തിരുവനന്തപുരം: സപ്ലൈകോ ക്രിസ്മസ് മെട്രോ ഫെയറുകള്‍ക്ക് തുടക്കമായി. തിരുവനന്തപുരത്തും കോട്ടയത്തും ആലപ്പുഴയിലുമാണ് പ്രത്യേക ക്രിസ്മസ് ഫെയറുകള്‍ സംഘടിപ്പിച്ചിരിക്കുന്നത്. മറ്റെല്ലാ സ്ഥലങ്ങളിലും എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളും ഹൈപ്പര്‍ മാര്‍ക്കറ്റുകളും പീപ്പിള്‍സ് ബസാറുകളും ക്രിസ്മസ് ഫെയറായി പ്രവര്‍ത്തിക്കും.
മെട്രോ ഫെയറിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്റെ പൊതുവിതരണ നടപടികള്‍ക്ക് ജനമനസ്സില്‍ സ്ഥാനം നേടാന്‍ കഴിഞ്ഞെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിക്കാലത്ത് ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിവരുന്ന കിറ്റിനൊപ്പം ക്രിസ്മസ് കാലം കൂടി കണക്കിലെടുത്താണ് കൂടുതല്‍ ഇനങ്ങള്‍ നല്‍കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാകും ചന്തകളുടെ പ്രവര്‍ത്തനം. ഹോര്‍ട്ടികോര്‍പ്, എംപിഐ, പൗള്‍ട്രി ഡെവലപ്മെന്റ് കോര്‍പറേഷന്‍, വിവിധ സഹകരണ സംഘങ്ങള്‍ എന്നിവയുടെ ഉല്‍പ്പന്നങ്ങളും സഹകരണവും ചന്തകള്‍ക്കുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ നടന്ന ചടങ്ങില്‍ ഭക്ഷ്യമന്ത്രി പി തിലോത്തമന്‍ അധ്യക്ഷനായിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ആദ്യ വില്‍പ്പന നിര്‍വഹിച്ചു. സപ്ലൈകോ ക്രിസ്മസ് ഫെയറുകള്‍ 24വരെ തുടരും.
പ്രധാന ഇനങ്ങളുടെ കിലോയ്ക്കുള്ള സബ്സിഡി വില്‍പ്പന വില ചുവടെ: (ബ്രാക്കറ്റില്‍ നോണ്‍ സബ്സിഡി വില്‍പ്പനവില).
ചെറുപയര്‍ 74 (92), ഉഴുന്ന് 66 (109), കടല 43 (70), വന്‍പയര്‍ 45 (74), തുവരപ്പരിപ്പ് 65 (112), പഞ്ചസാര 22 (39.50), മുളക് 75 (164), മല്ലി 79 (92), ജയ അരി 25 (31), മാവേലി പച്ചരി 23 (25.50), മട്ട അരി 24 (29).