ഇംഫാല്‍: മണിപ്പുര്‍ കലാപവുമായി ബന്ധപ്പെട്ട് ഇംഫാല്‍ താഴ്‌വരയില്‍ വീണ്ടും സംഘര്‍ഷം. കാണാതായ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ച സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ഥികളും സുരക്ഷാസേനകളും ഏറ്റുമുട്ടി. വിദ്യാര്‍ഥികളുടെ ഭാഗത്തുനിന്ന് കല്ലേറുണ്ടായതിനെത്തുടര്‍ന്ന് സുരക്ഷാസേന കണ്ണീര്‍വാതകം പ്രയോഗിച്ചു. മുഖ്യമന്ത്രിയുടെ ബംഗ്ലാവിലേക്ക് പ്രതിഷേധവുമായി എത്തിയതായിരുന്നു വിദ്യാര്‍ഥികള്‍.
വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു വിദ്യാര്‍ഥികളുടെ പ്രതിഷേധം. 24 മണിക്കൂറിനുള്ളില്‍ കുറ്റക്കാരെ അറസ്റ്റ് ചെയ്യണമെന്നും മൃതദേഹം കണ്ടെത്തി സംസ്‌കാര ചടങ്ങുകള്‍ നടത്തണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടു. സുഹൃത്തുക്കളും സഹപാഠികളും കൊല്ലപ്പെടുമ്പോള്‍ തങ്ങള്‍ക്ക് എങ്ങനെ പഠനവുമായി മുന്നോട്ടുപോകാന്‍ സാധിക്കുമെന്നും അവര്‍ ചോദിക്കുന്നു.
തങ്ങളുടെ ആശങ്ക മുഖ്യമന്ത്രിയുമായി നേരിട്ട് പങ്കുവെക്കണമെന്ന ആവശ്യം വിദ്യാര്‍ഥികള്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയുമായും ഗവര്‍ണറുമായും കൂടിക്കാഴ്ചയ്ക്ക് അവസരമുണ്ടാക്കാമെന്ന് പോലീസ് ഉറപ്പ് നല്‍കിയെങ്കിലും വിദ്യാര്‍ഥികള്‍ക്കിടിയില്‍നിന്ന് ആര്‍.എ.എഫിനെതിരെയടക്കം കല്ലേറുണ്ടാവുകയായിരുന്നു.
കഴിഞ്ഞ ദിവസവും സമാനരീതിയിലുണ്ടായ സംഘര്‍ഷത്തില്‍ 45 വിദ്യാര്‍ഥികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതേത്തുടര്‍ന്ന് ബുധനാഴ്ച ഇംഫാലില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് മറികടന്നാണ് വിദ്യാര്‍ഥികള്‍ സ്‌കൂളുകളില്‍ ഒത്തുചേര്‍ന്ന് പ്രതിഷേധവുമായി എത്തിയത്.
അതേസമയം, സായുധസേനയ്ക്ക് പ്രത്യേകാധികാരം നല്‍കുന്ന അഫ്‌സ്പ മണിപ്പുരില്‍ ആറുമാസത്തേക്കുകൂടെ നീട്ടി. ഇംഫാല്‍ താഴ്‌വരയിലെ 19 പോലീസ് സ്‌റ്റേഷനുകളും അസമുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളും ഒഴിവാക്കിയാണ് അഫ്‌സ്പ പ്രഖ്യാപിച്ചത്. മെയ്തീ വിഭാഗം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിലാണ് അഫ്‌സ്പ ഒഴിവാക്കിയത്.