ഖാര്‍ത്തൂം:അധികാരത്തിനായി സുഡാനിൽ സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ ശനിയാഴ്ച ആരംഭിച്ച യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 185 ആയി. 1800ൽ അധികം പേർക്ക് പിരക്കേറ്റിട്ടുണ്ട്. യുഎൻ പ്രതിധിനി വോൾക്കർ പെർത്ത്‌സ് ആണ് ഈ വിവരങ്ങൾ പങ്കുവെച്ചത്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും യുദ്ധം തുടരുകയാണ്. ഇരുസേനകളുടെയും യുദ്ധടാങ്കുകളും പീരങ്കികളും അണിനിരന്നതോടെ പലതെരുവുകളിലും യുദ്ധക്കളമായി.
സാധാരണക്കാരും സൈനികരുമാണ് മരിച്ചവരിൽ ഏറെയും. ലോകരാജ്യങ്ങളുടെ ആവശ്യപ്രകാരം ഇരുസേനകളും താത്കാലികമായി വെടിനിർത്തൽ പ്രഖ്യപിച്ചെങ്കിലും തിങ്കളാഴ്ച തലസ്ഥാനമായ ഖാർത്തൂമിൽ വീണ്ടും ശക്തമായ ഏറ്റുമുട്ടലുണ്ടായി. പലയിടത്തും സ്‌ഫോടനങ്ങളും വെടിവെപ്പും റിപ്പോർട്ട് ചെയ്തു. ഖാർത്തൂമിന് പുറത്ത് പലയിടങ്ങളിലും വ്യോമാക്രമണവും ഉണ്ടായി.
ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാനുള്ള സൗകര്യമൊരുക്കണമെന്ന് ഇരുസേനകളോടും യു.എൻ. ആവശ്യപ്പെട്ടിട്ടുണ്ട്. ഇരുസേനകളുടെയും മനുഷ്യത്വമില്ലാത്ത പെരുമാറ്റം കടുത്തനിരാശയുണ്ടാക്കിയെന്ന് യു.എൻ. മനുഷ്യാവകാശസംഘടനാ തലവൻ വോൾക്കർ ടുർക്ക് പ്രതികരിച്ചു. സ്ഥിതിഗതികൾ വിലയിരുത്താനായി അദ്ദേഹം ഖാർത്തൂമിൽ എത്തിയിരുന്നു.സുഡാന്റെ സൈനികമേധാവി ജനറൽ അബ്ദേൽ ഫത്താ അൽ-ബുർഹാനും അർധസൈനികവിഭാഗമായ ആർ.എസ്.എഫിന്റെ തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡഗാളോയും തമ്മിലുള്ള അധികാരപ്പോരാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. 2021-ൽ ജനാധിപത്യസർക്കാരിനെ അട്ടിമറിച്ചുകൊണ്ട് സുഡാനിൽ അധികാരത്തിലെത്തുമ്പോൾ സൈന്യത്തിന്റെ സഖ്യകക്ഷിയായിരുന്നു ആർ.എസ്.എഫ്.
യുഎസ്, യൂറോപ്യൻ യൂണിയൻ, ആഫ്രിക്കൻ, അറബ് രാജ്യങ്ങളെല്ലാം യുദ്ധം അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്തതോടെ, യുഎൻ സുരക്ഷാ കൗൺസിൽ സുഡാനിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്യുകയായിരുന്നു. അറബ് ലീഗ്, ആഫ്രിക്കൻ യൂണിയൻ, മേഖലയിലെ നേതാക്കൾ എന്നിവരുമായി കൂടിയാലോചന നടത്തുകയാണെന്നും സ്വാധീനമുള്ള ആരോടും സമാധാനത്തിനായി സമ്മർദ്ദം ചെലുത്താൻ പ്രേരിപ്പിക്കുകയാണെന്നും യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.