തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത അഡ്വ. സി കെ ശ്രീധരന് എതിരെ വിമര്‍ശനവുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരനും രാജ്‍മോഹന്‍ ഉണ്ണിത്താനും. ഏതെങ്കിലും ശ്രീധരന്‍ വിചാരിച്ചാല്‍ ഇല്ലാതാകുന്നതല്ല സത്യം. നീതിക്കായി ഏതറ്റം വരെയും പോകും. എകെജി സെന്‍ററില്‍ വാലാട്ടി നിന്നയാള്‍ എന്നനിലയില്‍ ശ്രീധരന്‍ ഓര്‍മ്മിക്കപ്പെടുമെന്നും സുധാകരന്‍ പരിഹസിച്ചു.
ശ്രീധരന്‍റേത് വേട്ടക്കാരനും ഇരയ്ക്കുമൊപ്പം നില്‍ക്കുന്ന നയമെന്നായിരുന്നു രാജ്‍മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞത്. ഇത്തരം ശ്രീധരന്മാര്‍ അഭിഭാഷക സമൂഹത്തിന് തന്ന അപമാനമാണ്. പെരിയ കേസില്‍ ശ്രീധരന്‍ ഒറ്റുകാരനാകുമെന്ന് അറിയാമായിരുന്നു. പ്രൊഫഷണല്‍ ബ്രില്യന്‍സിന് മുകളിലാണ് നീതിദേവതയുടെ കണ്ണെന്നും രാജ്‍മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.
യൂത്ത് കോണ‍്ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുന്‍ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.
ഒന്നാം പ്രതി പീതാംബര്‍, രണ്ട് മുതല്‍ നാല് വരെയുള്ള പ്രതികളായ സജി ജോർജ്, കെ എം സുരേഷ്, കെ അനിൽ കുമാർ, പതിമൂന്നാം പ്രതി ബാലകൃഷ്ണന്‍, പതിനാലാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായ കെ മണികണ്ഠൻ, ഇരുപതാം പ്രതി മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍, 22 ഉം 23 ഉം പ്രതികളായ രാഘവന്‍ വെളുത്തോളി, കെ വി ഭാസ്ക്കരന്‍ എന്നിവര്‍ക്ക് വേണ്ടിയാണ് സി കെ ശ്രീധരന‍് വാദിക്കുക.
കൊച്ചി സിബിഐ സ്പെഷ്യല്‍ കോടതിയില്‍ ഹാജരായി ഇദ്ദേഹം വക്കാലത്ത് ഏറ്റെടുത്തു. കൊല നടന്നതിന് പിന്നാലെ പീതാംബരനെ പുറത്താക്കിയെന്ന് സി പി എം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വം മുന്‍കൈ എടുത്താണ് അഡ്വ. സി കെ ശ്രീധനെ പീതാംബരന് വേണ്ടി ഏര്‍പ്പാടാക്കിയത്. ഫെബ്രുവരി രണ്ടി സിബിഐ സ്പെഷ്യല്‍ കോടതിയില്‍ വിചാരണ ആരംഭിക്കും. 2019 ഫെബ്രുവരി 17 നാണ് കൃപേഷും ശരത് ലാലും കൊല്ലപ്പെട്ടത്. 24 പ്രതികളാണ് കേസിലുള്ളത്.