പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയം; തട്ടിക്കൊണ്ടുപോകല്‍ ‘നുണക്കഥ’ മെനഞ്ഞ് വിദ്യാര്‍ത്ഥി, ബലിയാടായത് പാവം ചെറുപ്പക്കാരും
മലപ്പുറം: പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന ഭയത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥി തയ്യാറാക്കിയ തട്ടിക്കൊണ്ടുപോകല്‍ കഥയെ തുടര്‍ന്ന് ബലിയാടയത് പാവം രണ്ടു ചെറുപ്പക്കാര്‍. വിദ്യാര്‍ത്ഥി പറഞ്ഞത് വിശ്വസിച്ച് യുവാക്കളെ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ 40പേര്‍ക്കെതിരെ വധശ്രമത്തിന് പോലീസ് കേസെടുത്തു. മലപ്പുറം കൊണ്ടോട്ടി ഓമാനൂരിലാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പരീക്ഷയില്‍ മാര്‍ക്ക് കുറയുമെന്ന പേടിയിലാണ് വിദ്യാര്‍ത്ഥി നുണക്കഥ ചമച്ചതെന്ന് പോലീസ് കണ്ടെത്തിയിരുന്നു.
കൊണ്ടോട്ടി കുറുപ്പത്ത് സഫറുല്ല, ചീരോത്ത് റഹ്മത്തുല്ല എന്നിവര്‍ക്കാണ് നാട്ടുകാരുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ഇരുവരും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പരീക്ഷാപ്പേടിയെ തുടര്‍ന്ന് പതിനാലുകാരനായ വിദ്യാര്‍ത്ഥി കാറിലെത്തിയ ചിലര്‍ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചുവെന്ന് നുണക്കഥ പറയുകയായിരുന്നു.
തട്ടിക്കൊണ്ടുപോയവര്‍ സഫറുല്ല, റഹ്മത്തുല്ല എന്നിവരാണെന്നും കുട്ടി പറഞ്ഞിരുന്നു. ഇത് വിശ്വസിച്ച നാട്ടുകാര്‍ യുവാക്കളെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ അന്വേഷണത്തില്‍ വിദ്യാര്‍ഥി നുണപറഞ്ഞതാണെന്ന് പോലീസ് കണ്ടെത്തി. നിരപരാധികളെന്ന് തിരിച്ചറിഞ്ഞ് തടയാന്‍ വന്നവരെയും ആക്രമിച്ചെന്ന് ആക്രമണത്തിന് ഇരയായ യുവാക്കള്‍ പറഞ്ഞു.