തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ വേനൽമഴ മെച്ചപ്പെടുന്നു. ഉച്ചയോടെ പത്തനംതിട്ടയിലെ വിവിധ മേഖലകളിൽ മഴ ലഭിച്ചു. ഇതിനൊപ്പം കൊച്ചിയും കോട്ടയവുമടക്കമുള്ള ജില്ലകളിലും മഴ പെയ്തു. കഴിഞ്ഞ മൂന്ന് മണിക്കൂറിൽ കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ മഴ കിട്ടിയിട്ടുണ്ട്.
ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരുകയാണെന്നാണ് വിവരം. രാത്രി കേരളത്തിലെ 9 ജില്ലകളിൽ വേനൽ ചൂടിന് ആശ്വാസമായി മഴ ലഭിക്കുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്.
കൊച്ചിയിൽ മഴ പെയ്തത് ജനങ്ങളെ ആശങ്കയിലാക്കുന്നതാണ്. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷമുള്ള ആദ്യ മഴ ആയതിനാലാണ് ആശങ്ക.
കൊച്ചിയിൽ പാലാരിവട്ടം, കളമശ്ശേരി, കാക്കനാട് തുടങ്ങിയ സ്ഥലങ്ങളിലാണ് മഴ പെയ്തത്. കൊച്ചിയിൽ ആദ്യ മഴ സൂക്ഷിക്കണമെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് മുന്നറിയിപ്പ് നൽകിയിരുന്നു.