ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫ് മരിച്ച സംഭവത്തെത്തുടര്‍ന്ന് വിദ്യാര്‍ഥികള്‍ നടത്തിവന്ന നിരാഹാര സമരം ഫലം കണ്ടു. സമരം ചെയ്തിരുന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യം അധികൃതര്‍ അംഗീകരിച്ചതോടെ വിദ്യാര്‍ത്ഥികള്‍ സമരം അവസാനിപ്പിച്ചു. എല്ലാ വകുപ്പുകളിലും പരാതി പരിഹാരസെല്‍ രൂപീകരിക്കുമെന്നും മാനസിക സമ്മര്‍ദം കുറയ്ക്കുന്നതിന് വിദഗ്ധരുടെ സേവനം ഉറപ്പാക്കുമെന്നും ഐഐടി ഡീന്‍ വിദ്യാര്‍ഥികള്‍ ഉറപ്പ് നല്‍കി.
കഴിഞ്ഞ രണ്ട് ദിവസമായി വിദ്യാര്‍ത്ഥികള്‍ നിരാഹാര സമരം അനുഷ്ടിക്കുകയായിരുന്നു. പ്രധാനമായും മൂന്ന് ആവശ്യങ്ങളാണ് വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ചത്. ഇതില്‍ രണ്ട് ആവശ്യം ഡീന്‍ അംഗീകരിച്ചതോടെ സമരം അവസാനിപ്പിക്കുകയായിരുന്നു.
ഫാത്തിമയുടെ മരണത്തില്‍ ആഭ്യന്തര അന്വേഷണം വേണമെന്ന മൂന്നാമത്തെ ആവശ്യത്തിന്റെ കാര്യത്തിലാണ് നിലവില്‍ ധാരണയാകാത്തത്. ഈ ആവശ്യത്തില്‍ ഡയറക്ടര്‍ വന്നതിന് ശേഷം മാത്രമേ മറുപടി നല്‍കാന്‍ കഴിയൂ എന്നാണ് വിദ്യാര്‍ത്ഥികള്‍ക്ക് അധികൃതരില്‍ നിന്നും ലഭിച്ച നിര്‍ദേശം.