ഷിംല: കോണ്‍ഗ്രസ് നേതാവ് സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയായേക്കും. ഹൈക്കമാന്‍ഡ് സുഖ്‌വിന്ദറിനൊപ്പമാണെന്നാണ് സൂചന. മുന്‍ മുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ് മുഖ്യമന്ത്രിപദത്തിന് അവകാശവാദം ഉന്നയിച്ച് പരസ്യമായിത്തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. അവരുടെ അനുയായികള്‍ കോണ്‍ഗ്രസിന്റെ കേന്ദ്ര നിരീക്ഷകരെ തടയുന്ന തരത്തിലേക്കുപോലും കരുനീക്കങ്ങള്‍ നീണ്ടു. എന്നാല്‍, ഹൈക്കമാന്‍ഡ് സുഖ്‌വിന്ദറിനൊപ്പം നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.
നിയമസഭാ കക്ഷിയോഗം അഞ്ചുമണിക്ക് ചേര്‍ന്ന ശേഷം ഹൈക്കമാന്‍ഡിന്റെ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, പി.സി.സി. പ്രസിഡന്റ് പ്രതിഭാ സിങിനെ അനുകൂലിക്കുന്നവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ അന്തിമ തീരുമാനം വൈകുകയാണ്. പ്രതിഭാ സിങിന്റെ അനുനായികള്‍ ഷിംലയില്‍ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി.
എന്‍.എസ്.യു.ഐയിലൂടെ ഉയര്‍ന്നുവന്ന നേതാവാണ് അഭിഭാഷകന്‍കൂടിയായ സുഖ്‌വിന്ദര്‍ സിങ് സുഖു. ഹിമാചല്‍ പ്രദേശ് യൂണിവേഴ്സിറ്റിയില്‍നിന്നാണ് അദ്ദേഹം രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. എന്‍.എസ്.യു.ഐ. സംസ്ഥാന പ്രസിഡന്റും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമായിരുന്നു. മൂന്നാം തവണയാണ് അദ്ദേഹം എംഎല്‍എയാകുന്നത്.
അതിനിടെ, കോണ്‍ഗ്രസ് എം.എല്‍.എമാരും പ്രതിഭ മുഖ്യമന്ത്രിയാകുന്നതിനെ പിന്തുണച്ചില്ല എന്നാണ് പുറത്തുവരുന്ന വിവരം. സുഖ്വിന്ദറിനും പ്രതിഭാ സിങ്ങിനും പുറമെ മുകേഷ് അഗ്‌നിഹോത്രിയും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തുനിന്ന് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം അഞ്ചാം തവണയാണ് എം.എല്‍.എയായി വിജയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിങ് തന്നെയായിരുന്നു ഹിമാചല്‍ പ്രദേശിലെ ഏറ്റവും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. കഴിഞ്ഞ വര്‍ഷമാണ് അദ്ദേഹം മരിക്കുന്നത്.
ലോകസ്ഭാ എം.പിയാണ് മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിച്ച് നേരത്തെ രംഗത്തെത്തിയ പ്രതിഭാ സിങ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ അവര്‍ മത്സരിച്ചിരുന്നില്ല. ഹൈക്കമാന്‍ഡ് പ്രതിനിധികള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് എം.എല്‍.എമാരുമായി ആശയവിനിമയം നടത്തിയിരുന്നു. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയാവും ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ആരാകുമെന്നത് സംബന്ധിച്ച അന്തിമ തീരുമാനമെടുക്കുക എന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു.