News

ഞാന്‍ എന്തെടുക്കുകയാണെന്ന തരത്തില്‍ ചില വീഡിയോകള്‍ കണ്ടു; റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്തണമെന്ന് പറയാന്‍ എനിക്കാവുമോ: ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: റഷ്യന്‍ പ്രസിഡന്റിനോട് യുദ്ധം നിര്‍ത്തണമെന്ന് പറയാന്‍ തനിക്കാകുമോയെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണ. ചീഫ് ജസ്റ്റിസ് എന്തെടുക്കുകയാണ് എന്ന തരത്തിലുള്ള വീഡിയോകള്‍ തന്റെ ശ്രദ്ധയില്‍പ്പെട്ടെന്നും എന്‍.വി. രമണ പറഞ്ഞു. ഉക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയിത്തിക്കുന്നതിനുള്ള ഹര്‍ജി പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി.

കശ്മീരില്‍ നിന്നുള്ള അഭിഭാഷകനാണ് ഉക്രൈന്‍ രക്ഷാദൗത്യം സംബന്ധിച്ച ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ഉക്രൈനിലെ റൊമാനിയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും 100 കണക്കിന് വിദ്യാര്‍ത്ഥികളാണ് അവിടെ കുടുങ്ങിക്കിടക്കുന്നതെന്നും അവരെ തിരച്ചെത്തിക്കാന്‍ കോടതി ഇടപെടണമെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.

ഹര്‍ജിയില്‍ അനുഭാവപൂര്‍വം ഇടപെടാമെന്ന് പറഞ്ഞ കോടതി വിഷയത്തില്‍ കൂടുതല്‍ റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ടെന്നും കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഭാഗത്തുനിന്ന് രക്ഷാദൗത്യം മുന്നോട്ടുപോകുന്നുണ്ടെന്നും കോടതി വിലയിരുത്തി. ഗംഗ രക്ഷാ ദൗത്യത്തിന്റെ ഭാഗമായുള്ള വിമാന സര്‍വീസിലൂടെ ഇന്ന് 3726 പേര്‍ മടങ്ങിയെത്തും എന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്. ആകെ 19 വിമാനങ്ങളാണ് യുക്രൈന്റെ അയല്‍രാജ്യങ്ങളില്‍ നിന്നായി ഇന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തുന്നത്.

അതിനിടെ ഉക്രൈനിലെ രക്ഷാദൗത്യത്തെക്കുറിച്ച് വിദേശകാര്യമന്ത്രാലയം എം.പിമാര്‍ക്ക് വിശദീകരണം നല്‍കി. അതേസമയം, ഉക്രൈനില്‍ നിന്ന് ഇന്ത്യന്‍ പൗരന്മാരെ സുരക്ഷിതമായി ഒഴിപ്പിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ റഷ്യന്‍ സേന തയാറാണെന്ന് ഇന്ത്യയിലെ റഷ്യന്‍ എംബസി അറിയിച്ചു.
റഷ്യന്‍ പ്രദേശത്ത് നിന്ന് സ്വന്തം സൈനിക, ഗതാഗത വിമാനങ്ങളോ ഇന്ത്യന്‍ വിമാനങ്ങളോ ഉപയോഗിച്ച് ഇന്ത്യക്കാരെ നാട്ടിലേക്ക് അയക്കണമെന്ന നിര്‍ദേശം ഇന്ത്യയാണ് മുന്നോട്ട് വച്ചതെന്ന് എംബസി ട്വീറ്റിലൂടെ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button