കൈത്തോട്ടിൽ കുളിക്കാനിറങ്ങി, ഒഴുക്കിൽപെട്ട് പെരിയാറിലേക്ക് നീങ്ങി; 12 വയസുകാരന്‍ മരിച്ചു

കാലടി: എറണാകുളത്ത് പെരിയാറിന്റെ കൈത്തോട്ടില്‍ കുളിക്കാന്‍ ഇറങ്ങിയ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മേക്കാലടി സ്വദേശി മങ്ങാടന്‍ ഷിനാസിന്റെ മകന്‍ ദുല്‍ഖിബിന്‍ (12) ആണ് മരിച്ചത്. ഇന്നലെ വൈകീട്ട് 4.30 ഓടെ ലക്ഷം വീട് കടവിലായിരുന്നു അപകടം. ബന്ധുക്കളോടൊപ്പം കൈത്തോട്ടില്‍ കുളിക്കാനിറങ്ങിയ കുട്ടി ഒഴുക്കില്‍പ്പെട്ട് പെരിയാറിലേക്ക് നീങ്ങുകയും മുങ്ങിമരിക്കുകയുമായിരുന്നു.

ദുല്‍ഖിബിനും രണ്ട് സഹോദരങ്ങളും, പിതാവ് ഷിനാസിന്റെ സഹോദരന്റെ ഒരു കുട്ടിയും ഉള്‍പ്പെടെ നാലുപേര്‍ ഒന്നിച്ചാണ് പെരിയാറിന്റെ കൈത്തോടായ കൊറ്റമം തോട്ടില്‍ കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ നാലുപേരും ഒഴുക്കില്‍പ്പെട്ട് പെരിയാറിലേക്ക് നീങ്ങുകയായിരുന്നു. ഷിനാസിന്റെ രണ്ട് മക്കളെയും, സഹോദരന്റെ കുട്ടിയേയും മാതാവും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി.

ദുല്‍ഖിബിന്‍ ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേര്‍ന്ന് രാത്രി 7.15-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. കണ്ണൂരില്‍ ജോലി ചെയ്യുന്നതിനാല്‍, ഷിനാസ് കുടുംബ സമേതം അവിടെയായിരുന്നു താമസം. അവധിക്കാലം ആഘോഷിക്കാനായാണ് മേക്കാലടിയില്‍ എത്തിയത്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. അമ്മ: സുറുമി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News