തിരുവനന്തപുരം: വി ഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാറിന് മുന്നില്‍ വലിയ സാമ്പത്തിക ബാധ്യതകളാണ് കാ്ത്തിരിക്കുന്നത്. തെരഞ്ഞെടുപ്പു പ്രകടന പത്രികയില്‍ മുന്നോട്ടുവെച്ച വാഗ്ദാനങ്ങള്‍ പാലിക്കുക എന്നതാണ് വലിയ വെല്ലുവിളി. ഇതിന് പണം കണ്ടെത്തല്‍ വലിയ പ്രതിസന്ധിയായി നിലനില്‍ക്കുകയും ചെയ്യുന്നു. അതേസമയം സര്‍ക്കാറിന്റെ ധനസ്ഥിതി സംബന്ധിച്ച് സര്‍ക്കാര്‍ ധവളപത്രം പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് താനും. ഇതിനിടെ സല്‍ഡിഎഫ് സര്‍ക്കാര്‍ ഇറങ്ങി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ ഖജനാവില്‍ ബാക്കിയുണ്ടായിരുന്നത് 5,429 കോടി രൂപയെന്ന് വിവരാവകാശ രേഖ പുററത്തുവന്നു. ഈ മാസം ഒന്ന് വരെയുള്ള കണക്കാണിത്. ധനവകുപ്പിന്റെ വിവരാവകാശ മറുപടിയിലാണ് ഈ വിവരമുള്ളത്.
കേരളം പാപ്പരായ സംസ്ഥാനമാണെന്നും പൂര്‍ണമായി തകര്‍ന്നടിഞ്ഞ സാമ്പത്തിക നിലയാണ് സംസ്ഥാനത്തുള്ളതെന്നുമുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണിയുടെ പ്രസ്താവന വിവാദമായിരുന്നു. ആന്റണിയുടെ പരാമര്‍ശത്തിന് പിന്നാലെ തന്നെ ഖജനാവ് കാലിയല്ലെന്നും 6000 കോടി രൂപ ബാക്കിവെച്ചാണ് ഇറങ്ങിയതെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. പൂച്ച പെറ്റുകിടന്നെന്ന് ആക്ഷേപിച്ച ഖജനാവില്‍ പണമുള്ളത് കൊണ്ടാണ് ഗ്യാരണ്ടികള്‍ നടപ്പാക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതിനിടെയാണ് വിവരാവകാശ രേഖ കൂടി പുറത്തുവന്നത്.
ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ നിലവിലെ സാമ്പത്തിക സ്ഥിതിയില്‍ ധവളപത്രം ഇറക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി എം എ സലാമും ഖജനാവ് കാലിയാണെന്ന് ആരോപിച്ചിരുന്നു.
അതേസമയം പൊതുവിപണിയില്‍നിന്ന് 1800 കോടി രൂപ കൂടി കേരളം കടമെടുക്കാനാണ് യുഡിഎഫ് സര്‍ക്കാറും ഒരുങ്ങുന്നത്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള ആദ്യ കടമെടുക്കലാണിത്. റിസര്‍വ് ബാങ്കിന്റെ ഇ-കുബേര് സംവിധാനം വഴി കടപ്പത്രങ്ങളിറക്കിയാണ് കടമെടുപ്പ്. ജീവനക്കാരുടെ ശമ്പളത്തിനും പെന്‍ഷനുംപുറമേ, ഈ മാസം ക്ഷേമപെന്‍ഷനും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ ആനുകൂല്യങ്ങളും വിതരണം ചെയ്യേണ്ടതുണ്ട്. ഇതുകൂടി കണക്കിലെടുത്താണ് കടമെടുക്കുന്നത്. റിസര്‍വ് ബാങ്കുവഴി ഇറക്കുന്ന കടപ്പത്രങ്ങളുടെ ലേലം 26-ന് നടക്കും. ഡിസംബര്‍വരെ 23,000 കോടി കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചിട്ടുണ്ട്. വിഡി സതീശന്‍ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ മേയ് 12ന് കേരളം 2800 കോടി രൂപ കടമെടുത്തിരുന്നു.
അതേസമയം, ഇത്തവണയും കേരളത്തിന്റെ കടമെടുപ്പ് പരിധിയില്‍ കേന്ദ്രസര്‍ക്കാര്‍ കടുംവെട്ട് നടത്തിയിട്ടുണ്ട്. നേരത്തേ ഇതേ കാരണത്തിന് എല്‍ഡിഎഫ് സര്‍ക്കാരും കേന്ദ്രവും നിയമപ്പോരിലേക്ക് ഉള്‍പ്പെടെ കടന്നിരുന്നു. വി.ഡി. സതീശന്‍ സര്‍ക്കാരും കേന്ദ്രവുമായി ഏറ്റമുട്ടലുണ്ടാകുമോ എന്നാണ് ഇപ്പോള്‍ കേരളത്തിന്റെ ഉറ്റുനോട്ടം.
പുതിയ സര്‍ക്കാര്‍ അധികാരത്തിലേറുന്നതിന് മുമ്പ് തന്നെ മേയ് 12ന് കേരളം 2800 കോടി രൂപ കടമെടുത്തിരുന്നു. ഏഴു വര്‍ഷത്തെ തിരിച്ചടവു കാലാവധിയില്‍ 400 കോടി രൂപയും 11 വര്‍ഷ കാലാവധിയില്‍ 1000 കോടി രൂപയും 16 വര്‍ഷ കാലാവധിയില്‍ 1400 കോടി രൂപയുമാണ് അന്ന് സമാഹരിച്ചത്. ഇതോടെ നടപ്പുസാമ്പത്തിക വര്‍ഷത്തെ പൊതുകടം 4600 കോടി രൂപയായി വര്‍ധിക്കും. ഓരോ സാമ്പത്തിക വര്‍ഷവും കേന്ദ്രം സംസ്ഥാനങ്ങളുടെ കടമെടുപ്പ് പരിധി നിശ്ചയിക്കും. പരിധി നിശ്ചയിക്കുംമുന്‍പ് തല്‍ക്കാലത്തേക്ക് കടമെടുക്കാന്‍ അനുവദിക്കാറുണ്ട്. ഇത്തുറി കേരളത്തിന് ഇപ്രകാരം 4700 കോടി രൂപ എടുക്കാന്‍ അനുവദിച്ചിരുന്നു. ഇതുപ്രകാരമുള്ള കടമെടുപ്പാണ് ഇപ്പോള്‍ നടക്കുന്നത്.
നടപ്പുസാമ്പത്തിക വര്‍ഷത്തെ ആദ്യ ഒമ്പത് മാസക്കാലത്ത് (ഏപ്രില്‍-ഡിസംബര്‍) 23,000 കോടി രൂപ കടമെടുക്കാനുള്ള അനുമതിയാണ് കേന്ദ്രം നല്‍കിയിരിക്കുന്നതെന്ന് അറിയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഡിസംബര്‍ വരെ 29,529 കോടി രൂപ കടമെടുക്കാന്‍ അനുവദിച്ചിരുന്നു. ഇത്തവണ 6500 കോടി രൂപയോളം വെട്ടിക്കുറച്ചു.
നടപ്പുസാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനം (ജിഎസ്ഡിപി) 16.29 ലക്ഷം കോടി രൂപയായി വര്‍ധിക്കുമെന്നാണ് ബജറ്റ് രേഖകള്‍ പറയുന്നത്. ധന ഉത്തരവാദിത്ത നിയമം (എഫ്ആര്‍ബിഎം) അനുസരിച്ച് ഇതിന്റെ 3.5 ശതമാനം വരെ കേരളത്തിന് കടമെടുക്കാന്‍ അവകാശമുണ്ട്. അതായത് 48,872 കോടി രൂപ. എന്നാല്‍ കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും എടുത്ത വായ്പ കൂടി കേരളത്തിന്റെ പൊതുകടമായി പരിഗണിച്ചാണ് കേന്ദ്രം കടപരിധിയില്‍ കുറവ് വരുത്തിയത്.
ഇത് ജനപ്രിയ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ വി.ഡി.സതീശന്‍ സര്‍ക്കാരിന് തിരിച്ചടിയാകും. മേയ് മാസത്തെ ക്ഷേമപെന്‍ഷന്‍ വിതരണത്തിന് 1070 കോടി രൂപ സര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ അനുവദിച്ചിരുന്നു. എന്നാല്‍ പെന്‍ഷന്‍ 3000 രൂപയായി വര്‍ധിപ്പിക്കുമെന്നാണ് യുഡിഎഫ് പ്രഖ്യാപനം. ഇതു നടപ്പിലാക്കാന്‍ പ്രതിമാസം 1680 കോടി രൂപ വേണ്ടി വരുമെന്നാണ് കണക്ക്. കെഎസ്ആര്‍ടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യ യാത്ര അനുവദിച്ചാല്‍ പ്രതിമാസം 112 കോടി രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഈ തുകയും സര്‍ക്കാര്‍ അധികമായി കണ്ടെത്തേണ്ടി വരും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാന – കേന്ദ്രസര്‍ക്കാരുകള്‍ പരസ്യമായി ഏറ്റുമുട്ടിയിരുന്നു.


