ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയ വിദ്യാര്‍ത്ഥി പുഴയില്‍ മുങ്ങിമരിച്ചു, വിവരം പുറത്തറിഞ്ഞത് കൂടെയുളള കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍

കൊച്ചി: ഫുട്‌ബോള്‍ കളിക്കാന്‍ കൂട്ടുകാര്‍ക്കൊപ്പം പോയ കുട്ടി മുങ്ങിമരിച്ചതായി വിവരം. ഏലൂര്‍ കണപ്പിളളി കരിപ്പൂര്‍ വീട്ടില്‍ പരേതനായ സെബാസ്റ്റിയന്റെ മകന്‍ എബിന്‍ സെബാസ്റ്റിയന്‍(15) ആണ് പെരിയാറില്‍ മുങ്ങിമരിച്ചത്. കുട്ടി മടങ്ങിവരാത്തതിനാല്‍ അമ്മ നല്‍കിയ പരാതിയില്‍ സിഐ നടത്തിയ അന്വേഷണത്തിലാണ് കുട്ടി മുങ്ങിമരിച്ചതാണെന്ന് സുഹൃത്തുക്കള്‍ അറിയിച്ചത്.

വ്യാഴാഴ്ച മൂന്ന് മണിയോടെയാണ് എബിന്‍ ഫുട്‌ബോള്‍ കളിക്കാന്‍ പോയത്. സന്ധ്യയായിട്ടും കുട്ടി മടങ്ങിവരാതായതോടെ മാതാവ് ശ്രുതി കൂട്ടുകാരായ കുട്ടികളോട് അന്വേഷിച്ചു. എന്നാല്‍ ഇവരാരും അറിയില്ല എന്ന മറുപടിയാണ് നല്‍കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെട്ടു. ഇതോടെ കുട്ടികളെ ചോദ്യം ചെയ്തപ്പോള്‍ കളി കഴിഞ്ഞശേഷം പുഴയില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ആഴം കൂടിയ ഭാഗത്ത് എബിന്‍ അകപ്പെട്ടതായും ഒരു കുട്ടി എബിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല എന്നും അറിയിച്ചു. തുടര്‍ന്ന് വിവരം പുറത്ത് പറയേണ്ട എന്ന് തീരുമാനിച്ച് കുട്ടികള്‍ മടങ്ങി.

പുഴയില്‍ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലില്‍ വെളളിയാഴ്ച രാവിലെ മൃതദേഹം കണ്ടെത്തി. ഇടപ്പളളി സെന്റ് ജോര്‍ജ് സ്‌കൂള്‍ വിദ്യാര്‍ത്ഥിയാണ് എബിന്‍. ഏയ്ഞ്ചല്‍ സഹോദരിയാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News