Kerala

ഭീഷണിയേത്തുടര്‍ന്ന് വ്യാപാരിയുടെ ആത്മഹത്യ: ബാങ്കിനു മുന്നിൽ മൃതദേഹവുമായി പ്രതിഷേധം; ഡിവൈഎഫ്ഐ മാർച്ചിൽ സംഘർഷം

കോട്ടയം:വായ്പ കുടിശ്ശികയുടെ പേരിൽ ബാങ്ക് ജീവനക്കാർ ഭീഷണിപ്പെടുത്തിയതിനെ തുടർന്നു വ്യാപാരി ആത്മഹത്യ ചെയ്ത സംഭവത്തിൽ ബാങ്കിനു മുന്നിൽ മൃതദേഹമെത്തിച്ച് പ്രതിഷേധം. കോട്ടയം കുടയംപടിയിൽ ക്യാറ്റ് വാക്ക് എന്ന പേരിൽ ചെരുപ്പ് കട നടത്തുന്ന കോട്ടയം കുടമാളൂർ അഭിരാമം വീട്ടിൽ കെ.സി. ബിനുവിന്റെ (50) മുതദേഹവുമായാണു ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിച്ചത്. കർണാടക ബാങ്കിന്റെ നാഗമ്പടത്തെ കോട്ടയം ശാഖയ്ക്ക് മുന്നിലായിരുന്നു പ്രതിഷേധം.

ബാങ്ക് ജീവനക്കാർ വളരെ മോശമായി ബിനുവിനോട് നേരിട്ടും ഫോണിലും സംസാരിച്ചിരുന്നതായി ബന്ധുക്കൾ ആരോപിക്കുന്നു. കഴിഞ്ഞമാസം വരെയുള്ള കുടിശ്ശിക അടച്ചുതീർത്തതായും ബന്ധുക്കൾ പറയുന്നു. ബാങ്ക് ജീവനക്കാർ കടയിൽ എത്തി മോശമായി പെരുമാറുകയും കടയിൽ വന്ന് ഇരിക്കാറുണ്ടെന്നും ബിനുവിന്റെ സഹോദരൻ പറയുന്നു. ബാങ്ക് മാനേജർ മോശമായി പെരുമാറിയെന്നും ബിനുവിന്റെ സഹോദരൻ ആരോപിച്ചു.

ബാങ്കിനു മുന്നിലേക്ക് ഡിവൈഎഫ്ഐ പ്രവർത്തകർ നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രവർത്തകർ തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ലാത്തിവീശി. ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം ജെയ്ക് സി.തോമസ് ഉൾപ്പെടെ നിലത്തുവീണു.

ഇത്തരത്തിലുള്ള സ്വകാര്യബാങ്കുകൾക്ക് എതിരെ പ്രക്ഷോഭങ്ങൾ നടത്തുമെന്ന് ജെയ്ക്ക് പറഞ്ഞു. വ്യാപാരി വ്യവസായി ഏകോപന സമിതി അംഗങ്ങളും സമരത്തിനായി നാഗമ്പടത്ത് എത്തി. സംഘർഷത്തെ തുടർന്നു റെയിൽവേ സ്റ്റേഷൻ റോഡിൽ ഗതാഗതം തടസപ്പെട്ടു.

കഴിഞ്ഞ ദിവസമാണ്  ബിനുവിനെ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. കർണാടക ബാങ്കിലെ  ജീവനക്കാർ നിരന്തരം കടയിലെത്തി ഭീഷണിപ്പെടുത്തിയിരുന്നതായി ബിനുവിന്റെ കുടുംബം ആരോപിച്ചിരുന്നു. ലോൺ തിരിച്ചടവിന് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് നൽകിയില്ലെന്നും, വീട്ടിൽ വന്ന് അപമാനിക്കരുതെന്ന് അഭ്യർഥിച്ചെങ്കിലും കേട്ടില്ലെന്നും ബിനുവിന്റെ ഭാര്യ പറഞ്ഞു.

ബാങ്ക് മാനേജർ പ്രദീപ് എന്നയാൾ കൂടുതൽ സമ്മർദം ചെലുത്തിയെന്ന് ബിനുവിന്റെ മകൾ നന്ദന പറഞ്ഞു. പ്രദീപ് ഫോൺ ചെയ്യുന്നതുപോലും അച്ഛന് ഭയമായിരുന്നെന്നും നന്ദന പറഞ്ഞു.മുമ്പ് എടുത്ത ലോൺ പൂർണമായും അടച്ചശേഷം രണ്ടാമത് 5 ലക്ഷം രൂപ വായ്പയെടുത്തു. ഇതിൽ രണ്ട് തവണ കുടിശിക വന്നു. ഇതിൻ്റെ പേരിൽ തന്റെ അച്ഛനെ മാനസീകമായി പീഡിപ്പിച്ചുവെന്നും നിയമനടപടികളുമായി മുന്നോട്ട് പോകുമെന്നും നന്ദന പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button