‘അവള്‍ പോയി, ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല, ഞാനും പോകുന്നു, എന്റെ മരണത്തോടെ ബി.ജെ.പിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സന്തോഷമാകട്ടെ’; നരിയംപാറ പീഡനക്കേസിലെ പ്രതിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്‌

മുട്ടം: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ ജയിലില്‍ ആത്മഹത്യചെയ്ത യുവാവിന്റെ ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു. വ്യാഴാഴ്ച മുട്ടത്തെ ജില്ലാ ജയിലില്‍ ആത്മഹത്യ ചെയ്ത നരിയംപാറ തടത്തുകാലായില്‍ മനു മനോജി(24)ന്റെ അടിവസ്ത്രത്തിനുള്ളില്‍ നിന്നാണ് കുറിപ്പ് ലഭിച്ചത്.

”അവള്‍ പോയി. ഇനി ജീവിച്ചിരുന്നിട്ടു കാര്യമില്ല, ഞാനും പോകുന്നു. എന്റെ മരണത്തില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കോ സഹതടവുകാര്‍ക്കോ പങ്കില്ല” എന്നാണ് കത്ത്. ‘എന്റെ മരണത്തോടെ ബിജെപിക്കാര്‍ക്കും മാധ്യമങ്ങള്‍ക്കും സന്തോഷമാകട്ടെ’ എന്നും കത്തില്‍ പറയുന്നു. കൈപ്പട മനുവിന്റേതു തന്നെയാണോ എന്നു പോലീസ് പരിശോധിക്കുന്നുണ്ട്.

ഇന്നലെ കട്ടപ്പന മജിസ്ട്രേട്ടിന്റെ സാന്നിധ്യത്തില്‍ ഇടുക്കി ആര്‍ഡിഒ ഇന്‍ക്വസ്റ്റ് തയാറാക്കി. കാഞ്ചിയാര്‍ സ്വദേശിനിയായ എസ്സി വിഭാഗത്തില്‍പെട്ട പതിനേഴു വയസ്സുകാരി പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനു കഴിഞ്ഞ 24 ന് ആണ് റിമാന്‍ഡിലായത്. പീഡനത്തെത്തുടര്‍ന്ന് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ജീവനൊടുക്കാന്‍ ശ്രമിച്ച പെണ്‍കുട്ടി കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ കഴിഞ്ഞ 31ന് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News