സൈനികന്റെ പുറത്ത് ‘പി.എഫ്.ഐ’ ചാപ്പകുത്തിയെന്ന പരാതി വ്യാജം; സൈനികനും സുഹൃത്തും കസ്റ്റഡിയിൽ
കൊല്ലം: കടയ്ക്കലില്‍ സൈനികനെ മര്‍ദിച്ച് പുറത്ത് ‘പി.എഫ്.ഐ’ എന്ന് ചാപ്പകുത്തിയെന്ന പരാതി അടിമുടി വ്യാജമെന്ന് കണ്ടെത്തല്‍. പ്രശസ്തനാകാന്‍ വേണ്ടി സൈനികന്‍ തന്നെയാണ് സംഭവം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. സംഭവത്തില്‍ പരാതിക്കാരനായ സൈനികന്‍ ഷൈന്‍കുമാറിനെയും സുഹൃത്ത് ജോഷിയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
സുഹൃത്തായ ജോഷിയെ ചോദ്യംചെയ്തതോടെയാണ് ഏറെദുരൂഹതകള്‍ നിറഞ്ഞ പരാതിയില്‍ വഴിത്തിരിവുണ്ടായത്. ഷൈന്‍കുമാര്‍ ടീഷര്‍ട്ട് വലിച്ചുകീറിയശേഷം തന്നെക്കൊണ്ടാണ് പുറത്ത് പി.എഫ്.ഐ. എന്ന് എഴുതിയതെന്നായിരുന്നു ഇയാളുടെ മൊഴി. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് എഴുതാന്‍ ഉപയോഗിച്ച പെയിന്റും ബ്രഷും പോലീസ് കണ്ടെടുക്കുകയുംചെയ്തു.
ഞായറാഴ്ച രാത്രി ഒരുസംഘം ബൈക്ക് തടഞ്ഞുനിര്‍ത്തി മര്‍ദിച്ചെന്നും തുടര്‍ന്ന് ടീഷര്‍ട്ട് വലിച്ചുകീറി പുറത്ത് നിരോധിതസംഘടനയായ പോപ്പുലര്‍ഫ്രണ്ടിന്റെ ചുരുക്കപ്പേരായ ‘പി.എഫ്.ഐ’ എന്ന് എഴുതിയെന്നായിരുന്നു സൈനികനായ ഷൈന്‍കുമാറിന്റെ പരാതി. തിങ്കളാഴ്ച രാജസ്ഥാനിലെ ജോലിസ്ഥലത്തേക്ക് മടങ്ങാനിരിക്കെയാണ് സംഭവമുണ്ടായതെന്നും ഇയാള്‍ പറഞ്ഞിരുന്നു.
അതേസമയം, സൈനികന്റെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പോലീസ് സംഘത്തിന് തുടക്കംമുതലേ സംശയങ്ങളുണ്ടായിരുന്നു. കഴിഞ്ഞദിവസം സംഭവസ്ഥലത്ത് പോലീസ് തെളിവെടുപ്പ് നടത്തിയെങ്കിലും യാതൊരുവിവരങ്ങളും ലഭിച്ചില്ല. വിവരമറിഞ്ഞ് പാങ്ങോടുനിന്ന് മിലിട്ടറി ഇന്റലിജന്‍സും സ്ഥലത്തെത്തി അന്വേഷണം നടത്തി.