കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ ഉപ്പും വിനാഗിരിയും ചേര്‍ത്ത് തയ്യാറാക്കുന്ന പഴം, പച്ചക്കറി മുതലായവ കൊണ്ടുള്ള വിഭവങ്ങളുടെ വില്‍പ്പന തടഞ്ഞു. ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നതുവരെ താല്‍ക്കാലികമായി ഇത്തരം ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പന നടത്തരുതെന്ന് സെക്രട്ടറി ഉത്തരവിട്ടു.
കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെടുന്ന ബീച്ചില്‍ വെച്ച് കഴിഞ്ഞ ദിവസം ഉപ്പിലിട്ട ഭക്ഷണ സാധനങ്ങള്‍ കഴിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് പൊള്ളലേറ്റ സംഭവത്തില്‍ കോര്‍പ്പറേഷന്റെ ആരോഗ്യ വിഭാഗം വ്യാഴാഴ്ച നടത്തിയ പരിശോധനയില്‍, ഇത്തരം കടകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് ഉപയോഗിക്കപ്പെടുന്നതായി കണ്ടെത്തിയിരുന്നു.
ഗ്ലേഷ്യല്‍ അസറ്റിക് ആസിഡിന്റെ ഉപയോഗം പൊതുജനാരോഗ്യത്തിന് ഹാനികരമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലും, ഇത്തരം ഭക്ഷണ സാധനങ്ങള്‍ കഴിച്ചത് മൂലം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായതായുള്ള പൊതുജനങ്ങളുടെ തുടര്‍പരാതിയുടെയും അടിസ്ഥാനത്തിലുമാണ് കോര്‍പ്പറേഷന്റെ നടപടി.
കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്ന് വെള്ളം ആണെന്ന് കരുതി അബദ്ധത്തില്‍ രാസലായനി കുടിച്ച വിദ്യാര്‍ത്ഥിക്ക് മാരകമായി പൊള്ളലേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് കോഴിക്കോട് ബീച്ചിലെ തട്ടുകടകളില്‍ നിന്ന് പിടിച്ചെടുത്ത കന്നാസുകളിലെ ലായനി ഭക്ഷ്യയോഗ്യം അല്ലെന്നും, അത് തട്ടുകടകളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്ത ഗ്ലേഷ്യല്‍ അസറ്റിക് ആസിഡ് ആണെന്നും വിദഗ്ധ പരിശോധനയില്‍ കണ്ടെത്തിയിരുന്നു.