കാട്ടുപന്നിയെ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടുകയല്ല വേണ്ടത്‌, വെളിച്ചെണ്ണയൊഴിച്ച് കറിവെക്കണം :സണ്ണി ജോസഫ്

കൊട്ടിയൂര്‍: കാട്ടുപന്നികളെ വെളിച്ചെണ്ണയൊഴിച്ച് കറിവെക്കാന്‍ നിയമം കൊണ്ടുവരണമെന്ന് സണ്ണി ജോസഫ് എം.എല്‍.എ. കാട്ടുപന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണയൊഴിച്ച് കുഴിച്ചിടണം എന്നാണ് നിയമം. പകരം വെളിച്ചെണ്ണയൊഴിച്ച് കറിവെക്കുകയാണ് വേണ്ടത്.

യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ ഇതിന് നിയമം കൊണ്ടുവരണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. യു.ഡി.എഫിന്റെ മലയോര സമരയാത്രയുടെ ഭാഗമായി കൊട്ടിയൂരില്‍ നടന്ന പൊതുയോഗത്തിലായിരുന്നു എം.എല്‍.എയുടെ പ്രസംഗം.

‘കാട്ടുപന്നിയെ വെടിവെക്കാന്‍ ലൈസന്‍സുള്ള തോക്ക് വേണം. കൊട്ടിയൂര്‍ പഞ്ചായത്തില്‍ ആകെ ലൈസന്‍സ് ഉള്ള തോക്കുള്ളത് ഒരാള്‍ക്കാണ്. പിന്നെ എങ്ങനെ പന്നിയെ വെടിവെക്കും. ഇപ്പോള്‍ പന്നിയെ വെടിവെച്ചാല്‍ മണ്ണെണ്ണ ഒഴിച്ച് കുഴിച്ചിടണം. എന്റെ അഭിപ്രായത്തില്‍ വെളിച്ചെണ്ണ ഒഴിച്ച് കറി വെക്കണം.

ഞാനീ യോഗത്തില്‍ പരസ്യമായിട്ട് തന്നെ പറയുകയാണ്. പ്രതിപക്ഷ നേതാവിന്റെയും കെ.പി.സി.സി പ്രസിഡന്റിന്റെയും യു.ഡി.എഫ് കണ്‍വീനറുടെയും കക്ഷി നേതാക്കളുടെയും എ.ഐ.സി.സി സെക്രട്ടറിയുടെയും സാന്നിധ്യത്തില്‍ പറയുകയാണ്… യു.ഡി.എഫ് വന്നാല്‍ വെളിച്ചെണ്ണ ഒഴിച്ച് കറിവെക്കാന്‍ നിയമം വേണം’- സണ്ണി ജോസഫ് പറഞ്ഞു.

വന്യജീവി ആക്രമണവും കാര്‍ഷിക മേഖലയുടെ വിലത്തകര്‍ച്ചയും ഉള്‍പ്പടെയുള്ള വിഷയങ്ങളുയര്‍ത്തിയാണ് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ യു.ഡി.എഫ് മലയോര സമരയാത്ര സംഘടിപ്പിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News