31.7 C
Kottayam
Saturday, May 18, 2024

വിദ്യാർഥിയുടെ മരണം: സ്‌കൂൾ ബസിന് അപകടസമയത്ത് പെർമിറ്റുണ്ടായിരുന്നില്ല,അപകടത്തിന് പിന്നാലെ പുതുക്കി

Must read

കോഴിക്കോട്: കൊടിയത്തൂരില്‍ വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട സ്‌കൂള്‍ ബസ്സിന് പെര്‍മിറ്റ് ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍. അപകടം നടന്നതിന് തൊട്ടുപിന്നാലെയാണ് ബസ്സിന്റെ പെര്‍മിറ്റ് പുതുക്കിനല്‍കിയത്. പുതുക്കാനുള്ള അപേക്ഷ വെള്ളിയാഴ്ചയാണ് ലഭിച്ചതെന്ന് മോട്ടോര്‍വാഹനവകുപ്പും വിശദീകരിച്ചു.

ഓഗസ്തില്‍ തന്നെ ബസ്സിന്റെ പെര്‍മിറ്റ് കാലാവധി പൂര്‍ത്തിയായിരുന്നുവെന്നാണ് വിവരം.സ്‌കൂള്‍ ബസ്സുകളുടെ പെര്‍മിറ്റ് കാലാവധി അവസാനിക്കുന്നതിന് മുന്‍പേ പുതുക്കാന്‍ അപേക്ഷിക്കേണ്ടതാണെങ്കിലും രണ്ട് മാസത്തോളം പെര്‍മിറ്റ് ഇല്ലാതെ ബസ് സര്‍വീസ് നടത്തി. കഴിഞ്ഞ വെള്ളിയാഴ്ച മാത്രമാണ് പെര്‍മിറ്റ് പുതുക്കാന്‍ അപേക്ഷ നല്‍കിയത്. അപകടമുണ്ടായ ദിവസം രാത്രി 7.24നാണ് പെര്‍മിറ്റ് പുതുക്കി നല്‍കിയതായി മോട്ടോര്‍വാഹനവകുപ്പിന്റെ പരിവാഹന ആപ്പില്‍ കാണുന്നത്. അതേസമയം സെര്‍വര്‍ പ്രശ്‌നമാണ് വൈകിയതിന് കാരണമെന്ന് വകുപ്പും വിശദീകരിക്കുന്നു. പെര്‍മിറ്റ് ഇല്ലാത്തതിനാല്‍ സ്‌കൂള്‍ അധികൃതരില്‍ നിന്ന് 7500 രൂപ പിഴയായി ഈടാക്കിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കൊടിയത്തൂർ പിടിഎം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ബാഹിഷ്  ആണ് ബസ് പിന്നോട്ട് എടുക്കുന്നതിനിടെ ഉണ്ടായ അപകടത്തില്‍ മരണപ്പെട്ടത്. സ്കൂള്‍ വളപ്പില്‍ തന്നെ ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം. സ്കൂളിനോട് തന്നെ ചേർന്നുള്ള പാർക്കിംഗ് മൈതാനത്താണ് അപകടമുണ്ടായത്.

അടുത്തടുത്തായി നിർത്തിയിട്ടിരുന്ന ബസുകളിലൊന്ന് പിന്നോട്ട് എടുത്തപ്പോള്‍, ചക്രങ്ങൾ കുഴിയിൽ  അകപ്പെട്ടതാണ് അപകടത്തിന് കാരണമായത്. കുഴിയില്‍ അകപ്പെട്ട ബസ് സമീപത്തുണ്ടായിരുന്ന മറ്റൊരു സ്കൂൾ ബസില്‍ ഉരസുകയും ചെയ്തു. ബസുകൾക്കിടെയില്‍ ഉണ്ടായിരുന്ന കുട്ടി ഇതിനിടയിൽപ്പെട്ടതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് ബാഹിഷിനെ ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പാഴൂർ സ്വദേശി ബാവയുടെ മകനാണ്  ബാഹിഷ്. കുട്ടിയുടെ മരണത്തിന് പിന്നാലെ സ്കൂളിനെതിരെ ഗുരുതര ആരോപണങ്ങളും ഉയര്‍ന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് സ്കൂള്‍ അധികൃതർ പൊലീസിനെയുൾപ്പെടെ അറിയിക്കാൻ ഏറെ വൈകിയെന്നാണ് പരാതി. അപകടമുണ്ടാക്കിയ കെ എൽ 57 ഇ 9592 എന്ന സ്കൂൾ ബസിന് സർവ്വീസ് നടത്താൻ പെർമിറ്റില്ലെന്നും ആരോപണമുണ്ട്. മോട്ടോർ വാഹന വകുപ്പിന്‍റെ വെബ്സൈറ്റ് പരിശോധിക്കുമ്പോൾ, ഓഗസ്റ്റ് മാസത്തോടെ പെർമിറ്റ് കാലാവധി തീർന്നതായാണ് കാണുന്നത്.

സ്കൂൾ അധികൃതരുടെ ഭാഗത്ത് നിന്ന് ഇതടക്കമുള്ള ഗുരുതര വീഴ്ചകളാണ് സംഭവിച്ചിട്ടുള്ളതെന്നാണ് ആരോപണം. എന്നാൽ പെർമിറ്റ് പുതുക്കിയതെന്നും  വെബ്സൈറ്റിൽ കാണാത്തത് സാങ്കേതിക പിഴവാകാമെന്നുമാണ് സ്കൂൾ അധികൃതർ വിശദീകരിക്കുന്നത്.  കുട്ടിക്ക് ചികിത്സ നൽകുന്ന കാര്യത്തിലുൾപ്പെടെ അലംഭാവമുണ്ടായിട്ടില്ലെന്നും സ്കൂൾ അധികൃതർ പറയുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week