പതിനഞ്ചുകാരിയെ എസ്.ഐ പീഡിപ്പിച്ചു; ഒത്താശ ചെയ്തത് പെണ്‍കുട്ടിയുടെ മാതാവും സഹോദരിയും

ചെന്നൈ: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ പെണ്‍കുട്ടിയുടെ മാതാവും സഹോദരിയും സബ് ഇന്‍സ്‌പെക്ടറും അറസ്റ്റില്‍. കാശിമേട് പോലീസ് സ്റ്റേഷനിലെ എസ്.ഐ. സതീഷ്‌കുമാറാണ് (37) പിടിയിലായത്. 15 കാരിയുടെ പീഡനത്തിന് ഒത്താശ ചെയ്തതിനാണ് പെണ്‍കുട്ടിയുടെ അമ്മയെയും അമ്മയുടെ സഹോദരിയെയും പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞവര്‍ഷം മാധാവരത്ത് ജോലിചെയ്യുന്ന സമയത്ത് ഒരു റേഷന്‍ കടയില്‍ തിരക്ക് നിയന്ത്രിക്കാന്‍ നിയോഗിച്ചപ്പോള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി ഇയാള്‍ പരിചയത്തിലാവുകയായിരുന്നു. എസ്.ഐയും യുവതിയും തമ്മിലുള്ള ബന്ധം മകള്‍ അറിഞ്ഞുവെങ്കിലും വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് സതീഷ്‌കുമാര്‍ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി.

എന്നാല്‍ പേടിച്ച പെണ്‍കുട്ടി ഈ വിവരങ്ങള്‍ ആരോടും പറഞ്ഞില്ല. പെണ്‍കുട്ടിയുടെ അമ്മയുടെ മൂത്തസഹോദരിയുമായും എസ്.ഐ. ബന്ധം സ്ഥാപിച്ചു. എന്നാല്‍ ഇതിനിടെ ഇയ്യാള്‍ പെണ്‍കുട്ടിയെയും ഉപദ്രവിക്കാന്‍ ശ്രമിച്ചു. വഴങ്ങാതിരുന്നതോടെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി. ബന്ധത്തിന് ബലമായി സമ്മതിപ്പിക്കാന്‍ കുട്ടിയുടെ അമ്മയ്ക്കും മാതൃസഹോദരിക്കും സതീഷ്‌കുമാര്‍ സാമ്പത്തിക സഹായങ്ങളും മുന്നോട്ട് വെച്ചു.

അതേസമയം ഉപദ്രവം തുടര്‍ന്നപ്പോള്‍ സഹികെട്ട് കുട്ടി വിവരമെല്ലാം പിതാവിനോട് തുറന്നുപറഞ്ഞു. പിതാവ് പോലീസില്‍ പരാതിപ്പെടാന്‍ ശ്രമിച്ചെങ്കിലും സതീഷ് കുമാര്‍ ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചു. നിസ്സഹായനായ പിതാവ് ഒരു തമിഴ് മാധ്യമത്തിലൂടെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. ഇതിന് പിന്നാലെയാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News