കൂത്തുപറമ്പ്: പ്ലസ്വൺ അപേക്ഷാ വിവരം പരിശോധിക്കാൻ മൊബൈൽ നെറ്റ്വർക്ക് തേടി മരത്തിൽ കയറിയ വിദ്യാർഥിക്കു വീണു ഗുരുതര പരിക്ക്. ചിറ്റാരിപ്പറമ്പ് പഞ്ചായത്തിൽപ്പെട്ട പന്നിയോട് കോളനിയിലെ അനന്തു ബാബു (16) വിനാണ് പരിക്കേറ്റത്. അനന്തുവിനെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ ഉച്ചയ്ക്ക് 12.30നാ യിരുന്നു അപകടം. പ്രദേശത്ത് മൊബൈലിനു റേഞ്ച് ലഭ്യമല്ലാത്തതിനാൽ വനത്തിലെ മരത്തിൽ കയറി പ്ലസ്വൺ അപേക്ഷാ വിവരം പരിശോധിക്കുന്നതിനിടെ അനന്തു താഴേക്കു വീഴുകയായിരുന്നു. ഉടൻ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷ നൽകിയശേഷം കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനന്തുവിന്റെ നട്ടെല്ലിന് പൊട്ടലുണ്ട്.
കണ്ണവം മേഖലയിൽ മൊബൈൽ നെറ്റ്വർക്ക് ഇല്ലാത്തതിനാൽ വിദ്യാർഥികളുടെ ഓൺലൈൻ പഠനമുൾപ്പെടെ പ്രതിസന്ധിയിലായിരുന്നു. ഉൾവനത്തിൽ അലഞ്ഞ് നെറ്റ്വർക്ക് കണ്ടെത്തിയും വന്യജീവികളെ ഭയന്നുമാണ് പ്രദേശത്തെ വിദ്യാർഥികൾ ഓൺലൈൻ ക്ലാസിൽ പങ്കെടുക്കുന്നത്.
പല വീടുകളിലും രക്ഷിതാക്കൾ ജോലിക്കുപോലും പോകാതെ ഇവർക്കു കാവലിരിക്കേണ്ട അവസ്ഥയുമുണ്ട്.
നെറ്റ്വർക്ക് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിരവധിതവണ ജനപ്രതിനിധികൾക്കും അധികൃതർക്കും പരാതികൾ നൽകിയെങ്കിലും നടപടിയുണ്ടായില്ലെന്ന് കോളനിവാസികൾ പരാതിപ്പെട്ടു