KeralaNews

വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നു,സംഘപരിവാറിന്‍റെ അജണ്ട നടപ്പാക്കാൻ ശ്രമമെന്ന് സമസ്ത മുഖപത്രം

കോഴിക്കോട്: വെള്ളാപ്പള്ളിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സമസ്ത മുഖപത്രം. വെള്ളാപ്പള്ളി ആർഎസ്എസിന് വേണ്ടി ഒളിസേവ നടത്തുന്നു. സംഘപരിവാറിന്‍റെ  അജണ്ട നടപ്പാക്കാൻ ആണ് വെള്ളാപ്പള്ളിയുടെ ശ്രമം.  മൈക്രോ ഫിനാൻസ് കേസിൽ നിന്ന് വെള്ളാപ്പള്ളി ഊരി പോന്നത് എങ്ങനെയാണേന്നും സുപ്രഭാതം എഡിറ്റോറിയലില്‍ ചോദിക്കുന്നു.

പാർലമെന്‍റിലും സർക്കാർ ഉദ്യോഗങ്ങളിലും മുസ്ലിങ്ങള്‍ കൂടുതലാണെന്ന് പറയുന്ന വെള്ളാപ്പള്ളി കണക്കുകൾ പരിശോധിക്കണമെന്നും സുപ്രഭാതം മുഖ പ്രസംഗം പറയുന്നു.. ഇസ്ലാമോഫോബിയ പടർത്താനാണ് വെള്ളാപ്പള്ളിയുടെ ശ്രമമെന്നും ആക്ഷേപമുണ്ട്.

മുസ്ലിം വിരുദ്ധത പറഞ്ഞെന്ന വിമർശനങ്ങൾക്ക് മറുപടിയുമായി എസ്എൻഡിപി യോ​ഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മുസ്ലിംകളെ തള്ളി പറഞ്ഞിട്ടില്ല, ക്രിസ്ത്യാനിയെ പറ്റിയും ഒന്നും പറഞ്ഞിട്ടില്ല. ന്യൂനപക്ഷങ്ങൾക്ക് പ്രത്യേക പരിഗണന നൽകുന്നുവെന്നാണ് പറഞ്ഞത്. പിന്നാക്കക്കാരനും അധസ്ഥിതനും ഒന്നും കിട്ടുന്നില്ല,

രാജ്യസഭാംഗങ്ങളുടെ പട്ടിക ഇതിന് ഉദാഹരണമാണ്. സിപിഐഎം സീറ്റുപോലും കേരളാ കോൺഗ്രസിന് കൊടുത്തു. ‌സിപിഐ സീറ്റ് ആർക്കാണ് കൊടുത്തത്? മുസ്ലിം സമുദായത്തിൽ നിന്ന് 10 പേരെങ്കിലുമുണ്ടോ ആ പാർട്ടിയിൽ? കാര്യം പറയുമ്പോൾ മുസ്ലിം വിരോധിയാക്കുകയും ജാതി പറഞ്ഞുവെന്ന് പറയുകയും ചെയ്യരുത്. സാമൂഹിക നീതിയെ കുറിച്ചാണ് പറയുന്നതെന്നും സമചിത്തതയോടും ക്ഷമയോടെയും ചിന്തിച്ചാൽ സത്യം മനസിലാകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ജാതിചിന്ത ഉണ്ടാകുന്നത് ജാതി വിവേചനം ഉണ്ടാകുമ്പോഴാണ്. പിന്നാക്കക്കാരെ ആരും പരിഗണിക്കുന്നില്ലല്ലോ, പിന്നാക്കക്കാർ വോട്ടുകുത്തി യന്ത്രങ്ങൾ മാത്രമാണ്. പറയുമ്പോൾ ചാടി വീണ് എതിർത്തിട്ട് കാര്യമില്ല. പറയുന്നതിൽ കഴമ്പുണ്ടോ എന്ന് നോക്കണം. മുസ്ലിംകൾക്ക് പ്രത്യേക പരിഗണനയും പരിരക്ഷയും നൽകുന്നുണ്ട്. നവോത്ഥാനത്തിന്റെ ലക്ഷ്യവും എസ്എൻഡിപി യോഗത്തിന്റെ ലക്ഷ്യവും രണ്ടാണ്.

എസ്എൻഡിപി യോഗം അവകാശങ്ങൾക്ക് വേണ്ടി സമരം ചെയ്യുന്ന സമര സംഘടനയാണ്. യോഗം ജനറൽ സെക്രട്ടറി കുമാരനാശാൻ പ്രജാസഭയിൽ എത്രയോ പ്രാവശ്യം ഇത് പറഞ്ഞിട്ടുണ്ട്. ജാതി പറയുന്നത് അപമാനമല്ല അഭിമാനമാണെന്നും ഇനിയും പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇനിയും അവസരമുണ്ടാകും.എസ്എൻഡിപിയിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്. എസ്എൻഡിപിക്കാരൻ എന്ന നിലയിൽ താൻ ഒരു കാര്യത്തിനും ബിജെപിക്കാർക്ക് വേണ്ടി പ്രചരണത്തിന് പോയിട്ടില്ല. പോകാനുള്ള ഉദ്ദേശവും തൽക്കാലമില്ല. അടിസ്ഥാന വർഗത്തിൻ്റ ആളായിട്ടാണ് വളർന്നുവന്നത്. എന്നും അങ്ങനെ തന്നെയായിരിക്കും. സംഘടിത മതശക്തികൾക്ക് സമ്മർദം ചെലുത്തി അവസരങ്ങൾ വാങ്ങാനുള്ള കഴിവുണ്ട്, തങ്ങൾക്ക് അതില്ല. പാർട്ടിക്ക് കുറേക്കൂടി പ്രായോഗിക ചിന്ത വേണം. ചോര കൊടുത്തും നീര് കൊടുത്തും വളർത്തിയ പ്രസ്ഥാനമാണ്. ധാരാളം ചെറുപ്പക്കാരുണ്ട്, പക്ഷേ ഇന്നലെ വന്നവർക്ക് എല്ലാം കൊടുക്കുന്നു. അതിൽ ഇടതുപക്ഷത്ത് അതൃപ്തിയുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button