ഇടുക്കിയിലെ ദമ്പതികളുടെ ആത്മഹത്യ,പിന്നില്‍ ബ്ലേഡ് മാഫിയയെന്ന് ആരോപണം,മൂന്നു മക്കളുടെ നില ഗുരുതരമായി തുടരുന്നു

ഇടുക്കി: കഞ്ഞിക്കുഴിയില്‍ വിഷം കഴിച്ച് ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു. പുന്നയാര്‍ കാരടി ബിജു ഭാര്യ ടിന്റു എന്നിവരാണ് വിഷം കഴിച്ച് മരിച്ചത്. ഇവരുടെ ഒന്നര വയസ്സുള്ള കുഞ്ഞുള്‍പ്പടെ മൂന്ന് മക്കളെ ഗുരുതരാവസ്ഥയില്‍ ഇടുക്കി മെഡിക്കില്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യക്ക് പിന്നില്‍ ബ്ലേഡ് മാഫിയയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.

ബിജു പലരില്‍ നിന്നായി പണം പലിശക്കെടുത്തതായാണ് വിവരം. കഞ്ഞിക്കുഴിയിലെ ബ്ലേഡ് മാഫിയയില്‍ നിന്നും പണം പലിശക്ക് വാങ്ങിയിരുന്നു. പണം ആവശ്യപ്പെട്ടുക്കൊണ്ട് ഇവര്‍് ബിജുവിന്റെ ഹോട്ടലില്‍ നിരന്തരം എത്താറുള്ളതായി സുഹൃത്തുക്കള്‍ പറഞ്ഞു. ഇത് മൂലം ഉണ്ടായ മാനസിക വിഷമമാകാം ആത്മഹത്യയില്‍ കലാശിച്ചതെന്നാണ് സംശയിക്കുന്നത്.

പണത്തിനായി അമ്മയുടെ പക്കല്‍ നിന്നും 77 സെന്റ് സ്ഥലത്തിന്റെ പട്ടയം ഈട് നല്‍കി പണം പലിശക്കെടുത്തിരുന്നു. അമ്മ ഇതിന് വിസമ്മതിച്ചു. വീട്ടിലുണ്ടായിരുന്ന പട്ടയം നഷ്ടപ്പെട്ടതായി ബിജുവിന്റെ സഹോദരിയും മൊഴി നല്‍കിയിട്ടുണ്ട്. അമ്മയുടെ ഒപ്പ് ആവശ്യമായതിനാല്‍ ബാങ്കില്‍ നിന്നായിരുന്നില്ല പണം വായ്പയെടുത്തതെന്ന് ബന്ധുക്കള്‍ പറയുന്നു.

അതേസമയം മറ്റൊരാള്‍ക്ക് ചിട്ടിയില്‍ നിന്നും ലഭിച്ച പണം ബിജു വാങ്ങിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടര്‍ന്ന് അന്വേഷണം നടക്കുകയാണ്. ആരില്‍ നിന്നെല്ലാമാണ് പണം കൈപറ്റിയതെന്നും ബിജുവിനെ ആരെങ്കിലും ഭീഷണിപ്പെടുത്തിയിരുന്നുവോയെന്നതിനെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ബിജുവിന്റേയും ടിന്റുവിന്റേയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News