നോയിഡ (ഉത്തർപ്രദേശ്): സോഷ്യൽമീഡിയയിൽ വൈറലാകുന്നതിനായി റോഡിൽ വിദ്യാർഥികളുടെ കാർ സ്റ്റണ്ട്. ഉത്തർപ്രദേശിലെ നോയിഡയിലാണ് വിദ്യാർഥികളുടെ സാഹസിക പ്രവൃത്തി. ആളൊഴിഞ്ഞ റോഡിൽ വെള്ള ടൊയോട്ട ഫോർച്യൂണർ കാറുകൾ ഉപയോഗിച്ച് രണ്ട് കോളേജ് വിദ്യാർത്ഥികളുടെ സംഘട്ടന വീഡിയോയാണ് പുറത്തായത്. ജീവൻ അപകടത്തിലാകാൻ സാധ്യതയുള്ളതാണ് വിദ്യാർഥികളുടെ കാർ സ്റ്റണ്ടെന്ന് പൊലീസ് പറഞ്ഞു. അന്വേഷണത്തിനും ഉത്തരവിട്ടു. പഞ്ചാബി റാപ് ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ പ്രചരിക്കുന്നത്. അമിറ്റി യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് കാർ ഓടിച്ചതെന്ന് ആരോപണമുയർന്നു.
കാറുകൾ 360 ഡിഗ്രി തിരിച്ച് സ്റ്റണ്ട് ചെയ്യുന്നത് കാണാം. കാറുകളിലൊന്ന് പിന്നീട് റോഡിലെ പാർക്കിംഗ് സ്ഥലത്തും സാഹസിക പ്രവർത്തി ആവർത്തിക്കുന്നു. മറ്റൊരാൾ മൊബൈൽ ഫോണിൽ വീഡിയോ പകർത്തിയതോടെയാണ് സംഭവം പുറത്തായത്. സംഭവം നോയിഡയിലെ സെക്ടർ 126ലാണ് നടന്നതെന്നും കൂടുതൽ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണെന്നും പൊലീസ് പറഞ്ഞു.