തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായി കെഎസ്ആര്‍ടിസി സര്‍വ്വീസ് നടത്തുന്ന കാര്യം ആലോചനയില്‍ ഉണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നേരത്തെ ഉണ്ടായിരുന്ന ഈ സംവിധാനം പുനസ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. കുടുതല്‍ വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌ക്കൂളുകളിലായിരിക്കും സര്‍വ്വീസ്.
വിദ്യാര്‍ത്ഥികളുടെ യാത്രാ സൗകര്യം സുഗമമാക്കുന്നതിനായി സ്‌കൂള്‍ ബസുകള്‍ സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. സ്‌കൂള്‍ ബസുകളുടെ നിലവിലെ സ്ഥിതി അറിയാന്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരോട് റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നേരിട്ട് ഇടപെടും. എംഎല്‍എമാരോടും എംപിമാരോടും പഞ്ചായത്ത് മെമ്പറോടും അടക്കം സഹായം ആവശ്യപ്പെടും. ശിവന്‍കുട്ടി മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ പോലീസിനും ചുമതല നല്‍കിയിട്ടുണ്ട്. പ്രത്യേക സുരക്ഷാ പദ്ധതി തയാറാക്കാന്‍ മുഖ്യമന്ത്രി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരും സ്‌കൂളുകളിലെ പ്രഥമാധ്യാപകരുടെ യോഗം വിളിച്ചുകൂട്ടി സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യും. കുട്ടികളെ കൊണ്ടുവരുന്ന സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത ഉറപ്പുവരുത്തേണ്ടതും പോലീസാണ്.
സ്‌കൂള്‍ വാഹനങ്ങളുടെ അറ്റകുറ്റപ്പണികള്‍ ഒക്ടോബര്‍ 20ന് മുമ്പ് പൂര്‍ത്തിയാക്കണം. കുട്ടികളെ കൊണ്ടുവരുന്നത് സ്വകാര്യവാഹനങ്ങളായാലും, സ്‌കൂള്‍ വാഹനങ്ങളായാലും ഡ്രൈവര്‍ക്ക് പത്തുവര്‍ഷത്തെ പ്രവര്‍ത്തന പരിചയമുണ്ടാകണം. എല്ലാ വിദ്യാലയങ്ങളിലും ഒരു അധ്യാപകനെ സ്‌കൂള്‍ സേഫ്റ്റി ഓഫീസറായി നിയോഗിക്കും. ഇക്കാര്യങ്ങളെല്ലാം പരിശോധിക്കേണ്ടത്, സ്റ്റേഷന്‍ ഹൗസ് ഓഫീസറാണ്. നിര്‍ജ്ജീവമായ സ്‌കൂള്‍ പിടിഎകള്‍ അതിവേഗത്തില്‍ പുനഃസംഘടിപ്പിക്കാനും നിര്‍ദേശമുണ്ട്.