തിരുവനന്തപുരം: കൊവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യത്ത് ലോക്ക്ഡൗൺ ദീർഘിപ്പിച്ച സാഹചര്യത്തിൽ കേരളത്തിലെ നിയന്ത്രണങ്ങളും ഇളവുകളും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
ഞായറാഴ്ച സംസ്ഥാനത്ത് പൂർണ അവധി ആയിരിക്കും. അന്നേദിവസം, കടകൾ തുറക്കാൻ പാടുള്ളതല്ല. ആളുകൾ വാഹനങ്ങളുമായി പുറത്തിറങ്ങരുതെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. അടുത്ത ഞായറാഴ്ച മുതൽ ഇത് കർശനമായി നടപ്പിൽ വരുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
പൊതുവായ ചില ഇളവുകൾ ഉണ്ടെങ്കിലും സുരക്ഷാ മാനദണ്ഡങ്ങൾ ഗ്രീൻ സോണിലും പാലിക്കണം. സ്വകര്യവാഹനങ്ങളിൽ ഡ്രൈവർക്കു പുറമേ രണ്ടുപേർ
മാത്രമായിരിക്കും അനുവദിക്കുക. ടൂ വിലറിൽ ഒരാൾ മാത്രം. അത്യവശ്യകാര്യങ്ങൾക്കു പോകുന്നതിൽ കണ്ടെയ്ൻമെന്റ് സോണിൽ ഒഴികെ ഇളവ് അനുവദിക്കും.
ആൾക്കൂട്ടം പാടില്ലെന്നും സിനിമാ തിയറ്ററുകളും ആരാധനാലയങ്ങളും തുറക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. ആൾക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികളും ഒഴിവാക്കണം. മദ്യ ഷാപ്പുകൾ തുറന്നു പ്രവർത്തിക്കില്ല. ബാർബർ ഷോപ്പുകൾ തുറക്കാൻ പാടില്ല. എന്നാൽ, ബാർബർക്ക് വീടുകളിൽ പോയി സേവനം നൽകാവുന്നതാണ്. ബ്യൂട്ടി പാർലർ, മാളുകൾ എന്നിവയും തുറക്കാൻ പാടില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കില്ല.
നിയന്ത്രണങ്ങൾ
റെഡ് സോണിലെ ജില്ലകളിലെ ഹോട്ട്സ്പോട്ട് (കണ്ടയിന്‍മെന്‍റ് സോണ്‍) പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കര്‍ശനമായി തുടരും. മറ്റു പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും.
ഹോട്ട്സ്പോട്ടുകള്‍ ഉള്ള നഗരസഭകളുടെ കാര്യത്തില്‍ അതത് വാര്‍ഡുകളാണ് അടച്ചിടുക. പഞ്ചായത്തുകളുടെ കാര്യത്തില്‍ പ്രസ്തുത വാര്‍ഡും അതിനോട് കൂടിച്ചേര്‍ന്നു കിടക്കുന്ന വാര്‍ഡുകളും അടച്ചിടും.
ഗ്രീന്‍ സോണ്‍ ജില്ലകളിലും പൊതുവിലുള്ള സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതാണ്.
കേന്ദ്ര സര്‍ക്കാര്‍ പൊതുവായി അനുവദിച്ച ഇളവുകള്‍ നടപ്പാക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് ചില കാര്യങ്ങളില്‍ പ്രത്യേക നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്യും.
*അനുവദനീയമല്ലാത്ത കാര്യങ്ങള്‍ (ഗ്രീന്‍ സോണുകളില്‍ ഉള്‍പ്പെടെ)*
1. പൊതുഗതാഗതം അനുവദിക്കില്ല. (കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ ഗ്രീന്‍സോണുകളില്‍ 50 ശതമാനം സീറ്റിങ് കപ്പാസിറ്റിയോടെ ബസുകള്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍, കേരളത്തില്‍ ഒരു സോണിലും ബസ് ഗതാഗതം ഈ ഘട്ടത്തില്‍ ഉണ്ടാകില്ല)
2. സ്വകാര്യ വാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ രണ്ടു പേരില്‍ കൂടുതല്‍ യാത്ര ചെയ്യാന്‍ പാടില്ല. (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
3. ടൂവീലറുകളില്‍ പിന്‍സീറ്റ് യാത്ര കഴിയുന്നതും ഒഴിവാക്കണം. അത്യാവശ്യ കാര്യത്തിനായി പോകുന്നവര്‍ക്ക് ഇളവ് അനുവദിക്കും (ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ).
4. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ പാടില്ല.
5. സിനിമാ തിയറ്റര്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയിലുള്ള നിയന്ത്രണം തുടരും.
6. പാര്‍ക്കുകള്‍, ജിംനേഷ്യം തുടങ്ങിയവ ഉണ്ടാകില്ല.
7. മദ്യഷാപ്പുകള്‍ ഈ ഘട്ടത്തില്‍ തുറന്ന് പ്രവര്‍ത്തിക്കില്ല.
8. മാളുകള്‍, ബാര്‍ബര്‍ ഷാപ്പുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ ഉണ്ടാവില്ല. എന്നാല്‍, ബാര്‍ബര്‍മാര്‍ക്ക് വീടുകളില്‍ പോയി സുരക്ഷാ മാനണ്ഡങ്ങള്‍ പാലിച്ച് ജോലി ചെയ്യാവുന്നതാണ്.
9. വിവാഹ/മരണാനന്തര ചടങ്ങുകളില്‍ ഇരുപതിലധികം ആളുകള്‍ പാടില്ല. (കേന്ദ്ര സര്‍ക്കാരിന്‍റെ ഉത്തരവില്‍ വിവാഹ ചടങ്ങുകള്‍ക്ക് അമ്പതില്‍ കുറയാതെ ആളുകളെ പങ്കെടുപ്പിക്കാന്‍ അനുവദിച്ചിട്ടുണ്ട്).
10. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല. പരീക്ഷാ സംബന്ധമായ ജോലികള്‍ നടത്തേണ്ടിവന്നാല്‍ അതിനു മാത്രം നിബന്ധനകള്‍ പാലിച്ച് തുറക്കാവുന്നതാണ്.
11. ഞായറാഴ്ച പൂര്‍ണ ഒഴിവുദിവസമായി കണക്കാക്കും. കടകളോ ഓഫീസുകളോ ഒന്നും തുറക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളും അന്ന് പുറത്തിറങ്ങാന്‍ പാടില്ല. ഇന്ന് പെട്ടെന്ന് പറയുന്നതുകൊണ്ട് നാളെ അത് പൂര്‍ണതോതില്‍ നടപ്പില്‍വരുത്തണം എന്ന് നിര്‍ബന്ധിക്കുന്നില്ല. എന്നാല്‍, തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ ഈ നിയന്ത്രണം പൂര്‍ണതോതില്‍ നിലവില്‍ വരും. മുഴുവന്‍ ജനങ്ങളും അതുമായി സഹകരിക്കണം.
12. അവശ്യ സര്‍വ്വീസുകളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ നിലവിലെ രീതിയില്‍ തന്നെ മെയ് 15 വരെ പ്രവര്‍ത്തിക്കാവുന്നതാണ്. ഗ്രൂപ്പ് എ, ബി ഉദ്യോഗസ്ഥരുടെ 50 ശതമാനവും സി, ഡി ഉദ്യോഗസ്ഥരുടെ 33 ശതമാനവും ഓഫീസുകളില്‍ ഹാജരാകേണ്ടതാണ്.
*അനുവദനീയമായ കാര്യങ്ങള്‍*
1) ഗ്രീന്‍ സോണുകളില്‍ കടകമ്പോളങ്ങളുടെ പ്രവര്‍ത്തന സമയം രാവിലെ 7 മുതല്‍ രാത്രി 7.30 വരെ ആയിരിക്കും. അകലം സംബന്ധിച്ച നിബന്ധനകള്‍ പാലിക്കണം. ഇത് ആഴ്ചയില്‍ ആറുദിവസം അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
2) ഗ്രീന്‍ സോണുകളിലെ സേവന മേഖലയിലെ സ്ഥാപനങ്ങള്‍ ആഴ്ചയില്‍ മൂന്നു ദിവസം പരമാവധി 50 ശതമാനം ജീവനക്കാരുടെ സേവനം ഉപയോഗിച്ച് പ്രവര്‍ത്തിക്കം. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
3) ഹോട്ട്സ്പോട്ടുകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഹോട്ടല്‍ ആന്‍റ് റസ്റ്റാറന്‍റുകള്‍ക്ക് പാഴ്സലുകള്‍ നല്‍കാനായി തുറന്നുപ്രവര്‍ത്തിക്കാം. നിലവിലുള്ള സമയക്രമം പാലിക്കണം.
4) ഷോപ്സ് ആന്‍റ് എസ്റ്റാബ്ലിഷ്മെന്‍റ് ആക്ടില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള സ്ഥാപനങ്ങള്‍ക്ക് നിലവിലെ സ്ഥിതി തുടരാവുന്നതാണ്. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്സ്റ്റയില്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരുടെ സേവനത്തോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കും. ഈ ഇളവുകള്‍ ഗ്രീന്‍/ ഓറഞ്ച് സോണുകള്‍ക്കാണ് ബാധകം.
ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ നിയന്ത്രണങ്ങള്‍ക്കു വിധേയമായി ടാക്സി, യൂബര്‍ പോലുള്ള കാമ്പ് സര്‍വീസുകള്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ പാടുള്ളു.
ഹോട്ട്സ്പോട്ടുകളില്‍ ഒഴികെ ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ അന്തര്‍ ജില്ല യാത്രയ്ക്ക് (അനുവദിക്കപ്പെട്ട കാര്യങ്ങള്‍ക്കു മാത്രം) അനുമതി നല്‍കും. കാറുകളില്‍ പരമാവധി രണ്ട് യാത്രക്കാരും ഡ്രൈവറും.
ചരക്കുവാഹനങ്ങളുടെ നീക്കത്തിന് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. പ്രത്യേക പെര്‍മിറ്റും വേണ്ടതില്ല.
അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ 7 മുതല്‍ വൈകിട്ട് 7.30 വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാവുന്നതാണ്. (ഹോട്ട്സ്പോട്ടിലൊഴികെ). എന്നാല്‍, 65 വയസ്സിനു മുകളിലുള്ളവരും പത്തുവയസ്സിനു താഴെയുള്ളവരും വീടുകളില്‍ തന്നെ കഴിയണം. വൈകിട്ട് 7.30 മുതല്‍ രാവിലെ ഏഴുവരെയുള്ള രാത്രികാല സഞ്ചാരത്തിന് നിയന്ത്രണമുണ്ടാകും.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ്സോണുകളിലും വാഹനങ്ങള്‍ ഓടാന്‍ അനുവദിക്കും. ഡ്രൈവറും രണ്ട് യാത്രക്കാരും മാത്രമേ ഉണ്ടാകാവൂ. ടൂവീലറില്‍ പിന്‍സീറ്റ് യാത്രയ്ക്ക് അനുവാദമില്ല.
കൃഷിയും വ്യവസായവുമായി ബന്ധപ്പെട്ട് നേരത്തേ അനുവദിച്ച ഇളവുകള്‍ തുടരും.
കേന്ദ്രം അനുവദിച്ച ഇവിടെ പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലാത്ത മറ്റ് ഇളവുകളും സംസ്ഥാനത്ത് ബാധകമായിരിക്കും.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നിശ്ചിത സ്ഥലങ്ങളില്‍ പ്രഭാത സവാരി അനുവദിക്കും.
ഈ പൊതുവായ സമീപനം സ്വീകരിക്കുമ്പോള്‍ തന്നെ ഒരോ പ്രദേശത്തിന്‍റെയും സവിശേഷത കണക്കിലെടുത്ത് ആവശ്യമായ മാറ്റങ്ങള്‍ സംബന്ധിച്ച് ജില്ലാ കളക്ടര്‍, ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് ശുപാര്‍ശ സമര്‍പ്പിക്കേണ്ടതാണ്. സംസ്ഥാനതലത്തില്‍ ചീഫ് സെക്രട്ടറി, ആഭ്യന്തര-ധനകാര്യവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, റവന്യൂ-തദ്ദേശ-ആരോഗ്യ-ഐടി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിമാര്‍, പൊലീസ് മേധാവി എന്നിവരടങ്ങുന്ന ഉന്നതതല സമിതി ഇത് പരിശോധിച്ച് ഉത്തരവ് പുറപ്പെടുവിക്കും.
ദേശീയ സമ്പാദ്യപദ്ധതി ഏജന്‍റുമാര്‍ക്ക് കലക്ട് ചെയ്ത പണം പോസ്റ്റ് ഓഫീസുകളില്‍ അടയ്ക്കാന്‍ ആഴ്ചയില്‍ ഒരുദിവസം അനുവാദം നല്‍കും. (ഹോട്ട്സ്പോട്ടുകളിലൊഴികെ)
കാര്‍ഷിക നാണ്യവിളകളുടെ വ്യാപാരം സ്തംഭിച്ചത് കാര്‍ഷികവൃത്തിയെയും കര്‍ഷക ജീവിതത്തെയും ബാധിക്കുന്നുണ്ട്. സംസ്ഥാനത്തെ മലഞ്ചരക്ക് വ്യാപാര സ്ഥാപനങ്ങള്‍ ആഴ്ചയില്‍ രണ്ടുദിവസം തുറക്കാന്‍ അനുമതി നല്‍കും.
വ്യവസായിക/വാണിജ്യ വൈദ്യൂതി ഉപഭോക്താക്കള്‍ക്ക് ഫിക്സഡ് ചാര്‍ജ് അടയ്ക്കുന്നതിന് 6 മാസത്തെ സാവകാശം നല്‍കാനും ലേറ്റ് പെയ്മെന്‍റ് സര്‍ചാര്‍ജ് 18 ശതമാനത്തില്‍ നിന്ന് 12 ശതമാനമായി കുറയ്ക്കാനും തീരുമാനിച്ചിരുന്നു. ഈ ഇളവുകള്‍ സ്വകാര്യ ആശുപത്രികള്‍ക്കും ബാധകമാക്കുന്നതിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനോട് ശുപാര്‍ശ ചെയ്തു. ഇനിയുള്ള ഘട്ടത്തില്‍ സമൂഹം പ്രത്യേക ശ്രദ്ധ പതിപ്പിക്കേണ്ട കാര്യങ്ങളുണ്ട്.
പ്രായമായവരുടെയും കിഡ്നി, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗബാധിതരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വേണ്ടിവരും. അതിനായി വീട്ടുകാരെ ബോധവല്‍ക്കരിക്കണം. ആരോഗ്യപ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനവും ബോധവല്‍ക്കരണവും നടത്തേണ്ടതുണ്ട്. വീടുകളില്‍ പാലിക്കേണ്ട കാര്യങ്ങളെ കുറിച്ച് പ്രത്യേകം നോട്ടീസ് നല്‍കും.
പ്രാദേശിക സമിതികള്‍
സര്‍ക്കാര്‍ പൊതുവില്‍ തീരുമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ താഴെ തട്ടില്‍ നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക പ്രധാനമാണ്. അതിനായി പ്രാദേശിക സമിതികള്‍ രൂപീകരിക്കും. അതിന്‍റെ ഭാഗമായി എല്ലാ വാര്‍ഡുകളിലും മോണിറ്ററിങ് സമിതിയും ഉണ്ടാകും.
റസിഡന്‍സ് അസോസിയേഷന്‍ ഉണ്ടെങ്കില്‍ അതിന്‍റെ പ്രതിനിധി, അല്ലെങ്കില്‍ നാട്ടുകാരുടെ രണ്ട് പ്രതിനിധികള്‍, വാര്‍ഡ് മെമ്പര്‍/ കൗണ്‍സിലര്‍, എസ്ഐ, വില്ലേജ് ഓഫീസര്‍ അല്ലെങ്കില്‍ പ്രതിനിധി, ചാര്‍ജുള്ള തദ്ദേശസമിതി ഉദ്യോഗസ്ഥന്‍, സന്നദ്ധപ്രവര്‍ത്തകരുടെ പ്രതിനിധി, അങ്കണവാടി ഉണ്ടെങ്കില്‍ അതിലെ ടീച്ചര്‍, കുടുംബശ്രീയുടെ ഒരു പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി, വാര്‍ഡിലെ ആശാ വര്‍ക്കര്‍ എന്നിവര്‍ സമിതിയിലുണ്ടാകും.
ഉത്തരവാദിത്തങ്ങള്‍
ഈ സമിതി വീടുകളുമായി ബന്ധപ്പെട്ട് പ്രായമായവരുടെയും രോഗമുള്ളവരുടെയും കാര്യത്തില്‍ പ്രത്യേക കരുതല്‍ എടുക്കണം. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും തിരിച്ചുവന്ന് ക്വാറന്‍റൈനില്‍ കഴിയുന്നവരുടെ കാര്യത്തിലും മോണിറ്ററിങ് സമിതിയുടെ ശ്രദ്ധയുണ്ടാകും. ഇങ്ങനെയുള്ള വീടുകളില്‍ സമിതിയുടെ ഒരു പ്രതിനിധി എല്ലാ ദിവസവും സന്ദര്‍ശിക്കും.
ആരോഗ്യകാര്യങ്ങള്‍ ശ്രദ്ധിക്കുന്നതിന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ഡോക്ടര്‍മാര്‍ ഉള്‍പ്പെടുന്ന സംവിധാനം ഉണ്ടാക്കും. ഡിഎംഒ ഇതിന്‍റെ വിശദാംശങ്ങള്‍ തയ്യാറാക്കും. സ്വകാര്യ ആശുപത്രികളുടെ സേവനം കൂടി പ്രയോജനപ്പെടുത്തും.
സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ക്കും ജീവനക്കാര്‍ക്കും കോവിഡ് പ്രതിരോധത്തില്‍ പരിശീലനം നല്‍കണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍റെ സഹകരണത്തോടെ ഇത് നടപ്പാക്കും.
ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍
1. ടെലി മെഡിസിന്‍: ബന്ധപ്പെടാവുന്ന ഡോക്ടര്‍മാരെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരം ഇത്തരം വീടുകളില്‍ ലഭ്യമാക്കും.
2. ഡോക്ടര്‍ക്ക് രോഗിയെ കാണണമെന്ന് തോന്നിയാല്‍ രോഗിയുടെ വീട്ടിലേക്ക് പോകാന്‍ പിഎച്ച്സികള്‍ വാഹന സൗകര്യം ഒരുക്കും.
3. ഓരോ പഞ്ചായത്തിലും ഒരു മൊബൈല്‍ ക്ലിനിക്ക് വേണ്ടിവരും. ഡോക്ടര്‍, സ്റ്റാഫ് നഴ്സ്, ഒരു പാരാമെഡിക്കല്‍ സ്റ്റാഫ് എന്നിവര്‍ ഇതില്‍ ഉണ്ടാകും.
*സമിതി രൂപീകരണം*
ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനത്തിലെ അധ്യക്ഷന്മാരുടെ നേതൃത്വത്തില്‍ ഒരു കമ്മറ്റി രൂപീകരിക്കും.
തദ്ദേശസ്ഥാപനത്തിലെ പ്രതിപക്ഷ നേതാവ്, ആരോഗ്യ സ്റ്റാന്‍റിങ് കമ്മിറ്റി അധ്യക്ഷന്‍, എംഎല്‍എ/എംഎല്‍എയുടെ പ്രതിനിധി, പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ അല്ലെങ്കില്‍ അദ്ദേഹത്തിന്‍റെ പ്രതിനിധി, വില്ലേജ് ഓഫീസര്‍, തദ്ദേശസ്ഥാപനത്തിന്‍റെ സെക്രട്ടറി, പിഎച്ച്സി മേധാവി, സഹകരണ ബാങ്ക് പ്രസിഡന്‍റ്, സാമൂഹ്യസന്നദ്ധ സേനയുടെ ഒരു പ്രതിനിധി, കുടുംബശ്രീ പ്രതിനിധി, ആശാ വര്‍ക്കര്‍മാരുടെ പ്രതിനിധി, പെന്‍ഷനേഴ്സ് യൂണിയന്‍റെ പ്രതിനിധി എന്നിവരായിരിക്കും കമ്മിറ്റി അംഗങ്ങള്‍.
*ജില്ലാ തലത്തിലെ കമ്മറ്റി*
ജില്ലാതലത്തില്‍ കളക്ടര്‍, എസ്പി, ഡിഎംഒ, ജില്ലാ പഞ്ചായത്ത് ഓഫീസര്‍ എന്നിവരടങ്ങുന്ന സമിതി യോഗം ചേര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുകയും ആവശ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യും.
ആരോഗ്യ സംബന്ധമായ പരിശോധനയുടെയും മറ്റും ഉത്തരവാദിത്വം ആരോഗ്യവകുപ്പിനായിരിക്കും.
സുരക്ഷ ഒരുക്കലും മാനദണ്ഡങ്ങള്‍ ലംഘിക്കില്ലെന്ന് ഉറപ്പുവരുത്തലും പൊലീസിന്‍റെ ചുമതലയായിരിക്കും.
അതിഥി തൊഴിലാളികള്‍ക്ക് തിരിച്ചുപോകുന്നതിന് പ്രത്യേക നോണ്‍സ്റ്റോപ്പ് ട്രെയിന്‍ അനുവദിക്കണമെന്ന് സംസ്ഥാനം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്‍റെ ആദ്യ ഉത്തരവ് വന്നപ്പോള്‍ ബസ് മാര്‍ഗം ഇവരെ കൊണ്ടുപോകാനാണ് നിര്‍ദേശിച്ചത്. ഈ ഘട്ടത്തില്‍ നാം വീണ്ടും ഇടപെട്ടു. ഇപ്പോള്‍ സ്പെഷ്യല്‍ ട്രെയിന്‍ തന്നെ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറായിട്ടുണ്ട്.
അതിഥി തൊഴിലാളികള്‍ തിരിച്ചെത്തുന്ന സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കൂടി ലഭിച്ചാലേ ഇവിടെനിന്ന് ട്രെയിന്‍ പുറപ്പെടാന്‍ പറ്റൂ എന്ന സ്ഥിതിയുണ്ട്. ചില സംസ്ഥാനങ്ങളില്‍നിന്ന് എന്‍ഒസി കിട്ടാന്‍ താമസിക്കുന്നത് പ്രയാസമുണ്ടാക്കുന്നുണ്ട്. ചീഫ് സെക്രട്ടറി മറ്റു സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരുമായി ബന്ധപ്പെട്ട് ഈ പ്രശ്നം പരിഹരിക്കണമെന്ന് തീരുമാനിച്ചിട്ടുണ്ട്.
*സഹായ ധനം*
സംസ്ഥാനത്തെ സഹകരണ ജീവനക്കാരുടെ ക്ഷേമനിധിബോര്‍ഡില്‍ അംഗങ്ങളായ ജീവനക്കാര്‍ക്ക് സഹായധനം അനുവദിച്ചിട്ടുണ്ട്. വേതനം ലഭിക്കാത്തവര്‍ക്കും ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായവര്‍ക്കും അടച്ചു തുകയുടെ 90 ശതമാനമോ 7500 രൂപയോ ഏതാണ് കുറവ് എന്ന നിരക്കില്‍ പലിശരഹിത ധനസഹായം നല്‍കും. തിരിച്ചടവ് പരമാവധി 24 മാസഗഡുക്കളായിരിക്കും. 30,000 അംഗങ്ങള്‍ക്ക് ഈ ആനുകൂല്യം പ്രയോജനകരമാകും.
പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാനുണ്ടായിരുന്ന സ്കോളര്‍ഷിപ്പ് കുടിശ്ശിക 131 കോടി രൂപ പൂര്‍ണമായും വിതരണം ചെയ്തു.
സര്‍ക്കാര്‍ നിയന്ത്രണങ്ങളും മാനദണ്ഡങ്ങളും മനസ്സിലാക്കാന്‍ ഒരു വെബ് സൈറ്റ് ഉടന്‍ ആരംഭിക്കും.