ഇതിനോടകം നിരവധി പേരെ അറസ്റ്റ് ചെയ്തു കഴിഞ്ഞു. എന്നാൽ ഇപ്പോൾ അവിടെ സമരത്തിന് പോയിരിക്കുന്നവരിൽ വലിയൊരു വിഭാഗവും യഥാർത്ഥ വിദ്യാർത്ഥികളല്ല. സി.ബി.എസ്.ഇയുടെയോ നീറ്റിന്റെയോ ഫുൾ ഫോം പോലും അറിയാത്തവരാണ് അവിടെ മുദ്രാവാക്യം വിളിക്കുന്നത്.

ഇതിനു പിന്നിൽ ജോർജ് സോറോസിനെപ്പോലുള്ളവരുടെ വിദേശ ഫണ്ടിങും ഇന്ത്യക്കെതിരെയുള്ള ഗൂഢാലോചനയുമാണ്. നേപ്പാൾ, ശ്രീലങ്ക, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളിൽ അസ്ഥിരതയുണ്ടാക്കിയ അതേ പാറ്റേൺ ഇന്ത്യയിലും നടപ്പാക്കാനാണ് അവർ ശ്രമിക്കുന്നത്. ഇന്ത്യയിൽ നിന്ന് ശതകോടികൾ വിദേശ സർവകലാശാലകളിലേക്ക് പഠനത്തിനായി ഒഴുകുന്നുണ്ട്. ഇന്ത്യയിൽ പുതിയ വിദ്യാഭ്യാസ നയം വരികയും എഡ്യൂക്കേഷൻ സ്റ്റാൻഡേർഡ് ഉയരുകയും ചെയ്താൽ വിദേശ രാജ്യങ്ങൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതാണ്. അത് തടയാനാണ് ഇത്തരം വ്യാജ സമരങ്ങൾ വച്ചുപുലർത്തുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യത്തുണ്ടായ വികസനത്തെയും സ്വയംപര്യാപ്തതയെയും അംഗീകരിക്കാൻ ചിലർ തയാറാകുന്നില്ല.

സമരരംഗത്ത് ഉയരുന്ന മുദ്രാവാക്യങ്ങൾ ശ്രദ്ധിച്ചാൽ ഇതിന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാകും. നീറ്റ് വിഷയത്തേക്കാൾ ഉപരി “മോദിയെ പുറത്താക്കുക”, “ഉമർ ഖാലിദിനെയും ഷെർജീൽ ഇമാമിനെയും മോചിപ്പിക്കുക”, “ആർട്ടിക്കിൾ 370 പുനഃസ്ഥാപിക്കുക”, “ഗ്രേറ്റ് നിക്കോബാർ പ്രൊജക്റ്റും ലഡാക്കിലെ വികസനവും നിരോധിക്കുക” തുടങ്ങിയ മുദ്രാവാക്യങ്ങളാണ് അവിടെ ഉയരുന്നത്. ലഡാക്കിലെ വികസനവും നിക്കോബാർ പ്രൊജക്റ്റും തടയുന്നത് ചൈനയുടെ താല്പര്യമാണ്. വിദേശ ഫണ്ടിങ് നിയമങ്ങളിലെ (FCRA) ഭേദഗതികൾ മാറ്റണമെന്നാണ് ഇവരുടെ ആവശ്യം, കാരണം കള്ളപ്പണം ഒഴുക്കാൻ പഴയ സിസ്റ്റം തിരികെ വേണം. ചുരുക്കത്തിൽ, ഇത് കുട്ടികളുടെ പരീക്ഷാ വിഷയമല്ല, പകരം വിദേശ ഫണ്ടിങിലൂടെ നടത്തുന്ന രാഷ്ട്രീയ സമരമാണ്.

അക്രമങ്ങളിൽ പങ്കെടുക്കുന്ന യുവാക്കളുടെ ഭാവി തന്നെയാണ് പൊലീസിന്റെ ഫോറൻസിക് പരിശോധനകളിലൂടെയും കേസുകളിലൂടെയും നഷ്ടപ്പെടുന്നത്. ഇതിനിടയിൽ ചിലർ എന്നെ വിളിച്ച് ‘നിങ്ങളുടെ ഫ്രണ്ടിന്റെ മകളുടെ കാര്യത്തിൽ എന്താണ് പറയാനുള്ളത്’ എന്ന് ചോദിക്കുന്നുണ്ട്. ഒറ്റവാക്കിൽ പറയാം; മായ എന്ന് പറയുന്ന പെൺകുട്ടിയെ അവൾ ജനിച്ച അന്ന് തൊട്ട് എനിക്ക് അറിയാവുന്നതാണ്. ആ കുട്ടിയുടെ സ്വഭാവം എന്താണെന്ന് എനിക്ക് കൃത്യമായി അറിയാം. അവൾക്ക് ഇത്തരം രാഷ്ട്രീയപരമായ യാതൊരു അറിവുമില്ല. വളരെ ഹ്യൂമെയ്ൻ ആയിട്ടുള്ള മനസ്സുള്ള കുട്ടിയാണവൾ. കുട്ടിക്കാലം തൊട്ടേ ഒരു പട്ടി പോലെയുള്ള ഏതെങ്കിലും മൃഗത്തെയോ തെരുവ് നായയെയോ കണ്ടാൽ അതിനെ രക്ഷിക്കണം എന്ന് പറഞ്ഞ് കരഞ്ഞുകൊണ്ട് പുറകെ നടക്കുന്ന ആളാണ് മായ.

അടുത്തിടെ നടന്ന സംഭവം പറയാം; അവൾ പഠിച്ചതും വളർന്നതുമൊക്കെ വിയറ്റ്നാമിലായിരുന്നു. അവിടെയൊരു തെരുവ് നായ ആക്രമിക്കപ്പെടുന്നത് കണ്ടപ്പോൾ ആ കുട്ടി അതിനെ അഡോപ്റ്റ് ചെയ്തു. തുടർന്ന് ഇന്ത്യൻ ഗവൺമെന്റുമായി സംസാരിച്ച് പ്രത്യേക പെർമിഷൻ എടുത്താണ് ആ ഡോഗിനെ ഇവിടെ നാട്ടിലേക്ക് കൊണ്ടുവന്ന് അവളുടെ വീട്ടിൽ വളർത്തുന്നത്! അത്രയും മൃഗസ്നേഹവും നന്മയുമുള്ള മനസ്സാണ് ആ കുട്ടിയുടേത്.  അങ്ങനെയുള്ള ഒരു കുട്ടി ഡൽഹിയിൽ ഒരു ബ്ലോക്കിനകത്ത് വച്ച് കുട്ടികളെ അടിക്കുന്നത് കണ്ടപ്പോൾ വിഷമം തോന്നി ഒരു പോസ്റ്റിട്ടു.

അതിനെ പിടിച്ചുകൊണ്ട് നിങ്ങൾ അവൾ ഫുൾ ‘കോക്രോച്ച് പാർട്ടി’ക്ക് സപ്പോർട്ട് ആണ്, ‘നിങ്ങളുടെ ആളല്ലേ’ എന്നൊക്കെ പറഞ്ഞ് വലിയ പ്രചരണം നടത്തുകയാണ്. ഞാൻ അറിയുന്ന മായയ്ക്ക് ഇതിനകത്തുള്ള യാതൊരു രാഷ്ട്രീയ കളികളും അറിയില്ല. അവിടെ സമരം ചെയ്യുന്നത് നീറ്റിന് വേണ്ടിയല്ല എന്നോ, അതിനു പിന്നിലെ ഫണ്ടിങ്ങിനെക്കുറിച്ചോ അവൾക്കറിയില്ല. പാവം കുട്ടികളെ അടിക്കുന്നു എന്ന് കണ്ടപ്പോൾ തോന്നിയ ഒരു വികാരം, അത്രയേ ഉള്ളൂ. അതിനെ ഇത്രയും വലിച്ചു നീട്ടേണ്ട ഒരു കാര്യവുമില്ല. കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കിയാൽ അവൾക്ക് അത് പെട്ടെന്ന് മനസ്സിലാകും. 

വേറൊരു രാജ്യത്തും കാണാത്ത വിചിത്രമായ കാര്യങ്ങളാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. ഇപ്പോൾ ഉദാഹരണത്തിന് ഇസ്രായേൽ – അമേരിക്ക യുദ്ധമൊക്കെ നടക്കുന്ന സമയത്ത് അവിടുത്തെ പ്രതിപക്ഷ നേതാവ് പോയി ട്രംപ് എത്രപേരെ കൊന്നു, രാജ്യത്തിന് എത്ര ഡാമേജ് ഉണ്ടായി എന്നൊക്കെ ചോദിച്ച് ഭരണകൂടത്തിനെതിരായി നൽക്കാറുണ്ടോ? ഒരു രാജ്യവും അത് ചെയ്യില്ല. എന്നാൽ ഇന്ത്യയിലോ? പെഹൽഗാം അറ്റാക്കിന് ശേഷം ശത്രുക്കൾക്ക് നേരെ ആക്രമണം നടത്തി തിരിച്ചുവന്നപ്പോൾ, ‘വീഴാത്ത അഞ്ച് റഫാൽ വിമാനങ്ങൾ എവിടെ’ എന്ന് കണക്ക് ചോദിച്ചവരാണ് ഇവിടുത്തെ പ്രതിപക്ഷ നേതാവും ചില മീഡിയക്കാരും.

സർജിക്കൽ സ്ട്രൈക്ക് നടന്നപ്പോൾ അതിന് പ്രൂഫ് ചോദിക്കുന്നു! ഇതല്ല ഒരു രാജ്യസ്നേഹിയായ പ്രതിപക്ഷ നേതാവ് ചെയ്യേണ്ടത്. രാജ്യത്തിന്റെ കാര്യം വരുമ്പോൾ ഭരണപക്ഷത്തിനൊപ്പം ഉറച്ചു നിൽക്കുകയാണ് വേണ്ടത്. രാജ്യത്തിന്റെ അഭിമാനം എവിടെയെങ്കിലും കളങ്കപ്പെടുന്നുണ്ടെങ്കിൽ അത് സംരക്ഷിക്കുകയാണ് ചെയ്യേണ്ടത്. അതിനു പകരം ഭരണപക്ഷത്തെ ചളിവാരി തേച്ച് ഏതുവിധേനയും അധികാരം പിടിച്ചെടുക്കാൻ നോക്കുന്നത് നിങ്ങളുടെ മാനസിക വിഭ്രാന്തി മാത്രമാണ്.

ഇനി നിങ്ങൾക്കിരുന്ന് എന്നെ എത്ര വേണമെങ്കിലും തെറിവിളിക്കാം, എന്തുവേണമെങ്കിലും ചെയ്യാം. ചില പേരുകൾ കാണുമ്പോൾ തന്നെ മനസ്സിലാകും നിങ്ങളുടെയൊക്കെ ഫ്രസ്ട്രേഷൻ. പക്ഷേ മക്കളേ, നിങ്ങൾ ഈ വിചാരിക്കും പോലെയൊന്നുമല്ല ഈ രാജ്യം മുന്നോട്ട് പോകുന്നത്. ഇനി അത്ര പെട്ടെന്നൊന്നും ഈ രാജ്യത്തെ താഴേക്ക് കൊണ്ടുവരാൻ നിങ്ങൾക്ക് കഴിയില്ല. ഇന്ത്യ വേറെയൊരു തലത്തിലേക്ക് പോയിക്കഴിഞ്ഞു. സോറോസ് അല്ല അവന്റെ അപ്പൂപ്പൻ  വന്നാലും ശരി, ഇനി ഇന്ത്യയെ തൊടാൻ പറ്റില്ല! വിദേശ ശക്തികളുടെ കയ്യിൽ നിന്ന് പണം വാങ്ങി സ്വന്തം രാജ്യത്തിനെ ഒറ്റുകൊടുക്കുന്ന പണി അവസാനിപ്പിച്ച്, രാജ്യത്തിന്റെ കാര്യം വരുമ്പോൾ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കാൻ ദയവുചെയ്ത് പഠിക്കണം.’’

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News