കന്യാകുമാരി: കുഴിത്തുറയില്‍ എസ്.ഐയുടെ വീടിനു നേരെ ആക്രമണം. വീടിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കും അക്രമികള്‍ കത്തിച്ചു. കുഴിത്തുറക്കു സമീപം ഇടയ്‌ക്കോട് ആയിരുന്നു സംഭവം. തമിഴ്‌നാട് സ്‌പെഷ്യല്‍ എസ് ഐ സലിന്‍കുമാറിന്റെ വീടിനുമുന്നില്‍ നിര്‍ത്തിയിട്ടിരുന്ന കാറും ബൈക്കുമാണ് അക്രമികള്‍ തീയിട്ട് നശിപ്പിച്ചത്. കഴിഞ്ഞദിവസം പുലര്‍ച്ചെ ആയിരുന്നു സംഭവം. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ എസ്‌ഐ വില്‍സനെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിന്റ അന്വേഷണ സംഘത്തിലെ അംഗമായിരുന്നു സെലിന്‍ കുമാര്‍.
സെലിന്‍കുമാറും ഭാര്യയും രണ്ടു മക്കളും വീട്ടില്‍ ഉള്ളപ്പോള്‍ തന്നെയാണ് ആക്രമണം ഉണ്ടായത്. വീടിനു മുന്നില്‍ തീ ആളിപ്പടരുന്നത് അയല്‍വാസികളാണ് ആദ്യം ശ്രദ്ധിച്ചത്. തുടര്‍ന്ന് കുഴിത്തുറയില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്റെ സഹായത്തോടുകൂടി തീ കെടുത്തുകയായിരുന്നു. എന്നാല്‍ ബൈക്കും കാറും പൂര്‍ണമായും കത്തി നശിച്ചു.
കന്യാകുമാരി ജില്ലാ പോലീസ് മേധാവി ഭദ്രി നാരായണന്‍, പകല് ഡിവൈഎസ്പി ഗണേശന്‍ ഫോറന്‍സിക് വിദഗ്ധര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. സംഭവത്തെക്കുറിച്ച് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു. ബൈക്കില്‍ എത്തിയ രണ്ടു യുവാക്കളാണ് അക്രമം നടത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സമീപത്തെ ചില കടകളിലെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ചു വരികയാണ്. എന്നാല്‍ ഇവരുടെ മുഖവും ബൈക്കിന്റെ നമ്പരും ദൃശ്യങ്ങളില്‍ വ്യക്തമല്ല. എസ്.ഐയുടെ വീട്ടിലെ സിസിടിവി ക്യാമറകള്‍ തകര്‍ത്തശേഷമാണ് അക്രമികള്‍ വാഹനങ്ങള്‍ക്ക് തീവെച്ചത്.